ആലപ്പുഴ: ബീച്ചിൽ നിർമാണത്തിലിരുന്ന മേൽപാലത്തിന്റെ കൂറ്റൻ ഗർഡറുകൾ തകർന്നുവീണ സംഭവത്തിൽ ഗുരുതരവീഴ്ചയെന്ന് ദേശീയപാത അധികൃതരുടെ കണ്ടെത്തൽ. ഗർഡർ ഉയർത്തിസ്ഥാപിച്ചതിന്റെ പിഴവാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ബുധനാഴ്ച വിദഗ്ധരുടെ സംഘം അപകടസ്ഥലത്ത് കൂടുതൽ പരിശോധന നടത്തി. റെയിൽവേ എൻജിനീയർ പത്മജൻ, ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ പി. പ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ ആലപ്പുഴ ബൈപാസിൽ തകർന്നുവീണ ഗർഡറുകളും സമീപത്തെ തൂണുകളുടെ മുകൾഭാഗത്തും സന്ദർശിച്ചാണ് സ്ഥിതിഗതികൾ വിലയിരുത്തിയത്. വിദഗ്ധരുടെ വിശദമായ റിപ്പോർട് കൂട്ടി ലഭിച്ചാൽ മാത്രമേ അപകടകാരണം വ്യക്തമാകൂ.
90 ടൺ ഭാരമുള്ള നാലുഗർഡറുകളും ഒറ്റയടിക്ക് 30 അടി ഉയരത്തിൽനിന്ന് തകർന്നുവീണതിന്റെ കാരണം തേടി രണ്ടുമണിക്കൂർ നേരമായിരുന്നു പരിശോധന. മേൽപാലത്തിന്റെ കൂറ്റൻ ഗർഡറുകൾ തകർന്നതിന് കാരണം മുകളിൽ പണിയെടുത്ത തൊഴിലാളികളുടെ അശ്രദ്ധയും വീഴ്ചയുമാണെന്ന് കഴിഞ്ഞദിവസം പരിശോധന നടത്തിയ ദേശീയപാത അതോറിറ്റി റീജിയനൽ ഓഫിസർ ബി.എൽ. മീന, ഡെപ്യൂട്ടി ജനറൽ മാനേജർമാരായ ബിപിൻമധു, ദേവേന്ദ്രപ്രസാദ് സാഹു എന്നിവരടങ്ങുന്ന സംഘം വിലയിരുത്തിയിരുന്നു. ഇതുതന്നെയാണ് ഇന്നലെ പരിശോധന നടത്തിയവരുടേയും നിഗമനം.
ഗർഡറുകൾ തൂണുകളിലേക്ക് ഉയർത്തി സ്ഥാപിക്കുമ്പോൾ തൂണിനും ഗർഡറിനും ഇടയിൽ പ്ലാങ്ക് (തടിക്കഷ്ണം പോലെയുള്ള സാധനം) വെക്കാറുണ്ട്. ഗർഡറുകളെ പരസ്പരം ബന്ധിച്ച് കോൺക്രീറ്റ് (ക്രോസ് ബ്രേസിങ്) ചെയ്തശേഷം ഇത് ഇളക്കിമാറ്റും. മുകളിൽ പണിയെടുത്തിരുന്ന തൊഴിലാളികൾ ക്രോസ് ബ്രേസിങ് ഇളക്കി മാറ്റിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഇക്കാര്യത്തിൽ തൊഴിലാളികൾ ഗുരുതരവീഴ്ച വരുത്തിയെന്നാണ് ഇവരുടെ വിലയിരുത്തൽ.
അതേസമയം, നിർമാണത്തിലെ അപാകത മറച്ചുവെച്ച് തൊഴിലാളികളുടെ മേൽ കുറ്റംചുമത്തി മേൽനോട്ട ചുമതലയുള്ള എൻജിനീയർമാർ അടക്കമുള്ള ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്താനുള്ള നീക്കമാണെന്നും ആക്ഷേപമുണ്ട്. അതീവ സുരക്ഷയിലും ഗുണനിലവാരത്തിലും രണ്ടുമാസം മുമ്പ് നിർമിച്ച ഗർഡറുകൾ ഒറ്റയടിക്കാണ് നിലംപൊത്തിയത്. 17നും 18നും ഇടയിലുള്ള തൂണുകളിലെ ക്രോസ് ബ്രേസിങ് ഏത് എൻജിനീയറുടെ നിർദേശപ്രകാരമാണ് മാറ്റിയതെന്ന് പറയുന്നില്ല. രാജ്യത്തെ എല്ലാ ദേശീയപാതകളിലും ഇതേരൂപത്തിലാണ് ഗർഡറുകൾ നിർമിച്ചതെന്നാണ് ഇവരുടെ വാദം. ഇതോടെ, നിലവിൽ പണി പൂർത്തിയാക്കിയ മറ്റ് പാലങ്ങളുടേതടക്കം സുരക്ഷയെക്കുറിച്ച് ആശങ്കയുയുയരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.