ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി അ​ത്യാ​ഹി​ത​വി​ഭാ​ഗം

വിദഗ്ധ ചികിത്സയില്ല; ആലപ്പുഴ ജനറൽ ആശുപത്രിയിൽ രോഗികൾക്ക് ദുരിതം

ആലപ്പുഴ: കോവിഡിനൊപ്പം അടിസ്ഥാന സൗകര്യങ്ങളും ചികിത്സ സംവിധാനങ്ങളും നിലച്ച ആലപ്പുഴ ജനറൽ ആശുപത്രിയിൽ രോഗികൾക്ക് ദുരിതകാലം. കോവിഡ് നിയന്ത്രണത്തിന്‍റെ പേരിൽ അടച്ചുപൂട്ടിയ രക്തബാങ്ക്, കാത്ത്ലാബ്, ട്രോമാകെയർ അടക്കമുള്ള സംവിധാനങ്ങൾ ഇനിയും തിരിച്ചെത്തിയിട്ടില്ല.

ഇതോടെ, പനിയും ചുമയും അടക്കമുള്ള ചെറിയ രോഗങ്ങൾ വന്നാൽപോലും ആളുകൾ നേരെപായുന്നത് 10കിലോമീറ്റർ അകലെയുള്ള വണ്ടാനത്തെ മെഡിക്കൽ കോളജിലേക്കാണ്. നഗരഹൃദയത്തിലെ 'ജനറൽ ആശുപത്രി' ഒഴിവാക്കിയുള്ള ഈ യാത്ര വേണ്ടത്ര ഡോക്ടർമാരും ചികിത്സ സൗകര്യങ്ങളും ഇല്ലാത്തതിനാൽ മെച്ചപ്പെട്ട ചികിത്സനിഷേധിക്കുമോയെന്ന ഭയം മൂലമാണ്. ജനറൽ ആശുപത്രിയെന്ന ബോർഡിലെ പദവി മാത്രമാണുള്ളത്. വിദഗ്ധ ചികിത്സക്ക് ആലപ്പുഴയിൽ ഇപ്പോഴും സംവിധാനമില്ലെന്നതാണ് ഞെട്ടിക്കുന്ന യാഥാർഥ്യം.

വികസനത്തിന്‍റെ ഭാഗമായി കിഫ്ബിവഴി 117 കോടി ചെലവഴിച്ച് നിർമിക്കുന്ന ഏഴുനിലകെട്ടിടം താമസിയാതെ തുറക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ഇതോടെ, പഴയകെട്ടിടങ്ങളിൽ ചിതറികിടക്കുന്ന ഒ.പി ബ്ലോക്ക് ഉൾപ്പെടെ വിവിധ വിഭാഗങ്ങൾ ഒരുകുടക്കീഴിലാകും.

പഴയ മെഡിക്കൽ കോളജ് ആശുപത്രി പ്രവർത്തിച്ച നഗരത്തിലെ പഴയകെട്ടിടത്തിൽ തന്നെയാണ് ഇപ്പോഴും ജനറൽ ആശുപത്രിയുടെ പ്രവർത്തനം. മെഡിസിൻ വിഭാഗത്തിൽ തീവ്രപരിചരണവിഭാഗം പോലുമില്ലാത്ത ആശുപത്രിയെ രോഗികളും കൈയൊഴിയുകയാണ്. ദിനംപ്രതി രോഗികളുടെ എണ്ണം കുറഞ്ഞിട്ടും കാരണങ്ങൾ കണ്ടെത്തി പരിഹരിക്കാനുള്ള നടപടി ആരോഗ്യവകുപ്പിന്‍റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നാണ് പ്രധാന പരാതി.

നിലവിൽ കാര്യക്ഷമായി പ്രവർത്തിക്കുന്നത് ഡയാലിസിസ് യൂനിറ്റാണ്. കോവിഡ് തരംഗത്തിൽ 'കോവിഡ് ആശുപത്രിയായി' മാറിയതോടെയാണ് രോഗികൾക്ക് ദുരിതം ഇരട്ടിയായത്. എന്നാൽ, കോവിഡ് നിയന്ത്രണം എടുത്തുകളഞ്ഞിട്ടും നേരത്തേ കിട്ടിയിരുന്ന പല ചികിത്സ സംവിധാനങ്ങളും തിരിച്ചെത്തിയില്ല.

ഫാർമസിയിൽനിന്ന് ജീവൻരക്ഷ മരുന്നുകളടക്കം പലതും കിട്ടാതായി. ജില്ലയിൽ ഏറ്റവും പഴക്കംചെന്ന കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആതുരാലയമാണിത്. മെഡിക്കൽ കോളജിന് സമാനരീതിയിൽ സൗകര്യം വർധിപ്പിച്ച് നിലവാരം ഉയർത്തുമെന്ന പ്രഖ്യാപനത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. നഗരത്തിലും ബൈപാസിലും ഉണ്ടാകുന്ന വാഹനാപകടത്തിൽ പരിക്കേവരെ ആദ്യമെത്തിക്കുന്ന ആശുപത്രിയെന്ന നിലയിൽ വേണ്ടത്ര പരിഗണന പലപ്പോഴും കിട്ടാറില്ല.

ഉദ്ഘാടനം കഴിഞ്ഞിട്ടും ട്രോമാകെയർ യൂനിറ്റിന്‍റെ പ്രവർത്തനവും അവതാളത്തിലാണ്. ആധുനിക രക്തബാങ്ക്, ട്രോമാകെയർ യൂനിറ്റ് എന്നിവക്കായി വാങ്ങിയ ഉപകരണങ്ങളും നാശത്തിന്‍റെവക്കിലാണ്. ആലപ്പുഴ നഗരസഭക്കാണ് ഇപ്പോൾ ആശുപത്രിയുടെ ചുമതല. രക്തബാങ്ക്, കാത്ത്ലാബ്, ട്രോമാകെയർ എന്നിവയടക്കമുള്ള സംവിധാനങ്ങൾ ആരംഭിക്കാൻ നഗരസഭ തീരുമാനിച്ചെങ്കിലും നടപടിയായിട്ടില്ല.

Tags:    
News Summary - No specialist treatment; Patients in distress at Alappuzha General Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.