ആലപ്പുഴ: പോരാട്ടക്കളത്തിൽ മുന്നണി സ്ഥാനാർഥികളുടെ തേരോട്ടത്തിന് മാർഗതടസ്സവുമായി വിമതപ്പട. ഇരു മുന്നണികളും വിമതപ്പടക്ക് മുന്നിൽ വിയർക്കുന്നു. ഇവരെ അനുനയിപ്പിച്ച് തിങ്കളാഴ്ച നാമനിർദേശ പത്രിക പിൻവലിപ്പിക്കാനുള്ള പതിനെട്ടടവും പയറ്റുകയാണ് നേതാക്കൾ.
എന്തെല്ലാം അനുനയങ്ങൾ പ്രയോഗിച്ചാലും എല്ലാവരെയും പാട്ടിലാക്കാൻ കഴിയില്ലെന്നും ചിലരെ ഗോദയിൽ നേരിടുകയേ നിവൃത്തിയുള്ളൂ എന്നും നേതാക്കൾ പറയുന്നു. പലരും നിൽകുന്നത് വിജയിക്കാനല്ല. ചിലരെ തോൽപിക്കാനാണ്. അത് തിരിച്ചറിഞ്ഞ് ജനം വോട്ടവകാശം വിനിയോഗിച്ചാലേ ഒറിജിനൽ സ്ഥാനാർഥികൾക്ക് രക്ഷയുള്ളൂ. വിമതരെ പിന്തുണച്ചും ആൾക്കാരുള്ളത് മുന്നണിയിലെ ഒറിജിനൽ സ്ഥാനാർഥികളുടെ നെഞ്ചിടിപ്പ് കൂട്ടുന്നു.
ഏറ്റവും കൂടുതൽ വിമതരുള്ളത് ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ്. പാർട്ടിക്കുള്ളിലെ പടലപ്പിണക്കവും മുന്നണിയിലെ ഘടകകക്ഷികൾ തമ്മിലെ തർക്കവും സ്ഥാനമോഹവും കുടിപ്പകകളുമെല്ലാമാണ് വിമതരുടെ രംഗപ്രവേശത്തിന് കാരണമായത്. ജില്ല പഞ്ചായത്ത് അമ്പലപ്പുഴ ഡിവിഷനിൽ മുസ്ലിം ലീഗ് സ്ഥാനാർഥി പത്രിക നൽകിയത് കോൺഗ്രസിനെ വെട്ടിലാക്കിയിരിക്കയാണ്.
വിഷയത്തിൽ സംസ്ഥാനതലത്തിൽ യു.ഡി.എഫ് അനുയം തുടരുന്നു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെല്ലാം കുറഞ്ഞത് ഒരു വാർഡിലെങ്കിലും ഏതെങ്കിലും മുന്നണി വിമതഭീഷണി നേരിടുന്നുണ്ട്. മത്സ്യത്തൊഴിലാളി കോൺഗ്രസ് നേതാവ് സാധു അരൂർ ഒമ്പതാം വാർഡിൽ വിമതനായി പത്രിക സമർപ്പിച്ചിട്ടുണ്ട്. വി.കെ. മനോഹരൻ കോൺഗ്രസിന്‍റെ സ്ഥാനാർഥിയായി മത്സരിക്കുന്നുണ്ട്.
മാവേലിക്കര: മാവേലിക്കരയിലെ വിവിധ പഞ്ചായത്തുകളിലും നഗരസഭയിലും വിമത സ്ഥാനാർഥികളുടെ ബാഹുല്യംകൊണ്ട് വിവിധ മുന്നണികൾ അങ്കലാപ്പിലാണ്. നഗരസഭയിലാണ് ഏറ്റവും കൂടുതൽ വിമത സ്ഥാനാർഥികൾ മുന്നണികൾക്ക് ഭീഷണിയായത്. രണ്ടാം വാർഡിൽ യു.ഡി.എഫ്, ബി.ജെ.പി സ്ഥാനാർഥികൾക്കെതിരെയാണ് വിമതർ രംഗത്തെത്തുള്ളത്. ആറാം വാർഡിൽ യു.ഡി.എഫിനും നാല്, 20, 26 വാർഡുകളിൽ ബി.ജെ.പിക്കും വിമത സ്ഥാനാർഥികളുണ്ട്.
26ൽ രണ്ട് സ്ഥാനാർഥികളാണ് ബി.ജെ.പിക്കെതിരെ രംഗത്തുള്ളത്. മാവേലിക്കര തെക്കേക്കര പഞ്ചായത്തിൽ കോൺഗ്രസിനാണ് ഏറ്റവും കൂടുതൽ വിമത സ്ഥാനാർഥികൾ. തെക്കേക്കര പഞ്ചായത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരുവിഭാഗം കോൺഗ്രസ് വിടാൻ തീരുമാനിച്ചു. കോൺഗ്രസ് വിടാൻ തീരുമാനിച്ചവരുടെ നേതൃത്വത്തിൽ തെക്കേക്കര പഞ്ചായത്തിലെ 20 വാർഡുകളിലെ 16 ഇടങ്ങളിൽ സ്വതന്ത്ര സ്ഥാനാർഥികളെയും പ്രഖ്യാപിച്ചിരുന്നു.
