ആലപ്പുഴ: നഗരത്തിൽ വീണ്ടും മോഷണ പരമ്പര. പിച്ചു അയ്യർ ജങ്ഷന് സമീപമുള്ള ആറ് കടകളിൽ മോഷണവും രണ്ടിടത്ത് മോഷണ ശ്രമവും നടന്നു. വ്യാഴാഴ്ച പുലർച്ചയാണ് സംഭവം. നവാസ് ഇലക്ട്രിക്കൽസിൽ നിന്ന് സി.സി.ടി.വി, ഡി.വി.ആർ, 1000 രൂപ, ഒലിവിയ ട്രാവൽ ഏജൻസിയിൽ നിന്ന് 6800 രൂപ, ബേബി ഓട്ടോ ഇലക്ട്രിക്കൽസിൽനിന്ന് 1000 രൂപ, എലഗന്റ് ഫോട്ടോസ്റ്റാറ്റ് സ്ഥാപനത്തിൽ നിന്നും 2000രൂപ, എം.എം.ടയേഴ്സിൽ നിന്നും 6000രൂപ, വി.ജെ. ട്രേഡേഴ്സിൽനിന്ന് 2600 രൂപയും ഒരു മൊബൈൽ ഫോണും എന്നിവയാണ് കവർന്നത്. കൂടാതെ സമീപത്തെ മറ്റ് രണ്ട് കടകളിൽ മോഷണശ്രമം നടന്നു.
കടകളുടെ സീലിങ് പൊളിച്ച് നാശനഷ്ടവും വരുത്തി. വ്യാപാരികളുടെ പരാതിയിൽ നോർത്ത് പൊലീസ് അന്വേഷണമാരംഭിച്ചു. കുറച്ചുനാളുകൾക്ക് മുമ്പ് സമാനരീതിയിൽ വഴിച്ചേരി മാർക്കറ്റിൽ എട്ടുകടകളിൽ മോഷണം നടന്നിരുന്നു. അന്നും വ്യാപാരികൾ പരാതി നൽകിയെങ്കിലും പ്രതികളെ പിടികൂടിയിരുന്നില്ല. സി.സി.ടി.വി. കാമറകൾ പരിശോധിച്ചതായും പ്രതികളെ ഉടൻ പിടികൂടുമെന്നും നോർത്ത് പൊലീസ് പറഞ്ഞു.
ആലപ്പുഴ: നാടുനീളെ എ.ഐ കാമറകൾ സ്ഥാപിച്ച് ട്രാഫിക് നിയമലംഘനങ്ങൾ തടയാൻ കാണിക്കുന്ന ശുഷ്കാന്തി മോഷ്ടാക്കളുടെ സ്വൈരവിഹാരം തടയാനും കാണിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. ആലപ്പുഴ പട്ടണം മോഷ്ടാക്കളുടെ പറുദീസയായ് മാറാൻ അനുവദിക്കരുതെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.സബിൽ രാജും ജില്ല വൈസ് പ്രസിഡന്റ് കെ.എസ്.മുഹമ്മദും പറഞ്ഞു. സുനീർ ഇസ്മയിൽ, ബെന്നി നാഗപറമ്പിൽ, സുനിൽ മുഹമ്മദ്, ടോമി പുലിക്കാട്ടിൽ, ഗോപൻ രാജാസ്, പ്രമോദ് ഷാബി, മുരളീധരൻ പിള്ള, അയ്യപ്പൻ സൂര്യ, ജഗദീഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.