മുഹമ്മ: തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ 20 എണ്ണംകൂടി തുറന്നതോടെ തുറന്നുവെച്ച ഷട്ടറുകൾ 41 ആയി. വെച്ചൂർ ഭാഗത്തുനിന്ന് തുടങ്ങുന്ന രണ്ടാം ഘട്ടത്തിലെ 21 ഷട്ടറും 40 അടി ലോക്കുമാണ് തിങ്കളാഴ്ച തുറന്നത്. ചൊവ്വാഴ്ച 20 ഷട്ടറുകൂടി തുറന്നു. നാല് ദിവസംകൊണ്ട് മൂന്നു ഘട്ടങ്ങളിലുമുള്ള 90 ഷട്ടറും 20, 30, 46 അടി ലോക്കുകളും തുറക്കുമെന്ന് അധികൃതർ പറഞ്ഞു.
ഷട്ടറുകൾ തുറന്നതോടെ വേലിയേറ്റ സമയത്ത് വൻതോതിൽ ഉപ്പുവെള്ളം ഒഴുകിയെത്തി. ബണ്ടിന്റെ തെക്കുഭാഗത്തു കെട്ടിക്കിടന്ന മാലിന്യം വേലിയിറക്ക സമയത്തു കടലിലേക്ക് ഒഴുകിത്തുടങ്ങുകയും ചെയ്തിട്ടുണ്ട്. കൈത്തോടുകളിലും ഇടത്തോടുകളിലും ഉപ്പുവെള്ളം എത്തി. ഷട്ടറുകൾ പൂർണമായും തുറക്കുന്നതോടെ നീരൊഴുക്ക് സാധാരണനിലയിലാകുമെന്നാണ് പ്രതീക്ഷ.
അതേസമയം, കൊയ്ത്ത് പൂർത്തിയാകാത്ത ഇടങ്ങൾ ഇനിയുമുണ്ടായിരിക്കെ വെള്ളത്തിന്റെ ഗതി സംബന്ധിച്ച് കർഷകർ ആശങ്കയിലാണ്. ഓരുവെള്ളം കയറില്ലെന്ന് ഉറപ്പുവരുത്താൻ നിർദേശമുണ്ടെങ്കിലും ഇതിന് സ്വീകരിച്ച നടപടികൾ പൂർണ വിജയമായില്ലെങ്കിൽ വിളനാശത്തിന് കാരണമാകും.
ഓരുവെള്ളം കയറുന്നത് വരും കൃഷിക്കും ദോഷമാകും. അഞ്ച് വർഷത്തിനിടെ ആദ്യമായാണ് ഒരുമാസം നേരത്തേ ബണ്ട് തുറന്നത്. മുൻകാലങ്ങളിൽ കുട്ടനാടൻ പാടശേഖരങ്ങളിലെ വിളവെടുപ്പ് പൂർത്തിയാകാത്തതിനാൽ അഞ്ച് മാസംവരെ ബണ്ട് അടഞ്ഞുകിടന്ന സന്ദർഭങ്ങളുണ്ടായിട്ടുണ്ട്.
എല്ലാ വർഷവും ഡിസംബർ 15ന് ബണ്ട് അടച്ച് മാർച്ച് 15ന് തുറക്കണമെന്നാണ് നിബന്ധനയെങ്കിലും ഇത് പാലിക്കപ്പെടാറില്ല. തുറക്കൽ കാർഷിക കലണ്ടർ പ്രകാരമാകണമെന്ന നിർദേശവും നടപ്പായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.