ആലപ്പുഴ: ജില്ലയിലെ സ്റ്റേഷനുകളിൽ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ റെയിൽവേ പദ്ധതികൾ ആവിഷ്കരിച്ചു. വെള്ളിയാഴ്ച ആലപ്പുഴയിൽ കെ.സി. വേണുഗോപാൽ എം.പിയുടെ നേതൃത്വത്തിൽ നടന്ന റെയിൽവേ ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗത്തിൽ പദ്ധതി വിശദീകരിച്ചു.
കായംകുളത്തു നടക്കുന്ന അമൃത് ഭാരത് നിർമാണപ്രവർത്തനങ്ങൾ നവംബർ അവസാനത്തോടെ പൂർത്തിയാകുമെന്ന് റെയിൽവേ എം.പിക്ക് ഉറപ്പ് നൽകി. പ്രധാന സ്റ്റേഷൻ കവാടം നവംബറോടെ തുറന്നു കൊടുക്കാനാകും. നിർമാണം ആരംഭിച്ച പുതിയ ഫുട് ഓവർബ്രിഡ്ജ് മാർച്ചോടെ ഉപയോഗ സജ്ജമാകും. കൂടുതൽ ലിഫ്റ്റുകൾ സ്റ്റേഷനിൽ ക്രമീകരിക്കും.
ഹരിപ്പാട് സ്റ്റേഷനിൽ അപ്രോച്ച് റോഡ് ഉടൻ അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കും. സർക്കുലേറ്റിങ് ഏരിയ വൃത്തിയാക്കി ഇഴജന്തുക്കളുടെയും തെരുവുനായകളുടെയും ശല്യം കുറയ്ക്കാൻ നടപടി സ്വീകരിക്കും. സ്റ്റേഷനിൽ മതിയായ ശൗചാലയ സൗകര്യം, കുടിവെള്ളം എന്നിവ ഉറപ്പാക്കും. സാമൂഹിക സുരക്ഷ പദ്ധതിയിൽ ഉൾപ്പെടുത്തി ഫീഡിങ് റൂം സജ്ജീകരിക്കും.
കരുവാറ്റ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടർ തുറന്നു പ്രവർത്തിപ്പിക്കാൻ കരാർ ക്ഷണിച്ചെങ്കിലും ആരും അപേക്ഷിച്ചില്ല. ഏതെങ്കിലും വ്യക്തികൾ തയാറായാൽ കരാറടിസ്ഥാനത്തിൽ ടിക്കറ്റ് കൗണ്ടർ പ്രവർത്തനം പുനരാരംഭിക്കും.
അമ്പലപ്പുഴയിൽ കൂടുതൽ മിനി പ്ലാറ്റ്ഫോം ഷെൽട്ടർ സ്ഥാപിക്കും. ദൈനംദിന ഹ്രസ്വദൂര എക്സ്പ്രസ് ട്രെയിനുകൾ ഒന്നാം നമ്പർ പ്ലാറ്റ്ഫോം വഴി കടത്തിവിടാനാകുമോ എന്നു പരിശോധിക്കാൻ എം.പി. നിർദേശിച്ചു. ഒരു ടോയ്ലറ്റ് കൂടി നിർമിക്കും. അപ്രോച്ച് റോഡ് അറ്റകുറ്റപണി നടത്തി ഉപയോഗയോഗ്യമാക്കും.
