കായംകുളം: സാമുദായിക നേതൃത്വത്തിന്റെ പിൻബലത്തിൽ കെട്ടിയടച്ച പൊതുവഴിക്ക് മുന്നിൽ നിസ്സഹായരായവർക്ക് ആശ്വാസം പകരാൻ എത്തിയ വി.എസിന്റെ ഓർമകളിൽ ഓണാട്ടുകര. കറ്റാനം കട്ടച്ചിറ വെള്ളാപ്പള്ളി നടേശൻ എൻജിനീയറിങ് കോളജിന്റെ മറവിലെ കൈയേറ്റത്തിന് എതിരെയാണ് ഉറച്ചനിലപാടുമായി വി.എസ് എത്തിയത്. എസ്.എൻ.ഡി.പിയുടെ പിൻബലമായിരുന്നു കോളജിന്റെ കരുത്ത്. ഒരു പതിറ്റാണ്ട് മുമ്പായിരുന്നു സംഭവം. വഴിക്കായി സി.പി.എമ്മും കോളജിനായി എസ്.എൻ.ഡി.പിയും ഇരുഭാഗത്തായി നിലയുറപ്പിച്ചതോടെ വിഷയം ചൂടുപിടിച്ചു. കോളജിനോട് ചേർന്ന് തെക്കുവശത്തുണ്ടായിരുന്ന പൊതുവഴിയാണ് കെട്ടിയടച്ചത്.
അന്നത്തെ യു.ഡി.എഫ് സർക്കാറിന്റെ പിടിപ്പുകേടാണ് ഇതിന് കാരണമെന്നായിരുന്നു സി.പി.എം ആക്ഷേപം. വില്ലേജ്-താലൂക്ക് ഓഫിസുകൾ ഉപരോധിച്ചും കലക്ടറേറ്റിലേക്ക് മാർച്ച് നടത്തിയും സമരം ശക്തമായി. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദൻ കട്ടച്ചിറയിലെത്തി ഐക്യദാർഢ്യം പ്രകടിപ്പിച്ചതോടെ സമരക്കാർ ആവേശത്തിലായി. എന്നാൽ, സമരം ജില്ല കമ്മിറ്റി ഏറ്റെടുത്തതോടെ വിഷയം അട്ടിമറിക്കപ്പെടുകയായിരുന്നു.
അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയനും കട്ടച്ചിറയിലെത്തി സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചിരുന്നു. പിന്നീട് പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറിയ വി.എസിന് വിഷയത്തിൽ കൂടുതൽ ഇടപെടാനായില്ല. പിന്നീട് വഴി കെട്ടിടയടക്കാൻ നിന്നവർ കോളജ് ഭരണ സമിതിയിൽനിന്ന് ഓരോരുത്തരായി ഒഴിവാക്കപ്പെട്ടു. എസ്.എൻ.ഡി.പി പിൻബലക്കാരിൽനിന്ന് കോളജ് ഗോകുലം ഗ്രൂപ്പിന്റേതായി മാറി. വഴി പിന്നീട് തുറക്കാനുമായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.