മടവീഴ്ചയിൽ തകര്‍ന്ന ജയകുമാറിന്‍റെ വീട്

മടവീണ് ചമ്പക്കുളത്ത് രണ്ട് വീടുകള്‍ തകര്‍ന്നു

കുട്ടനാട്: മടവീണ് ചമ്പക്കുളത്തെ രണ്ട് വീടുകള്‍ തകര്‍ന്നു, ആളപായമില്ല. ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച പുലര്‍ച്ചയുമായാണ് വീട് തകര്‍ന്നത്. ഞായറാഴ്ച വെളുപ്പിനെ ആറ് മണിയോടെയാണ് ചമ്പക്കുളം പഞ്ചായത്ത് നാലാം വാര്‍ഡിലെ തെക്കേക്കര മൂലംപള്ളിക്കാട് പാടശേഖരത്തില്‍ മടവീണത്.

പാടത്തോട് ചേര്‍ന്നുള്ള നൂറുപറച്ചിറ ഓമനക്കുട്ടന്റെ വീടാണ് വെള്ളപ്പാച്ചിലില്‍ തകര്‍ന്നത്. ശനിയാഴ്ച രാത്രി ബണ്ടില്‍ ദ്വാരം വീണയുടനെ നാട്ടുകാരും വാര്‍ഡ് മെംബറും മുന്‍കൈയെടുത്ത് ഇവരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. സിമന്റ് കട്ടകൊണ്ട് കെട്ടിയ വീട്ടിലെ മുഴുവന്‍ സാധനങ്ങളും നഷ്ടപ്പെട്ടെന്ന് ഓമനക്കുട്ടന്‍ പറഞ്ഞു.

സഹോദരന്റെ വീട്ടിലാണ് ഇദ്ദേഹം താമസിക്കുന്നത്. 160 ഏക്കര്‍ വരുന്ന പാടത്ത് രണ്ടാംകൃഷിക്കായി നിലമൊരുക്കല്‍ പൂര്‍ത്തിയായപ്പോഴാണ് മടവീഴ്ച. പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ 600 ചക്കംകരി പാടത്താണ് ശനിയാഴ്ച രാത്രി ഒമ്പതരയോടെ മടവീണത്. ശക്തമായ വെള്ളപ്പാച്ചിലില്‍ സമീപത്തെ മുപ്പത്തഞ്ചില്‍ചിറ വീട്ടില്‍ ജയകുമാറിന്റെ വീടിന്റെ അടിത്തറയിളകി ഒരുഭാഗത്തേക്ക് ചരിഞ്ഞ നിലയിലാണ്.

ഭാര്യ കവിതയുമായി ജയന്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറിയിരുന്നു. ഇവരുടെ സാധന സാമഗ്രികളെല്ലാം നശിച്ചു. വീട് എതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. വളര്‍ത്തിയിരുന്ന രണ്ട് ആടുകളെ മാത്രമാണ് രക്ഷപ്പെടുന്നതിനിടെ വീട്ടില്‍നിന്ന് എടുക്കാന്‍ സാധിച്ചതെന്ന് ജയകുമാര്‍ പറഞ്ഞു.

155 ഏക്കര്‍ വരുന്ന പാടത്ത് രണ്ടാംകൃഷി ഇറക്കിയിട്ട് 45 ദിവസമേ ആയിട്ടുള്ളൂ. മടവീണതോടെ 88 കര്‍ഷകര്‍ ചേര്‍ന്നിറക്കിയ കൃഷി പൂർണമായും വെള്ളത്തിലായി. വെള്ളമിറങ്ങാന്‍ വൈകുന്നതോടെ കുട്ടനാട്ടില്‍ രണ്ടാംകൃഷി ഇറക്കിയ പല പാടശേഖരങ്ങളും മടവീഴ്ച ഭീഷണിയിലാണ്.

പുറംബണ്ട് ബലപ്പെടുത്താന്‍ കാര്യമായ പ്രവര്‍ത്തനമൊന്നും നടക്കുന്നില്ലെന്നത് കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നു. നെടുമുടി പൊങ്ങ പാടശേഖരത്തില്‍ തായിപ്പള്ളി നാല്‍പതില്‍ച്ചിറ ഭാഗത്ത് പുറംബണ്ടില്‍ ദ്വാരം രൂപപ്പെട്ടിട്ടുണ്ട്.വിതകഴിഞ്ഞ് രണ്ടാഴ്ച ആയിട്ടേയുള്ളൂ ഇവിടെ. കര്‍ഷകരുടെ പരിശ്രമത്താല്‍ വിള്ളല്‍ അടച്ചെങ്കിലും മടവീഴ്ച ഭീഷണി ഒഴിഞ്ഞിട്ടില്ല. കഴിഞ്ഞവര്‍ഷവും ഇവിടെ മടവീണിരുന്നു. കൈനകരി കൃഷിഭവന്‍ പരിധിയിലെ ആറുപങ്ക്, ചെറുകാലി കായല്‍ എന്നിവിടങ്ങളിലും മടവീഴുമെന്ന ഭീതിയിലാണ് കര്‍ഷകര്‍. 

Tags:    
News Summary - Two houses were destroyed in Champakulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.