ആലപ്പുഴയിലെ അമൃത് ഭാരത് നിർമാണ പ്രവർത്തനങ്ങളും നവംബറോടെ പൂർത്തിയാകും. സ്റ്റേഷനിൽ നാല് എസ്കലേറ്റർ കൂടി സ്ഥാപിക്കും. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിലവിലെ എസ്കലേറ്ററിനു പുറമെ മുകളിലേക്കും താഴേക്കും ഓരോന്നുവീതവും രണ്ടും മൂന്നും പ്ലാറ്റ്ഫോമുകളിൽ പൊതുവായി ഉപയോഗിക്കാവുന്ന തരത്തിൽ മുകളിലേക്കും താഴേക്കും ഓരോന്നു വീതവും എസ്കലേറ്ററാണ് സ്ഥാപിക്കുക. രണ്ടു പുതിയ ലിഫ്റ്റും സ്ഥാപിക്കും. ഫുട്ഓവർ ബ്രിഡ്ജ് ഡിസംബറോടെ പൂർത്തിയാക്കും. പ്രധാന സ്റ്റേഷൻ കവാടം നവംബറോടെ സജ്ജമാകും. പുതിയ എ.സി. വെയിറ്റിങ് റൂം ആരംഭിക്കും.
ചേർത്തലയിൽ ദേശീയപാതയിൽനിന്ന് റെയിൽവേ സ്റ്റേഷനിലേയ്ക്കുള്ള പ്രവേശനം സുഗമമാക്കുന്നതിന് സർവീസ് റോഡ് നിർമിക്കാൻ ആവശ്യമായ ഭൂമി റെയിൽവേ ലീസ് അടിസ്ഥാനത്തിൽ ദേശീയപാതാ അതോറിറ്റിക്ക് വിട്ടുനൽകും. ഇതിന് സംയുക്ത സർവേ പൂർത്തിയായി.
റിപ്പോർട്ട് ഉടൻ റെയിൽവേയ്ക്കു സമർപ്പിക്കാനും നടപടിക്രമങ്ങൾ ഉടൻ പൂർത്തീകരിച്ച് സർവീസ് റോഡ് നിർമാണം ആരംഭിക്കാനും ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർക്കും ദക്ഷിണ റെയിൽവേ അധികൃതർക്കും എം.പി. നിർദേശം നൽകി. ചേർത്തലയിലെ ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളിൽ ലിഫ്റ്റുകൾ സ്ഥാപിക്കും. പ്ലാറ്റ്ഫോം ഷെൽട്ടറുകളുടെ നീളം കൂട്ടുന്നതിന് ആവശ്യമായ തുക അനുവദിച്ചു. നിർമാണം ഉടൻ ആരംഭിക്കും.
തുറവൂർ സ്റ്റേഷനിൽ പ്ലാറ്റ്ഫോം നീളം കൂട്ടാൻ നടപടി ഉടൻ ആരംഭിക്കും. മാരാരിക്കുളത്ത് പ്ലാറ്റ്ഫോം നീളം കൂട്ടും. പ്ലാറ്റ്ഫോം ഉയരം കൂട്ടുന്ന പ്രവൃത്തിയും ഉടൻ ആരംഭിക്കും. സ്റ്റേഷനിൽ ഫുട്ഓവർ ബ്രിഡ്ജും അനുവദിച്ചതായി എം.പി. പറഞ്ഞു.
അരൂർ, എഴുപുന്ന, കലവൂർ, വയലാർ, തുമ്പോളി എന്നിവിടങ്ങളിലും പ്ലാറ്റ്ഫോമിന്റെ ഉയരം കൂട്ടാൻ നടപടി പുരോഗമിക്കുകയാണ്. മെമുവിന്റെ റേക്കുകൾ മെയിന്റനൻസിനായി ചെന്നൈയിലേയ്ക്ക് കൊണ്ടുപോകുന്നതു കാരണം ആലപ്പുഴ വഴി പോകുന്ന മെമു ട്രെയിനുകളിൽ 16 കോച്ചിനു പകരം 12 കോച്ചായി കുറയും. ഇതുമൂലം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിനു പരിഹാരമായി മെയിന്റനൻസിനുള്ള റേക്കുകൾക്കു പകരം ഉപയോഗിക്കുന്നതിന് എട്ടു കോച്ചുകളുള്ള ഒരു റേക്ക് കൂടി അനുവദിപ്പിക്കാൻ റെയിൽവേ ബോർഡിൽ സമ്മർദം ചെലുത്തുമെന്ന് എം.പി. പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.