ആലപ്പുഴ: എ.സി റോഡിൽ പണ്ടാരക്കുളം പാലം നിർമാണ സ്ഥലത്ത് യാത്രക്കാർ കാത്ത് കിടക്കേണ്ടിവരുന്നത് അരമണിക്കൂറോളം. രാത്രികാലങ്ങളിൽ ഇവിടെ ഗതാഗതം നിയന്ത്രിക്കാൻ ആരുമില്ലാതാകുന്നതോടെ രുക്ഷമായ ഗതാഗത കുരുക്കുമുണ്ടാകുന്നു.
പണ്ടാരക്കുളം മേല്പാലനിര്മാണം പൂര്‍ത്തിയാകാത്തതിനാല്‍ താല്‍ക്കാലിക പാതയിലൂടെ ഒരേസമയം ഒരു ദിശയിലെ ഗതാഗതം സാധ്യമാകൂ. അതിനാൽ നിയന്ത്രിച്ചാണ് ഇതുവഴി വാഹനങ്ങൾ കടത്തിവിടുന്നത്. നിര്‍മാണം ഏറ്റെടുത്തിരിക്കുന്ന ഊരാളുങ്കല്‍ സൊസൈറ്റി ദിവസവും രാവിലെ ആറ് മുതല്‍ രാത്രി ഒന്‍പത് വരെ ഗതാഗതം നിയന്ത്രിക്കാൻ ആളെ നിയോഗിച്ചിട്ടുണ്ട്. റോഡിന്റെ മറ്റ് ഭാഗമെല്ലാം നിർമാണം പൂർത്തിയായതിനാൽ ഇതുവഴി വലിയതോതിലാണ് വാഹനങ്ങൾ എത്തുന്നത്. ഒരുവശത്തേക്കുള്ള വാഹനങ്ങൾ പോയി തീരുവോളം മറുവശത്തുള്ളവർ കാത്ത് നിൽക്കണം. തിരക്ക് ഏറുന്ന സമയങ്ങളിൽ ഇതിനായുള്ള കാത്ത് നിൽപ് അരമണിക്കൂറോളം വേണ്ടിവരുന്നുവെന്നാണ് യാത്രക്കാർ പറയുന്നത്.
രാത്രികാലങ്ങളിൽ ഗതാഗതം നിയന്ത്രിച്ച് വിടാൻ ആളില്ലാതാകുന്നതോടെ ഇരുവശത്തുനിന്നും വാഹനങ്ങൾ ഒരുമിച്ച് എത്തുന്നത് ഇരു വാഹനങ്ങൾക്കും കടന്നുപോകാനാവാത്തവിധം കുടുക്കായി മാറുന്നു. അതോടെ മണിക്കൂറുകളോളം വാഹനങ്ങൾ കാത്തുകിടക്കേണ്ട അവസ്ഥയാണ്.
ഏകദേശം ഒരു കിലോമീറ്ററോളമാണ് താല്‍ക്കാലിക പാതയുടെ നീളം. മണ്ഡലകാലമായതിനാലും എ.സി റോഡ് നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയായതിനാലും രാത്രികാലങ്ങളില്‍ ഈ വഴിയാണ് അയ്യപ്പഭക്തര്‍ തെരഞ്ഞെടുക്കുന്നത്. ഇത് യാത്രികര്‍ കുരുക്കില്പ്പെടാന് ഇടയാക്കുന്നു. ഇവിടുത്തെ ഗതാഗതക്കുരുക്ക് പൊലീസിനും കരാര്‍ കമ്പനി അധികൃതര്‍ക്കും മനസിലാകുന്നുണ്ടെങ്കിലും ഇരുകൂട്ടരും ഈ വിഷയത്തില്‍ നിസംഗത പാലിക്കുകയാണ്.
രാത്രിയില്‍ എ.സി റോഡിലൂടെയുള്ള കെ.എസ്.ആര്.ടി.സി ബസിന്റെ അവസാന ട്രിപ്പ് ഗതാഗതക്കുരുക്കിൽപ്പെടുന്നത് പതിവാണ്. വാഹന ഡ്രൈവർമാർ തമ്മിൽ വാക്കേറ്റവും തര്‍ക്കവും പതിവാണ്. ഇതിനു പരിഹാരം കാണാന്‍ പൊലീസും ശ്രമിക്കുന്നില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. ഗതാഗത നിയന്ത്രണത്തിന് ആളെ നിയോഗിക്കുന്നത് രാത്രി 11 മണിവരെയെങ്കിലും നീട്ടണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.