സാലറി റിക്കവറിക്ക് സ്വകാര്യ ബാങ്ക്: പൊലീസിൽ പ്രതിഷേധ വാട്സ്ആപ് കാമ്പയിൻ

ആലപ്പുഴ: ശമ്പളത്തിൽനിന്ന് വായ്പ അടക്കം തിരിച്ചടവ് പിരിക്കാൻ സ്വകാര്യബാങ്കിനെ ഏൽപിച്ച ഡി.ജി.പിയുടെ ഉത്തരവിനെതിരെ കാമ്പയിന് തുടക്കമിട്ട് പൊലീസ് വാട്സ് ആപ് ഗ്രൂപ്. റിക്കവറിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിവരങ്ങൾ സ്വകാര്യ ബാങ്കിന് നൽകാൻ ഡി.ജി.പിയാണ് അടുത്തനാളിൽ ഉത്തരവിട്ടത്.

പൊലീസ് വെൽഫെയർ ഫണ്ട്, മെസ് അലവൻസ്, കൂടാതെ ജില്ലതല പൊലീസ് സഹകരണസംഘം, പൊലീസ് ഹൗസിങ് സൊസൈറ്റി എന്നിവിടങ്ങളിലെ വായ്പ തിരിച്ചടവുകൾ തുടങ്ങിയവ ഇനി എച്ച്.ഡി.എഫ്.സി ബാങ്കിലേക്ക് മാറ്റാനാണ് നിർദേശം. പൊലീസ് അസോസിയേഷൻ പിരിവും ഇതേ അക്കൗണ്ടിലൂടെ ശേഖരിച്ച് നൽകും. ഇതിലേക്ക് ഉദ്യോഗസ്ഥരുടെ മുഴുവൻ വിവരങ്ങളും ബാങ്കിന് നൽകാനാണ് നിർദേശം.

മൊബൈൽ ഫോണിൽ ലഭിക്കുന്ന ലിങ്ക് വഴിയാണ് സ്വകാര്യവിവരങ്ങൾ കൈമാറേണ്ടത്. എന്നാൽ, എച്ച്.ഡി.എഫ്.സി ബാങ്ക് കരാർ നൽകിയ ഡൽഹി സഫ്ദർജങ് ആസ്ഥാനമായ മറ്റൊരു ഏജൻസിയിലേക്കാണ് സ്വകാര്യവിവരങ്ങൾ അടക്കം പോകുന്നത്. ഓരോ ഉദ്യോഗസ്ഥന്‍റെയും രഹസ്യബാർ കോഡ് സഹിതമാണ് ലിങ്കിൽ അപ്ലോഡ് ചെയ്യേണ്ടത്. പാസ്വേഡ് ഒരിക്കലും കൈമാറരുതെന്ന് നിരന്തരം പരസ്യം ചെയ്യുന്ന പൊലീസാണ് അവരുടെ വിവരങ്ങൾ സ്വകാര്യകമ്പനിക്ക് നൽകേണ്ടിവരുന്നത്.

അധികൃതർ പിന്മാറുന്ന ലക്ഷണമില്ലെന്ന് കണ്ടതോടെയാണ് ഒരുവിഭാഗം പൊലീസുകാർ വാട്സ്ആപ് കാമ്പയിന് തുടക്കമിട്ടത്. സംഘടനാ പിരിവ് നിലവിലെ സ്പാർക്ക് സംവിധാനത്തിൽ നിയമവിധേയമല്ലെന്ന നിലക്കാണ് സഹകരണ സംഘങ്ങളുടെ വായ്പ കൂടി സ്പാർക്കിൽനിന്ന് ഒഴിവാക്കി ബദൽ സംവിധാനം ഒരുക്കാൻ കാരണമെന്നാണ് ആരോപണം. അസോസിയേഷൻ പിരിവ് ഡിപ്പാർട്മെന്‍റ് നേരിട്ട് ശമ്പളത്തിൽനിന്ന് പിടിച്ചുനൽകുന്നതിലെ അനൗചിത്യവും പൊലീസുകാർക്കിടയിൽ സജീവ ചർച്ചയാണ്.

ഇടത് അനുകൂല സംഘടനാനേതൃത്വം സർക്കാറിൽ സ്വാധീനം ചെലുത്തിയാണ് അസോസിയേഷന്‍റെ പിരിവുകൾ ശമ്പളത്തിൽനിന്നാക്കിയത്. സംഘടനാനേതൃത്വം അടിച്ചേൽപിക്കുന്ന നിർബന്ധിത പിരിവാണെന്ന ആക്ഷേപവുമുണ്ട്.സംഘടനാഫണ്ട് വകുപ്പ് നേരിട്ട് പിരിച്ചുനൽകുന്നത് പൊലീസിൽ മാത്രമാണ്. മറ്റ് വകുപ്പുകളിലൊക്കെ ജീവനക്കാരെ നേരിട്ട് സമീപിച്ച് വേണം പണം പിരിക്കാൻ.

Tags:    
News Summary - Private Bank for Salary Recovery: Protest WhatsApp campaign start police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.