ആലപ്പുഴ നഗരത്തിലെ വൈദ്യുതി പോസ്റ്റിന് താഴെ അലക്ഷ്യമായി ചുറ്റിയിട്ടിരിക്കുന്ന കേബിളുകൾ
ആലപ്പുഴ: നഗരത്തിൽ അപകടക്കെണിയായി വഴിനീളെ കേബിൾ കുരുക്ക്. പ്രധാന ജങ്ഷനിലും പരിസരങ്ങളിലും വൈദ്യുതി പോസ്റ്റിൽ അലക്ഷ്യമായി സ്ഥാപിച്ച ഇന്റർനെറ്റ്, ടെലിഫോൺ കേബിളുകളാണ് കാൽനട-വാഹനയാത്രക്കാർക്ക് ഭീഷണിയാകുന്നത്. ഇരുചക്രവാഹന യാത്രക്കാർക്കാരാണ് കൂടുതലും അപകടത്തിൽപെടുന്നത്.
റോഡിൽ വീണുകിടക്കുന്ന കേബിൾ കാലിൽചുറ്റി വീഴുന്ന വഴിയാത്രക്കാരുമുണ്ട്. ബൈക്കിന്റെ ഹാൻഡിലിൽ കുടുങ്ങി നിയന്ത്രണം നഷ്ടപ്പെട്ട് വീണ് പരിക്കേറ്റവരും അനവധിയുണ്ട്. വൈദ്യുതി പോസ്റ്റുകളിൽ വലിക്കാൻ നൽകിയ അനുമതിയുടെ മറവിൽ ഇടറോഡുകളിൽ ട്രാൻസ്ഫോമർ പോസ്റ്റുകളിൽ ഉൾപ്പെടെയാണ് ഇവ വലിച്ചിട്ടുള്ളത്. പലതും ഉപയോഗശൂന്യമാണ്.
കനത്തമഴയിൽ താഴ്ന്നുകിടക്കുന്ന കേബിളുകളിൽ വലിയവാഹനങ്ങൾ തട്ടിയും അപകടമുണ്ടാറുണ്ട്. അപകടാവസ്ഥയിൽ നിൽക്കുന്ന ഇവ ഉയർത്തിക്കെട്ടാൻ അധികൃതർ തയാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്. പൊട്ടിവീണ കേബിളുകൾ സമീപത്തെ പോസ്റ്റിൽ കെട്ടിയിട്ട് തലയൂരുകയാണ് പതിവ്. അപകടങ്ങൾ ആവർത്തിച്ചിട്ടും ഉപയോഗശൂന്യമായവ നീക്കംചെയ്യാൻ നടപടിയില്ല. ജില്ലകോടതി, ബോട്ടുജെട്ടി, പാസ്പോർട്ട് ഓഫിസ് അടക്കമുള്ള സ്ഥലങ്ങളിൽ അലക്ഷ്യമായാണ് കേബിളുകൾ വലിച്ചിരിക്കുന്നത്.
വിദ്യാർഥികൾ ഏറെ സഞ്ചരിക്കുന്ന സ്കൂളുകൾക്ക് സമീപമുള്ള നടപ്പാതകളിൽ പോലും അപകടകരമാംവിധം വൈദ്യുതി പോസ്റ്റുകളിൽ തൂങ്ങി നിൽക്കുന്നവയുമുണ്ട്. പ്രധാനറോഡുകള തമ്മിൽ ബന്ധിപ്പിക്കുന്ന ഇടറോഡുകളിലും സ്ഥിതി സമാനമാണ്. രാത്രി ഇതുവഴി സഞ്ചരിക്കുന്ന ഇരുചക്ര വാഹനയാത്രക്കാർ ഇവയിൽ തട്ടി വീഴാറുണ്ട്.
ചിലസ്ഥലങ്ങളിൽ കേബിൾ ബോക്സ് കാൽനടയാത്രികരുടെ തലയിൽ മുട്ടുന്ന അവസ്ഥയിലാണ്. രാത്രി വെളിച്ചമില്ലാത്ത ഭാഗങ്ങളിൽ ഇത്തരം കേബിളുകൾ വലിയ അപകടത്തിന് ഇടയാക്കും. പല ബസ് സ്റ്റോപ്പുകളിലും യാത്രക്കാർക്ക് ശല്യമുണ്ടാക്കുന്ന തരത്തിലാണ് കേബിളുകൾ താഴ്ന്നുകിടക്കുന്നത്.
ആലപ്പുഴ: ബൈക്ക് യാത്രക്കിടെ കേബിൾ പൊട്ടിവീണ് കഴുത്തിൽ കുരുങ്ങി അധ്യാപകന് പരിക്ക്. കോട്ടയം പത്തനാട് സ്വദേശിയും ആലപ്പുഴ ലജ്നത്തുൽ മുഹമ്മദീയ എൽ.പി സ്കൂൾ അറബി അധ്യാപകനുമായ സജ്ജാദ് റഹ്മാനാണ് (25) പരിക്കേറ്റത്. ആലപ്പുഴ ജനറൽആശുപത്രിയിൽ ചികിത്സതേടി.
ചൊവ്വാഴ്ച രാവിലെ 8.30ന് പാസ്പോർട്ട് ഓഫിസിന് സമീപമായിരുന്നു സംഭവം. ചുങ്കംഭാഗത്തുനിന്ന് സ്കൂളിലേക്ക് ബൈക്കിൽ സഞ്ചരിക്കവെ കേബിൾ പൊട്ടിവീഴുയായിരുന്നു. ഇത് കഴുത്തിലാണ് കുരുങ്ങിയത്. നിയന്ത്രണംവിട്ട ബൈക്ക് മുന്നോട്ട് നീങ്ങുകയും ചെയ്തു. കേബിൾ പൊട്ടിയതോടെയാണ് ജീവൻ തിരിച്ചുകിട്ടിയത്. കഴുത്തിന് മുറിവേറ്റതോടെ ആശുപത്രിയിൽ ചികിത്സതേടി. കേബിൾ കഴുത്തിൽ പൂർണമായും ചുറ്റാതിരുന്നതും പിന്നാലെ വാഹനം എത്താതിരുന്നതും വലിയ അപകടം ഒഴിവാക്കി.
അതേസയമം, പാസ്പോർട്ട് ഓഫിസിന് സമീപത്തെ വൈദ്യുതിപോസ്റ്റുകളിൽ സ്ഥാപിച്ച ഇന്റർനെറ്റ്, വൈഫൈ കേബിളുകൾ സാധനങ്ങൾ കയറ്റിയെത്തുന്ന വലിയവാഹനങ്ങളിൽ തട്ടി പൊട്ടുക പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. ഇത്തരം പൊട്ടിയ കേബിളുകൾ റോഡരികിൽ തന്നെ ഇട്ടിരിക്കുകയാണ്. നേരത്തെ പൊട്ടിയ വൈഫൈ കേബിളുകൾ ഇനിയും നീക്കിയിട്ടില്ല. വിദ്യാർഥികളടക്കം നിരവധിയാളുകൾ സഞ്ചരിക്കുന്ന വഴിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.