കൊച്ചി: ആലപ്പുഴ പാലമേൽ പഞ്ചായത്തിൽ മറ്റപ്പള്ളി മലയിൽ മണ്ണെടുക്കുന്നത് ഹൈകോടതി വിലക്കി. പാലമേൽ ഗ്രാമപഞ്ചായത്തംഗം അജയ്ഘോഷ്, പഞ്ചായത്ത് പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് തുടങ്ങിയവർ ഉൾപ്പെടെ ഭരണ, പ്രതിപക്ഷ ഭേദമെന്യേ നൽകിയ അപ്പീലിൽ ജില്ല കലക്ടറുടെ റിപ്പോർട്ട് കണക്കിലെടുത്താണ് ചീഫ് ജസ്റ്റിസ് ആശിഷ് ജെ. ദേശായി, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
വിഷയത്തിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സമിതി രൂപവത്കരിച്ച് റിപ്പോർട്ട് നൽകാനും കോടതി നിർദേശിച്ചു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിതന്നെയാണ് സമിതിയിലെ അംഗങ്ങളെ തെരഞ്ഞെടുക്കേണ്ടത്. റിപ്പോർട്ട് തയാറാക്കുമ്പോൾ ആവശ്യമെങ്കിൽ സ്ഥലവും സന്ദർശിക്കണം. ജനുവരി നാലിന് ഹരജി വീണ്ടും പരിഗണിക്കുമ്പോൾ റിപ്പോർട്ടിന്റെ പകർപ്പ് നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.
മണ്ണെടുപ്പിനെതിരായ ഹരജി നേരത്തെ ഹൈകോടതി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. മറ്റൊരു കേസിൽ മണ്ണെടുപ്പിന് പൊലീസ് സംരക്ഷണം അനുവദിക്കുകയും ചെയ്തു. സിംഗിൾ ബെഞ്ചിന്റെ ഈ രണ്ട് ഉത്തരവുകളാണ് ഹരജിക്കാർ അപ്പീലിൽ ചോദ്യം ചെയ്തത്. പാരിസ്ഥികാനുമതിയോ പഠനമോ ഇല്ലാതെയാണ് മലയിൽനിന്ന് മണ്ണെടുക്കുന്നതെന്ന് അപ്പീലിൽ ആരോപിക്കുന്നു. മണ്ണെടുപ്പിനെതിരെ പഞ്ചായത്ത് സമിതി ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. മണ്ണെടുപ്പിന് അംഗീകാരം നൽകിയ ജില്ല ജിയോളജിസ്റ്റിന്റെ നടപടി നിയമവിരുദ്ധമാണെന്നും ഹരജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രഞ്ജിത് തമ്പാൻ വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.