ആലപ്പുഴ: തീരദേശപാതയിലെ മെമു ട്രെയിനുകളിൽ അധിക കോച്ചുകൾ അനുവദിക്കുമെന്ന റെയിൽവേ ബോർഡ് തീരുമാനം നടപ്പായില്ല. ഇതുവഴിയുള്ള ട്രെയിനുകളിലെ യാത്രാദുരിതം തുടരുകയാണ്. കേരളത്തിലേക്ക് 16 പുതിയ മെമു റേക്കുകൾ കൂടി അനുവദിക്കാൻ കഴിഞ്ഞ മാർച്ചിൽ റെയിൽവേ ബോർഡിൽ ധാരണയായിരുന്നു.
കുംഭമേള കഴിയുന്നതോടെ പുതിയ മെമു റേക്കുകൾ അനുവദിക്കുമെന്നാണ് അറിയിച്ചിരുന്നത്. ആലപ്പുഴ-എറണാകുളം, എറണാകുളം-ആലപ്പുഴ, ആലപ്പുഴ-കൊല്ലം, കൊല്ലം-ആലപ്പുഴ മെമുകളിൽ 12 റേക്കുകൾ മാത്രമാണുള്ളത്. പുതുതായി അനുവദിക്കുന്ന റേക്കുകളെത്തുമ്പോൾ ഇവയിൽ 16 റേക്കുകൾ ആകുമെന്നും പറഞ്ഞിരുന്നു. തീരദേശ പാതയിൽ ആലപ്പുഴ വഴിയുള്ള ട്രെയിനുകളുടെ കുറവ് യാത്രക്കാരെ ഏറെ വലക്കുകയാണ്. ദേശീയപാത 66ൽ നിർമാണം നടക്കുന്നതിനാൽ യാത്രക്കാർ കൂടുതലായും ട്രെയിനു കളെയാണ് ആശ്രയിക്കുന്നത്.
രാവിലെ 7.25ന് ആലപ്പുഴയിൽനിന്ന് എറണാകുളത്തേക്ക് പുറപ്പെടുന്ന മെമുവിൽ ഏറെകാലമായി യാത്രക്കാർ തിങ്ങിഞെരുങ്ങിയാണു പോകുന്നത്. വൈകീട്ടും ഇതേ അവസ്ഥ തന്നെ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്നതും ഏറെ തിരക്കുള്ളതുമാണ് ആലപ്പുഴ വഴിയുള്ള മെമു സർവിസ്.
തീരദേശ പാതയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകൾ ഏറെനേരവും ട്രെയിനുകൾ ഇല്ലാതെ വിജനമായി കിടക്കുകയാണ്. കൂടുതൽ ട്രെയിനുകൾ അനുവദിച്ചും സ്റ്റോപ്പുകൾ അനുവദിച്ചും യാത്രാദുരിതം ഒഴിവാക്കണമെന്നും പാത ഇരട്ടിപ്പിക്കൽ വേഗത്തൽ ആക്കണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.
ജില്ലയിലെ പ്രധാന സ്റ്റേഷനുകളായ ഹരിപ്പാട്, അമ്പലപ്പുഴ സ്റ്റേഷനുകളിൽ മിക്ക ട്രെയിനുകൾക്കും സ്റ്റോപ്പില്ലാത്തതും യാത്രക്കാരെ വലക്കുകയാണ്. അഞ്ചു മുതൽ ഏഴ് മണിക്കൂർ വരെയാണ് ഈ സ്റ്റേഷനുകളിൽ പകൽസമയം സ്റ്റോപ്പുള്ള ട്രെയിനുകൾ തമ്മിലെ ഇടവേള.
കായംകുളത്ത് നിന്ന് പകൽ 11.08നുള്ള നേത്രാവതി എക്പ്രസ് എറണാകുളം ഭാഗത്തേക്ക് പോയിക്കഴിഞ്ഞാൽ അടുത്ത ട്രെയിൻ ഏഴ് മണിക്കൂറിനുശേഷം വൈകീട്ട് 6.16ന് കായംകുളത്ത് നിന്ന് തിരിക്കുന്ന മൈസൂരു എക്സ്പ്രസിനാണ് ഹരിപ്പാടും അമ്പലപ്പുഴയിലും സ്റ്റോപ്പുള്ളത്. അതിനു മുമ്പുള്ള വന്ദേഭാരതിന് ജില്ലയിൽ ആലപ്പുഴ സ്റ്റേഷനിൽ മാത്രമാണ് സ്റ്റോപ്പുള്ളത്. അത് 5.55 ഓടെ ആലപ്പുഴയിൽ എത്തും.
