ആലപ്പുഴ: ബോട്ടുകളുടെ പരിശോധന മുടങ്ങിയതോടെ ഹൗസ്ബോട്ട് മേഖല പ്രതിസന്ധിയിലാണെന്ന് വിവിധ ഹൗസ്ബോട്ട് ഉടമകളുടെ സംഘടന ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. താനൂർ ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ട് ആലപ്പുഴയിലെ ചീഫ് സർവേയർ ജയിലിലായതോടെ ബോട്ടുകളുടെ സർവേയടക്കമുള്ള പരിശോധനകൾ പൂർണമായും നിർത്തിവെച്ചു. ഇതിനാൽ നൂറൂകണക്കിന് ഹൗസ്ബോട്ടുകൾക്ക് ലൈസൻസ് കിട്ടാത്ത സ്ഥിതിയാണ്.
പുതിയ ഉദ്യോഗസ്ഥനെ നിയമിച്ച് സർവേ നടപടി പൂർത്തിയാക്കി ലൈസൻസ് പുതുക്കി നൽകണം. നിലവിൽ സർവേ നടത്തിയ എല്ലാസർട്ടിഫിക്കറ്റുകളും ഉറപ്പുവരുത്തിയാൽ മാത്രമേ സർവിസ് നടത്താൻ കഴിയൂ. അധികൃതരുടെ അനാസ്ഥയിൽ മുഴുവൻബോട്ടുകളും അനധികൃതമാകും.
സർവേ സർട്ടിഫിക്കറ്റ് കിട്ടിയില്ലെങ്കിൽ അപകടമുണ്ടായാൽ നിയമനടപടി നേരിടേണ്ടിവരുന്നത് ഹൗസ്ബോട്ട് ഉടമകളാണ്. ആഭ്യന്തര ടൂറിസ്റ്റുകളടക്കം എത്തുന്ന സീസണിൽ ലൈസൻസ് പുതുക്കാതിരുന്നാൽ മേഖലയിൽ കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാകും.
വാർത്തസമ്മേളനത്തിൽ ഓൾ കേരള ഹൗസ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് വി. വിനോദ്, സെക്രട്ടറി വിജയൻ, വൈസ്പ്രസിഡന്റ് സിബി കുമാർ, കുമരകം ഹൗസ്ബോട്ട് ഓണേഴ്സ് വെൽഫെയർ സൊസൈറ്റി സെക്രട്ടറി സോജി ജെ. ആലുംപറമ്പിൽ, ടോം തോമസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.