ആലപ്പുഴ: ഗുണ്ടകളെ നേരിടാൻ ജില്ലയിലും പുതിയ പൊലീസ് സ്ക്വാഡ് രൂപവത്കരിച്ചു. നാർകോട്ടിക് സെൽ ഡിവൈ.എസ്.പി നോഡൽ ഓഫിസറായാണ് സ്ക്വാഡ്. ഓരോ പൊലീസ് സ്റ്റേഷനിൽനിന്ന് അഞ്ചുപേർ വീതം സംഘത്തിലുണ്ടാകും. പുതിയ ടീം രൂപവത്കരിച്ചെങ്കിലും പ്രവർത്തനം സംബന്ധിച്ച് പൊലീസ് ആസ്ഥാനത്തുനിന്ന് വിശദമായ മാർഗനിർദേശം ലഭിച്ചിട്ടില്ല. ഗുണ്ടകൾക്കെതിരെ ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയാത്ത ജില്ലകളുടെ പട്ടികയിലാണ് ആലപ്പുഴയുമെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഡി.ജി.പിക്ക് നൽകിയ റിപ്പോർട്ട്. കൂടുതൽ ഫലപ്രദമായി ഗുണ്ടകളെ ഒതുക്കുന്നതിനാണ് പുതിയ സംവിധാനം.
സംഘടിത കുറ്റകൃത്യങ്ങൾ നിരീക്ഷിക്കുകയും തടയുകയുമായിരിക്കും സംഘത്തിെൻറ പ്രധാന ദൗത്യം. ഇതിനായി സ്റ്റേഷൻതലം മുതൽ വിവരങ്ങൾ ശേഖരിക്കും. സ്ഥിരം കുറ്റവാളികളുടെയും മറ്റും സാമ്പത്തിക ഇടപാട് വിവരങ്ങൾ ശേഖരിച്ചു വിശകലനം ചെയ്യും. സ്റ്റേഷനുകളിൽനിന്നുള്ള അംഗങ്ങൾക്ക് ടീമിൽ മുഴുസമയ ജോലിയല്ല നിർദേശിച്ചിരിക്കുന്നത്. ഗുണ്ടസംഘങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വരുമ്പോൾ വിവരങ്ങൾ ശേഖരിച്ചു കൈമാറണമെന്നാണ് നിർദേശം. പൊലീസ് സബ് ഡിവിഷൻതലത്തിലും ഇത്തരം വിവരങ്ങൾ നോഡൽ ഓഫിസർക്കു കൈമാറണമെന്ന് ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശമുണ്ട്. അതത് ഡിവൈ.എസ്.പിമാർക്കാണ് ഇതിെൻറ പ്രധാന ചുമതല. ശേഖരിച്ച വിവരങ്ങൾ ഏകോപിപ്പിക്കുന്നതിെൻറ ചുമതല ജില്ല സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പിക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.