ലൈഫ് മിഷനിലെ ഭൂരഹിത ഭവന രഹിതർക്കായി സർവേ നടത്തി അതിർത്തിക്കല്ലുകൾ സ്ഥാപിച്ച പുറമ്പോക്ക് ഭൂമി
കാടുമൂടിക്കിടക്കുന്ന നിലയിൽ
ചൂർണിക്കര: പഞ്ചായത്തിലെ ലൈഫ് ഭവനപദ്ധതിയുമായി ബന്ധപ്പെട്ട് അളന്നുതിരിച്ച പുറമ്പോക്ക് ഭൂമി കാടുകയറി. 18ാം വാർഡിൽ സ്ഥിതി ചെയ്യുന്ന ദേശായി ഹോംസിന്റെ അനുബന്ധമായുള്ള സർവേ 176/ഒന്നിലെ 42 സെന്റ് വസ്തുവാണ് അളന്നു തിട്ടപ്പെടുത്തിയത്. ഇവിടെ താലൂക്ക് സർവേയർ അതിർത്തിക്കല്ലുകൾ സ്ഥാപിച്ച് പുറമ്പോക്ക് ഭൂമിയായി പ്രഖ്യാപിക്കുകയും ലൈഫ് മിഷന് വേണ്ടിയാണെന്ന് റിപ്പോർട്ട് നൽകുകയും ചെയ്തിട്ടുണ്ട്. ജെ.സി.ബി ഉപയോഗിച്ച് കാട് വെട്ടിതെളിച്ച് ഭവന നിർമാണ പദ്ധതിക്കായുള്ള അനന്തര നടപടികളിലേക്ക് പ്രവേശിക്കണമെന്ന് ലൈഫ് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. വസ്തു വൃത്തിയാക്കി അടിയന്തര റിപ്പോർട്ട് നൽകാൻ കലക്ടർ നൽകിയ ഉത്തരവ് പാലിക്കണം. ജനുവരി 14ലെ പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ ഇതുസംബന്ധിച്ച് സെക്രട്ടറിക്ക് ചുമതല നൽകുകയും തുടർന്ന് പഞ്ചായത്ത് തഹസീൽദർക്കും വില്ലേജ് ഓഫിസർക്കും നൽകിയ കത്തുകളിൽ കാടുവെട്ടാമെന്ന് ഉറപ്പ് നൽകിയതുമാണ്. എന്നാൽ ഏപ്രിൽ 28ന് താലൂക്ക് സർവേയർ എത്തിയപ്പോൾ പഞ്ചായത്ത് അധികൃതർ അതിർത്തിക്കല്ലുകൾ പാകുന്ന സ്ഥലത്ത് മാത്രം കൂലിക്കാരെക്കൊണ്ട് കാട് വെട്ടിക്കുകയായിരുന്നു.
ഈ ഭൂഭാഗം കൂടുതൽ കാടുമൂടി സർവ്വേകല്ലുകൾ പോലും മറഞ്ഞുപോകുന്ന അവസ്ഥയിലാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നിലവിലെ ഭരണമുന്നണി പ്രകടനപത്രികയിൽ ലൈഫ് മിഷൻ ഭവനപദ്ധതി ലിസ്റ്റിൽ ഉൾപ്പെട്ട മുഴുവൻ പേർക്കും അഞ്ച് വർഷത്തിനകം വീടുകൾ ലഭ്യമാക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നതായി ആക്ഷൻ കൗൺസിൽ ഭാരവാഹികൾ ചൂണ്ടിക്കാട്ടി. ഭൂരഹിത-ഭവന രഹിതരായി 2017 മുതൽ ലിസ്റ്റിലുള്ള 600ൽപരം പേർക്ക് പുനരധിവാസം ഒരുക്കുന്നതിന് പുറമ്പോക്ക്-മിച്ചഭൂമികൾ കണ്ടെത്തണമെന്നും മുൻഭരണ സമിതി തീരുമാനിച്ച പ്രകാരമുള്ള ഒരുകോടി 10 ലക്ഷം രൂപയും പുതിയ ഭരണസമിതി ഈ വർഷത്തെ ബജറ്റിൽ വകയിരുത്തിയ മൂന്ന് കോടിയും വിനിയോഗിച്ച് അധികമായി ഭൂമി ലഭ്യമാക്കി എല്ലാവർക്കും പാർപ്പിടം ഒരുക്കുന്നതിന് പഞ്ചായത്ത് ഭരണസമിതി മുന്നിട്ടിറങ്ങണമെന്നും ആക്ഷൻ കൗൺസിൽ കൺവീനർ പി. നാരായണൻകുട്ടി, ആം ആദ്മി പാർട്ടി ആലുവ മണ്ഡലം പ്രസിഡന്റ് നജീബ് ഹൈദ്രോസ്, ജില്ല കമ്മിറ്റി അംഗം ബിനു ആന്റണി എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.