വയലാർ പഞ്ചായത്ത് ഓഫിസിന് സമീപമുണ്ടായിരുന്ന വാട്ടർ ടാങ്ക്. പൊളിച്ച് മാറ്റുന്നതിന് മുമ്പുള്ള ചിത്രം.
വയലാറിന്റെ ജലസംഭരണി ഇനി ഓർമ
ചേർത്തല: ഒരു കാലത്ത് ഒരു നാടിന്റെ മുഴുവൻ ദാഹമകറ്റിയിരുന്ന വയലാറിന്റെ സ്വന്തം ജലസംഭരണി ഇനി ഓർമകൾ മാത്രം. വയലാർ പഞ്ചായത്ത് ഓഫിസിന് സമീപം തലയുയർത്തി നിന്നിരുന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള കൂറ്റൻ വാട്ടർ ടാങ്കാണ് ഒടുവിൽ അധികൃതർ പൊളിച്ചു നീക്കിയത്.
കുടിവെള്ളത്തിനായി നാട് ഏറെ ബുദ്ധിമുട്ടിയ കാലത്തായിരുന്നു ഈ ടാങ്ക് വയലാറിന് ജീവനാഡിയായി മാറിയത്. വീടുകളിലെ പൈപ്പുകളിൽ ഈ ടാങ്കിൽ നിന്നാണ് വെള്ളമെത്തിയിരുന്നത്. പിന്നീട് ജപ്പാൻ കുടിവെള്ള പദ്ധതി വന്നതോടെ ഈ പഴയ സംവിധാനത്തിന്റെ പ്രസക്തി നഷ്ടമായി. വർഷങ്ങളായി ഉപയോഗിക്കാതെ കിടന്ന ടാങ്ക് കാലപ്പഴക്കം കൊണ്ട് ദ്രവിച്ച് ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലായി. ടാങ്ക് അപകടാവസ്ഥയിലായത് പ്രദേശവാസികളെ ഏറെ ആശങ്കയിലാഴ്ത്തിയിരുന്നു. ടാങ്കിന് തൊട്ടുതാഴെയാണ് കുട്ടികൾ നിത്യേന കളിക്കാനെത്തുന്ന ഗ്രൗണ്ട്. സമീപത്തെ അമ്പലത്തിന്റെ മുൻവശത്തുകൂടി കിഴക്കോട്ട് പോകുന്ന പ്രധാന നടവഴിയും ഈ ടാങ്കിന്റെ അരികിലൂടെയാണ് കടന്നുപോകുന്നത്.
സ്കൂൾ കുട്ടികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ ദിവസവും ഈ വഴി ഉപയോഗിക്കാറുണ്ട്. കൂറ്റൻ ടാങ്ക് തകർന്നു വീണാൽ വൻ ദുരന്തത്തിന് കാരണമാകുമെന്ന ഭയത്തിലായിരുന്നു നാട്ടുകാർ. ജനങ്ങളുടെ ജീവന് ഭീഷണിയായി മാറിയ ടാങ്ക് പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് സമീപവാസികൾ ജല അതോറിറ്റി അധികൃതർക്കും സർക്കാരിനും വയലാർ പഞ്ചായത്തിനും പരാതി നൽകിയിരുന്നു. അധികൃതർ സ്ഥലം പരിശോധിച്ച് ടാങ്ക് അപകടാവസ്ഥയിലാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് വയലാർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു മുരളിയുടെ നേതൃത്വത്തിൽ ജല അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി. സുരക്ഷ മുൻകരുതലുകൾ സ്വീകരിച്ച ശേഷമാണ് ടാങ്ക് പൊളിച്ചു നീക്കിയത്. നാടിന്റെ കുടിവെള്ള ചരിത്രത്തിന്റെ സാക്ഷിയായിരുന്ന ടാങ്ക് ഇല്ലാതായതിന്റെ നൊമ്പരത്തിലും, വലിയൊരു അപകട ഭീഷണി ഒഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.