എൻ.ഡി.എ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ അരൂർ മണ്ഡലത്തിൽ പര്യടനത്തിനിടെ പ്രവർത്തകനെ ഷാൾ അണിയിക്കുന്നു
ആലപ്പുഴ: ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ പ്രവർത്തനങ്ങൾ ഊർജിതമാക്കി മുന്നണികൾ. പ്രചാരണ വിഷയങ്ങളില്‍ വരുത്തേണ്ട പുതുമകള്‍, നവമാധ്യമങ്ങള്‍ വഴിയുള്ള കാമ്പയിന്‍, കൂടുതല്‍ വോട്ടര്‍മാരെ നേരില്‍ കണ്ടുള്ള വോട്ടുതേടല്‍ തുടങ്ങിയവ ഓരോന്നിനും പാർട്ടികൾ ചുമതലക്കാരെ ഏർപ്പെടുത്തി.
എൽ.ഡി.എഫിന്‍റെ ഭവന സന്ദർശനത്തിനുള്ള സ്ക്വാഡുകൾ വീടുകൾ കയറിയിറങ്ങി തുടങ്ങി. യു.ഡി.എഫ് സ്ക്വാഡുകൾ കൂടി ഭവന സന്ദർശനം തുടങ്ങുന്നതോടെ വോട്ടർമാരുടെ മനസിലിരിപ്പ് സംബന്ധിച്ച സൂചനകൾ ഇരുമുന്നണികൾക്കും ലഭിച്ചുതുടങ്ങും. വോട്ടർമാരെ പഠിച്ച് അവരുടെ ചായ്വ് മനസിലാക്കുന്നവരെ സ്ക്വാഡുകളിൽ ഉൾപ്പെടുത്താൻ പാർട്ടികൾ ശ്രമിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രം വച്ച പ്രകടന പത്രികയുമായാണ് എൽ.ഡി.എഫ് പ്രവർത്തകർ വീടുകൾ കയറുന്നത്.
തെരഞ്ഞെടുപ്പ് ചെലവുകള്‍ അധികരിക്കാതെ നോക്കാന്‍ എല്ലാ സ്‌ഥാനാര്‍ഥികളും പ്രത്യേകം ചുമതലക്കാരെ നിയോഗിച്ചിട്ടുണ്ട്. പത്രിക സമർപ്പിക്കുന്ന ദിവസം മുതലുള്ള ചെലവുകളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കണക്കിലെടുക്കുക. പത്രിക സമർപ്പണം കഴിയുന്നതോടെ തെരഞ്ഞെടുപ്പ് ചെലവുകളുടെ നീരീക്ഷകർ രംഗത്തെത്തും.
ചെലവുകൾ കണക്കാക്കുന്നതിനായി ചുവരെഴുത്തുകൾ, പോസ്റ്ററുകൾ, യോഗങ്ങൾ, പ്രചാരണത്തിനായി ഓടുന്ന വാഹനങ്ങൾ തുടങ്ങിയവയുടെ എല്ലാം കണക്കെടുപ്പ് നിരീക്ഷകർ നടത്തും. ദേശീയ നേതാക്കളടക്കം വരും ആഴ്‌ചകളില്‍ ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളില്‍ പ്രചാരണത്തിനെത്തും. ഇവരുടെ പൊതുയോഗങ്ങള്‍ നടത്തേണ്ട സ്‌ഥലങ്ങള്‍ സംബന്ധിച്ചും ആലോചനകള്‍ ആരംഭിച്ചിട്ടുണ്ട്. എൻ.ഡി.എ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ അരൂർ മണ്ഡലത്തിൽ ഞായറാഴ്ച പര്യടനം നടത്തി.
ആലപ്പുഴ: യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.സി. വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട ബൂത്ത് തല ഭവന സന്ദര്‍ശനങ്ങള്‍ക്ക് തുടക്കമായി. മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലുമുള്ള വീടുകളില്‍ ആദ്യഘട്ടത്തില്‍ മാര്‍ച്ച് 20നകം പ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തും.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ രണ്ടാം ഘട്ട ഭാഗമായുള്ള യു.ഡി.എഫ് മണ്ഡലം കണ്‍വെന്‍ഷനുകള്‍ക്കും തുടക്കമായി. കരുവാറ്റ നോര്‍ത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ കൺവെന്‍ഷന്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി. ബാബുപ്രസാദ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍ ജി. പത്മനാഭക്കുറുപ്പ് അധ്യക്ഷത വഹിച്ചു. ഇൻഡ്യമുന്നണിയുടെ പ്രചാരണാർഥം കെ.സി വേണുഗോപാൽ മുംബൈയിലാണ്.
ആലപ്പുഴ: എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം. ആരിഫ് ഞായറാഴ്ച ഹരിപ്പാട് നിയോജക മണ്ഡലത്തിൽ പര്യടനം നടത്തി. സെന്റ് തോമസ് ഓർത്തഡോക്സ് (കാർത്തികപ്പള്ളി) പള്ളിയിൽ നിന്നുമാണ് പര്യടനം തുടങ്ങിയത്. തുടർന്ന് മാർത്തോമ സിറിയൻ ചർച്ചും സന്ദർശിച്ചു.
തൃക്കുന്നപ്പുഴയിൽ മരണ വീട് സന്ദർശിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു. ഹരിപ്പാട് മണ്ഡലത്തിൽ തന്നെയുള്ള മറ്റ് മൂന്ന് മരണവീടുകൾ സന്ദർശിച്ചു.
ഹരിപ്പാട്ടും കായംകുളത്തുമായി മൂന്ന് വിവാഹ ചടങ്ങുകളിലും പങ്കെടുത്തു.രണ്ട് കുടുംബ യോഗങ്ങളിലും പങ്കെടുത്തു. തിങ്കളാഴ്ച പര്യടനം പൂർണമായും കായംകുളം മണ്ഡലം കേന്ദ്രീകരിച്ചാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.