കഞ്ഞിക്കുഴി ബാങ്കിലെത്തിയ ഒഡിഷയിൽനിന്നുള്ള സംഘത്തെ പ്രധിനിധികൾ സ്വീകരിക്കുന്നു
മാരാരിക്കുളം: ഒഡിഷയിലെ കൊരാപുട് സെൻട്രൽ സഹകരണ ബാങ്ക് ഭരണ സമിതി അംഗങ്ങൾ കഞ്ഞിക്കുഴി സർവിസ് സഹകരണ ബാങ്ക് സന്ദർശിച്ചു. കോരാപ്പുട്, മൽക്കാൻ ഗിരി, നബരംഗ്പുർ, റയഗഡ എന്നീ ജില്ലകളിൽ അധികാര പരിധിയുള്ള ബാങ്കിന്റെ പ്രതിനിധികളായ 18 പേരാണ് സംഘത്തിലുണ്ടായിരുന്നത്. ബാങ്ക് പ്രസിഡന്റ് ഈശ്വർചന്ദ്ര പാണിഗ്രാഹിയുടെ നേതൃത്വത്തിൽ എത്തിയ ടീമിനെ ബാങ്ക് ഭരണ സമിതി അംഗങ്ങളും ജീവനക്കാരും കർഷകരും ചേർന്ന് സ്വീകരിച്ചു.
സംസ്ഥാന സഹകരണ ബാങ്കിന്റെ നേതൃത്വത്തിലാണ് കേരളത്തിൽ സന്ദർശനമൊരുക്കിയിരിക്കുന്നത്. തിങ്കളാഴ്ച തിരുവനന്തപുരത്ത് എത്തിയ സംഘം കേരള ബാങ്കിന്റെ ഹെഡ് ഓഫിസ് സന്ദർശിച്ച് ചർച്ച നടത്തിയ ശേഷമാണ് ആലപ്പുഴയിൽ എത്തിയത്. കഞ്ഞിക്കുഴി ബാങ്കിലെ സന്ദർശനത്തിനു ശേഷം ഹൗസ് ബോട്ട് യാത്ര നടത്തിയ സംഘം ഇടുക്കി, എറണാകുളം ജില്ലകളും സന്ദർശിച്ച് 15ന് മടങ്ങും.
സാമ്പത്തിക ഇടപാടുകൾ മാത്രം നടത്തുന്ന ഒഡിഷയിലെ സഹകരണ ബാങ്കുകൾക്ക് മാതൃകയാക്കാൻ കഴിയുന്ന നിരവധി പദ്ധതികളാണ് കഞ്ഞിക്കുഴി സർവിസ് സഹകരണ ബാങ്ക് സംഘടിപ്പിക്കുന്നതെന്ന് സംഘാംഗങ്ങൾ പറഞ്ഞു. ജനിക്കുന്ന കുഞ്ഞുങ്ങൾക്കായി ആവിഷ്കരിച്ച ബാലമിത്ര പദ്ധതിയും സൈക്കിൾ വായ്പയും ലൈഫ് ഷെയർ പദ്ധതിയും വനിത സെൽഫിയും ഷീ ഫ്രണ്ട്ലിയുമെല്ലാം സംഘാംഗങ്ങൾ മനസ്സിലാക്കി. കാർഷിക മേഖലയിൽ ബാങ്ക് നടപ്പാക്കുന്ന കാർഷിക ആശുപത്രിയും കാർഷിക സ്കൂളുമെല്ലാം അത്ഭുതമുണ്ടാക്കുന്നുവെന്ന് പ്രതിനിധികൾ സന്ദർശക ഡയറിയിൽ കുറിച്ചു.
ബാങ്ക് പ്രസിഡന്റ് അഡ്വ. എം. സന്തോഷ് കുമാർ, ഭരണ സമിതി അംഗങ്ങളായ ജി. മുരളി, വി. പ്രസന്നൻ, ടി.ആർ. ജഗദീശൻ, കെ. ഷൺമുഖൻ, സുരേഷ് ബാബു, വിജയ മുരളി കൃഷ്ണൻ, പ്രസന്ന മുരളി, കാർഷിക ഉപദേശക സമിതി കൺവീനർ ജി. ഉദയപ്പൻ, സെക്രട്ടറി പി.ടി. ശശിധരൻ എന്നിവർ ബാങ്കിന്റെ വിവിധ പദ്ധതികൾ വിശദീകരിച്ചു. കേരള ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ കെ.ചന്ദ്രശേഖരൻ നായർ, സീനിയർ മാനേജർ ബി. ഷമീർ എന്നിവരും സന്ദർശക സംഘത്തിനൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.