പേടിപ്പിച്ച് പ്രളയപ്പുലരി; ആലപ്പുഴ നഗരത്തിൽ നൂറോളം വീടുകളിൽ വെള്ളം കയറി

ആലപ്പുഴ: കനത്തമഴയിൽ നഗരത്തിലെ താഴ്ന്നപ്രദേശങ്ങളിലെ നൂറോളം വീടുകളിൽ വെള്ളം കയറി. ചാത്തനാട്, കിടങ്ങാംപറമ്പ്, തോണ്ടൻകുളങ്ങര, മന്നത്ത്, കരളകം, ആശ്രമം വാർഡുകളിലാണ് അപ്രതീക്ഷിത വെള്ളപ്പൊക്കമുണ്ടായത്.

ചൊവ്വാഴ്ച പുലർച്ച രണ്ടിന് പെയ്ത കനത്തമഴയിലാണ് ജലം ഇരച്ചുകയറിയത്. കിടങ്ങാംപറമ്പ് ക്ഷേത്രത്തിലും സമീപത്തെ മൈതാനത്ത് നിർമിച്ച പന്തലിലും വെള്ളം കയറി. വാർഡുകളിൽ ഉയർത്തി നിർമിച്ച വീടുകളൊഴിച്ച് ബാക്കിയെല്ലായിടത്തും വെള്ളക്കെട്ടായിരുന്നു.

പറമ്പിലും പാതയിലും വീട്ടുമുറ്റത്തും നിറഞ്ഞ ജലം ഏറെബുദ്ധിമുട്ട് സൃഷ്ടിച്ചു. കാന നിറഞ്ഞുകവിഞ്ഞാണ് തോണ്ടൻകുളങ്ങര അടക്കമുള്ള പ്രദേശങ്ങളിൽ വെള്ളം കയറിയത്.

തോണ്ടൻകുളങ്ങര, ചാത്തനാട് വാർഡുകളിലെ റോഡുകളും വെള്ളത്തിലായി. ചാത്തനാട്- പട്ടാണിയിടുക്ക് റോഡിലും ആലപ്പുഴ കൊച്ചുകുളങ്ങര ക്ഷേത്രത്തിലും വെള്ളം കയറി. കാന അടഞ്ഞ് വെള്ളം ഒഴുകിപ്പോകാൻ സംവിധാനമില്ലാത്തതാണ് വെള്ളക്കെട്ട് രൂപപ്പെടാൻ കാരണം.

പലയിടത്തും കാൽനടപോലും അസാധ്യമായി. പകൽ മാനംതെളിഞ്ഞത് നേരിയ ആശ്വാസമായി. വെള്ളമിറങ്ങിയ വീടുകൾ ശുചീകരിക്കുന്ന തിരക്കിലായിരുന്നു വീട്ടുകാർ. എന്നാൽ, താഴ്ന്നപ്രദേശങ്ങളിലെ വീടുകളിൽനിന്ന് ഇനിയും വെള്ളം ഇറങ്ങിയിട്ടില്ല. മഴ കനത്താൽ വീണ്ടും ജലമെത്തുമെന്ന ഭീതിയിലാണ് ഇവർ കഴിയുന്നത്. 

രണ്ടിടത്ത് മരം വീണു; ട്രാൻസ്ഫോർമറിന് തീപിടിച്ചു

ആലപ്പുഴ: നഗരത്തിൽ രണ്ടിടത്ത് മരംവീണു. ട്രാൻസ്ഫോർമറിന് തീപിടിച്ചു. കനത്തമഴക്ക് പിന്നാലെ ചൊവ്വാഴ്ചയാണ് സംഭവം. ആലപ്പുഴ ജില്ല കോടതി പാലത്തിനു സമീപം ഓട്ടോസ്റ്റാൻഡിന് സമീപത്തെ മാവി‍െൻറ ശിഖരം റോഡിലേക്ക് ഒടിഞ്ഞുതൂങ്ങിയത് അപകടാവസ്ഥ സൃഷ്ടിച്ചു.

അഗ്നിരക്ഷാ സേനയെത്തി കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റി. ജില്ല ആശുപത്രി നഴ്സിങ് ഹോസ്റ്റലിന് സമീപത്തെ വലിയവാകമരം ചാഞ്ഞത് ഭീതിപരത്തി. രാവിലെ 9.40നായിരുന്നു സംഭവം. കോമ്പൗണ്ടിനുള്ളിലായതിനാൽ അപകടമുണ്ടായില്ല.

നഗരത്തിലെ ശ്രീകുമാർ ടെക്സ്റ്റൈൽസിനു സമീപത്തെ ട്രാൻസ്ഫോർമറിനാണ് തീപിടിച്ചത്. ഉച്ചക്ക് 1.50നായിരുന്നു. അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിലുള്ള സംഘമെത്തി തീകെടുത്തി.

Tags:    
News Summary - Scared and flooded Around 100 houses were flooded in Alappuzha city

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.