ചാർജ് കൂടുതലായതിനാൽ സാധരണക്കാർക്ക് ആശ്രയിക്കാൻ കഴിയുന്നുമില്ല. ഇതിനിടയിൽ ചില ദിവസങ്ങളിൽ ചില ട്രെയിനുകൾ ഉണ്ടെങ്കിലും അവക്കും ഹരിപ്പാട്, അമ്പലപ്പുഴ സ്റ്റേഷനുകളിൽ സ്റ്റോപ്പില്ല. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ജാംനഗർ എക്സ്പ്രസ്, വ്യാഴം ഗാന്ധിധാം ഹംസഫർ എക്സ്പ്രസ്, വെള്ളി ഇൻഡോർ എക്സ്പ്രസ്, ഞായറാഴ്ച പോർബന്ധർ എക്സ്പ്രസ് ഇങ്ങനെ അഞ്ചു ദിവസങ്ങളിൽ ഉച്ചക്ക് 2.45ന് കായംകുളം, ആലപ്പുഴവഴി എറണാകുളത്തേക്ക് ട്രെയിനുകൾ ഉണ്ട്. ഇവക്കൊന്നും ഹരിപ്പാട്, അമ്പലപ്പുഴ തുടങ്ങിയ സ്റ്റേഷനുകളിൽ സ്റ്റോപ്പില്ല.
ചൊവ്വാഴ്ചകളിൽ വൈകീട്ട് 3.45നുള്ള നിസാമുദ്ദീൻ സ്വർണജയന്തി എക്സ്പ്രസ്, വ്യാഴാഴ്ചകളിൽ 4.13 നുള്ള നിസാമുദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് എന്നിവയ്ക്കും കായംകുളം കഴിഞ്ഞാൽ പിന്നീട് സ്റ്റോപ്പ് ആലപ്പു ഴയാണ്. കോവിഡിന് മുമ്പ് ഉച്ചക്ക് ഒന്നരക്ക് കായംകുളത്തുനിന്ന് ആരംഭിക്കുന്ന പാസഞ്ചർ ട്രെയിൻ ഉണ്ടായിരുന്നു. അത് ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല.
ആലപ്പുഴയിൽനിന്ന് ആരംഭിക്കുന്ന ആലപ്പുഴ ചെന്നൈ എക്സ്പ്രസ്, ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് എന്നീ ട്രെയിനുകൾക്ക് പോകണ്ട യാത്രക്കാർക്ക് എത്തിച്ചേരാനുള്ള ആശ്രയമായിരുന്നു പാസഞ്ചർ ട്രെയിൻ. ഇപ്പോൾ ഹരിപ്പാട്, അമ്പലപ്പുഴ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് റോഡുമാർഗം ആലപ്പുഴ സ്റ്റേഷനിൽ എത്തുകയേ മാർഗമുള്ളൂ.
രാത്രിയിലെ അവസ്ഥയും ദയനീയമാണ്. രാത്രി 9.13ന് കായംകുളത്ത് നിന്ന് തിരിക്കുന്ന മാവേലി എക്സ്പ്രസ് പോയതിനുശേഷം പിന്നീട് എറണാകുളത്തേക്ക് പോകണമെങ്കിൽ നേരിട്ടുള്ള ട്രെയിൻ രാവിലെ 6.30നുള്ള ഏറനാട് എക്സ്പ്രസ് ആണ്. ആലപ്പുഴ സ്റ്റേഷന്റെയും അവസ്ഥ ഇതുതന്നെയാണ്. അതായത് എട്ടുമണിക്കൂറോളം സമയം ട്രെയിനുകൾ ഇല്ല.
എന്നാൽ, ദിവസേന രാത്രി 2.30 ഓടെ ഇതുവഴി കടന്നുപോകുന്ന ചെന്നൈ -ഗുരുവായൂർ എക്സ്പ്രസ് ഉണ്ട്. ഹരിപ്പാടും അമ്പലപ്പുഴയും ഇതിന് കോവിഡിന് മുമ്പ് സ്റ്റോപ്പുകൾ ഉണ്ടായിരുന്നതാണ്. ഇത് പുനഃസ്ഥാപിക്കുകയാണെങ്കിൽ പുലർച്ചെ എറണാകുളത്തുനിന്ന് പോകുന്ന ദീർഘദൂര ട്രെയിനുകൾക്ക് എത്തേണ്ടവർക്ക് വലിയ സഹായമാകും.
നിലവിൽ രാത്രി എട്ടിന് എറണാകുളത്തുനിന്നുള്ള മെമു കഴിഞ്ഞാൽ 1.50 നുള്ള മാവേലി എക്സ്പ്രസാണുള്ളത്. ആറു മണിക്കൂറോളമാണ് ട്രെയിനുകൾ തമ്മിലെ ഇടവേള. എറണാകുളത്തുനിന്നു രാവിലെ 6.30 നുള്ള തിരുവനന്തപുരം ഇന്റർസിറ്റിക്ക് ശേഷം ദിവസേന അടുത്ത ട്രെയിൻ 12.30നുള്ള നേത്രാവതിയാണ്. ഞായർ, ചൊവ്വ, ബുധൻ, ശനി ദിവസങ്ങളിൽ രാവി ലെ 11ന് എറണാകുളത്തെത്തി അമ്പലപ്പുഴ, ഹരിപ്പാട് വഴി തിരുവനന്തപുരം പോകുന്ന ട്രെയിനുകൾ ഉണ്ട്. ഇവ ഉത്തരേന്ത്യയിൽ നിന്നും മൂന്നും നാലും ദിവസങ്ങൾ ഓടിയാണ് എറണാകുളത്ത് എത്തുന്നത്. അതിനാൽതന്നെ പലപ്പോഴും മണിക്കൂറുകൾ വൈകിയാണ് ഇവയുടെ യാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.