അറസ്റ്റിലായ ആഷിഖ്, ഷാനു
ചാരുംമൂട്: കടം വാങ്ങിയ പണം തിരികെ തരാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ.പാലമേൽ ആദിക്കാട്ടുകുളങ്ങര പ്ലാവിള തെക്കേതിൽ വീട്ടിൽ റഫീഖിനെ (39) കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പാലമേൽ ആദിക്കാട്ടുകുളങ്ങര കണ്ടിരേത്ത് നൈനാർ മൻസിലിൽ ആഷിഖ് (48), പാലമേൽ ആദിക്കാട്ടുകുളങ്ങര ചാന്നാരയ്യത്ത് വീട്ടിൽ ഷാനു (34) എന്നിവരാണ് പിടിയിലായത്. ആഷിക്കിൽനിന്ന് 20,000 രൂപ റഫീഖ് കടം വാങ്ങിയിരുന്നു. ഈ പണം തിരിച്ചുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് ആഷിഖ് റഫീഖിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു.
ആഗസ്റ്റ് 27ന് രാത്രി 8.30ഓടെ രണ്ടാം പ്രതിയായ ഷാനു ആഷിക്കിന്റെ നിർദേശപ്രകാരം റഫീഖിനെ വിളിച്ചുവരുത്തി ഇരുവരും ചേർന്ന് മർദിക്കുകയും കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് നെഞ്ചിൽ കുത്തുകയും ചെയ്തു. അതിഗുരുതരാവസ്ഥയിലായ റഫീഖിനെ ബന്ധുക്കൾ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കൂടുതൽ ചികിത്സക്ക് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
നൂറനാട് പൊലീസ് നടത്തിയ അന്വേഷണത്തിൽ തെന്മലയിൽ നിന്ന് പ്രതികളെയും രക്ഷപ്പെടാൻ ഉപയോഗിച്ച കാറും സഹിതം അറസ്റ്റ് ചെയ്യുകയായിരുന്നു. നൂറനാട് കെ.സി.എം ആശുപത്രിക്ക് സമീപത്തെ കുറ്റിക്കാട്ടിൽനിന്ന് കുത്താൻ ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു.പ്രതികൾക്ക് നൂറനാട്, അടൂർ പൊലീസ് സ്റ്റേഷനുകളിൽ നിരവധി അടിപിടി കേസുകളും രണ്ടുപേരും ലഹരി മരുന്നുകൾക്ക് അടിമയുമാണെന്ന് പൊലീസ് പറഞ്ഞു.
പ്രതികളെ മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി-രണ്ട് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. സി.ഐ പി. ശ്രീജിത്ത്, എസ്. ഐ നിതീഷ്, എ.എസ്.ഐ രാജേന്ദ്രൻ, സി.പി.ഒമാരായ സിനു, സന്തോഷ് മാത്യു, കലേഷ്, പ്രവീൺ, അനി, മനു, വിഷ്ണു എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.