ആറാട്ടുപുഴ ബസ് സ്റ്റാൻഡ് ഭാഗത്ത് നിർമിച്ച പുലിമുട്ട്
ആറാട്ടുപുഴ: തീരത്ത് ടെട്രാപോഡ് ഉപയോഗിച്ചുള്ള പുലിമുട്ട് നിർമാണത്തിന്റെ ഒന്നാംഘട്ടം പൂർത്തിയാകുമ്പോൾ ആശ്വാസത്തിന്റെ നെടുവീർപ്പിൽ തീരവാസികൾ. കാലങ്ങളായി അനുഭവിച്ച കടലാക്രമണ ദുരിതങ്ങൾക്ക് അറുതിയാകുമെന്ന പ്രതീക്ഷയിലാണ് ആറാട്ടുപുഴയും തൃക്കുന്നപ്പുഴയും. പഞ്ചായത്തിലെ നിത്യ ദുരിത മേഖലയായിരുന്നു, ആറാട്ടുപുഴ ബസ് സ്റ്റാൻഡ് മുതൽ കള്ളിക്കാട് എ.കെ.ജി നഗർ വരെയുള്ള പ്രദേശം.
ഓരോ കാലവർഷവും ഇവർക്ക് ഭീതിയും സങ്കടവുമാണ് സമ്മാനിച്ചത്. വലിയഴീക്കൽ-തൃക്കുന്നപ്പുഴ റോഡ്, കടലിനോട് ഏറ്റവും അടുത്തുകൂടി കടന്നുപോകുന്ന ഈ പ്രദേശത്ത് കടലാക്രമണമുണ്ടായാൽ റോഡിലും സമീപത്തെ വീടുകളുടെ ചുമരിലും തിരമാലകൾ പതിച്ചുകൊണ്ടിരുന്നു. അതുകൊണ്ട് തന്നെ റോഡ് തകരുകയും ഗതാഗതം താറുമാറായി പ്രദേശം ഒറ്റപ്പെടുകയും ചെയ്യുമായിരുന്നു. നിരവധി വീടുകളും കച്ചവട സ്ഥാപനങ്ങളുമാണ് തകർന്നടിഞ്ഞത്.എന്നാൽ, ഇന്ന് ഈ പ്രദേശവാസികൾ പറഞ്ഞറിയിക്കാനാകാത്ത സന്തോഷത്തിലാണ്.
ആറാട്ടുപുഴ ബസ് സ്റ്റാൻഡ് ഭാഗം കേന്ദ്രീകരിച്ച് കിഫ്ബി വഴി 22.29 കോടി രൂപ ചെലവിൽ 1.4 കിലോ മീറ്റർ നീളത്തിൽ ടെട്രാപോഡ് ഉപയോഗിച്ചുള്ള 21 പുലിമുട്ടുകളുടെ നിർമാണമാണ് (കള്ളിക്കാട് എ.കെ.ജി നഗർ മുതൽ വടക്ക് എ.സി പള്ളിക്ക് പടിഞ്ഞാറ് വരെ) പൂർത്തിയായത്. കൂടാതെ, തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പതിയാങ്കരയില്‍ 1.5 കിലോ മീറ്റര്‍ വിസ്തൃതിക്കുള്ളില് 13 പുലിമുട്ടിന്റെയും (17.33 കോടി) ആറാട്ടുപുഴ വട്ടച്ചാലില്‍ 1.8 കിലോമീറ്റര്‍ നീളത്തില്‍ 16 പുലിമുട്ടിന്റെയും (25 കോടി) നിര്‍മാണം പുരോഗമിക്കുന്നു. എന്നാൽ, കടലാക്രമണത്തിന്റെ പുതിയ ദുരിതങ്ങൾ പേറുന്ന നിരവധി സ്ഥലങ്ങൾ ഇനിയും ഈ പഞ്ചായത്തുകളിൽ ഉണ്ട്. ഇവിടുത്തെ തീരസംരക്ഷണത്തിന് പഠനങ്ങൾ പൂർത്തിയായതായും പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും അധികാരികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.