ചുനക്കരയിലും താമരക്കുളത്തും യു.ഡി.എഫിനും എൽ.ഡി.എഫിനും എതിരെ നിരവധി പേരാണ് വിമതരായി രംഗത്തുള്ളത്. ഇവർ പത്രിക പിൻവലിക്കുമെന്നാണ് മുന്നണികളുടെ പ്രതീക്ഷ ചുനക്കരയിലും നൂറനാട്ടും മുസ്ലിം ലീഗ് ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ചതിനാൽ ചില വാർഡുകളിൽ വിമത സ്ഥാനാർഥികളും രംഗത്തുണ്ട്.
കായംകുളം: നഗരസഭയിൽ ഇരുമുന്നണികളുടെയും അന്തിമ സ്ഥാനാർഥി പട്ടിക പുറത്തുവന്നതോടെ ഭീഷണിയുയർത്തി വിമതരും. ചെയർമാൻ സ്ഥാനാർഥിയടക്കമുള്ള കോൺഗ്രസുകാരാണ് കൂടുതൽ വാർഡുകളിൽ വിമതശല്യം നേരിടുന്നത്. ഇടതുപക്ഷത്ത് മുന്നണി സ്ഥാനാർഥികൾക്കെതിരെ ഘടകകക്ഷികളാണ് രംഗത്തുള്ളത്.
ആറാം വാർഡിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് വള്ളിയിൽ റസാഖിന് എതിരെ ബ്ലോക്ക് സെക്രട്ടറി തയ്യിൽ റഷീദും വാർഡ് പ്രസിഡന്‍റ് സക്കീർ ഹുസൈനുമാണ് രംഗത്തുള്ളത്. ഏഴിൽ മുൻ കൗൺസിലർ കാവിൽ നിസാമിനെതിരെ ഷിജാർ വരോനിൽ, എട്ടിൽ യൂത്ത് കോൺഗ്രസ് മുൻ ജില്ല ജനറൽ സെക്രട്ടറി അസീം നാസറിന് എതിരെ ബ്ലോക്ക് വൈസ് പ്രസിഡന്‍റ് എം.ആർ. സലിംഷ, 13ൽ സി.എം.പിയുടെ പരിപ്ര രാധാകൃഷ്ണന് എതിരെ ബ്ലോക്ക് സെക്രട്ടറി ബാബുജി, 20ൽ ചെയർമാൻ സ്ഥാനാർഥിയായ ദലിത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ് ബിദു രാഘവനെതിരെ യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്‍റും കൗൺസിലറുമായ ഷാനവാസ്, 39ൽ സുധ സുധാകരനെതിരെ മുൻ കൗൺസിലർ നസീമ ഷംസുദ്ദീൻ എന്നിവരാണ് മത്സര രംഗത്തുള്ളത്.
ഐ.എൻ.ടി.യു.സി യൂത്ത് വിങ് സംസ്ഥാന സെക്രട്ടറി ഹാഷിം സേട്ട് മത്സരിക്കുന്ന 26ാം വാർഡിൽ നുജുമുദ്ദീൻ ആലുംമൂട്ടിലും സ്വതന്ത്രനായി രംഗത്തുണ്ട്. കൂടാതെ യു.ഡി.എഫ് ഘടക കക്ഷിയായ കെ.ഡി.പി പല വാർഡുകളിലും ഒറ്റക്ക് മത്സരിക്കുന്നുണ്ട്. എൽ.ഡി.എഫിൽ വാർഡ് ഏഴിൽ സി.പി.ഐയിലെ അഫ്സൽ അഷറഫിനെതിരെ സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ഹരികുമാറാണ് വിമതനായി രംഗത്ത് വന്നത്.
38ൽ സി.പി.എമ്മിലെ ഷഹ്ബാനത്തിനെരെ നഗരസഭ മുൻ സ്ഥിരംസമിതി അധ്യക്ഷ ഐ.എൻ.എല്ലിലെ ആറ്റക്കുഞ്ഞും 40ൽ സി.പി.എമ്മിലെ എ. അബ്ദുൽ ജലീലിനെതിരെ സിറ്റിങ് കൗൺസിലറായ ആർ.ജെ.ഡിയിലെ ഷീബ ഷാനവാസും 45ൽ സി.പി.ഐയിലെ അനീസക്ക് എതിരെ സ്വന്തം പാർട്ടിയിലെ റീന ചെട്ടിയത്തും ശ്രീലക്ഷ്മിയും മത്സരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.