എ.എം. ആരിഫ് എട്ട് ആംബുലൻസുകളാണ് എം.പി ഫണ്ടിൽനിന്ന് തുക അനുവദിച്ച് ലഭ്യമാക്കിയത്
ആലപ്പുഴ: കോവിഡ് കാലത്ത് ആംബുലൻസിനുവേണ്ടി നിരന്തര ആവശ്യം ഉയർന്നപ്പോൾ എം.പി ഫണ്ടിൽനിന്ന് നൽകിയ ആംബുലൻസുകൾ പലതും രോഗികൾക്ക് ഉപകാരപ്പെടുന്നില്ല. ധനവകുപ്പ് ശമ്പളവും ഇന്ധനച്ചെലവും വഹിക്കാത്തതാണ് പ്രശ്നം. എ.എം. ആരിഫ് എട്ട് ആബുലൻസുകളാണ് എം.പി ഫണ്ടിൽനിന്ന് തുക അനുവദിച്ച് ലഭ്യമാക്കിയത്. ആരോഗ്യമന്ത്രിയാണ് ഫ്ലാഗ് ഓഫ് ചെയ്തത്. എന്നാൽ, ആംബുലൻസ് ഓടിക്കാൻ ഫണ്ടിനായി ധനവകുപ്പിന്റെ ഉടക്ക് മറികടക്കാൻ പലവിധ ഇടപെടലും നടത്തിയിട്ടും രക്ഷയില്ല.
2019 -20 കാലത്താണ് ബ്ലോക്ക് പഞ്ചായത്തുകൾക്കായി എം.പി ആംബുലൻസുകൾ അനുവദിച്ചത്. ഡ്രൈവർക്ക് ശമ്പളം നൽകാനും ഇന്ധനത്തിനും പണമില്ലെന്നു ധനവകുപ്പ് അറിയിക്കുക മാത്രമല്ല തദ്ദേശ സ്ഥാപനങ്ങൾക്ക് ഇതിന് അനുമതി നൽകാനും തയാറായില്ല.
ആറ് പഞ്ചായത്തുകൾ സ്വന്തം ഫണ്ട് ഉപയോഗിക്കാതെ പിന്നീട് മറ്റു വഴികളിൽ പണം കണ്ടെത്തി ആംബുലൻസുകൾ ഓടിക്കാൻ തുടങ്ങി. തൃക്കുന്നപ്പുഴ, തണ്ണീർമുക്കം ആശുപത്രികൾക്ക് നൽകിയവ ഓടാതെ നശിക്കാനും തുടങ്ങി. മൂന്ന് വർഷത്തിനുശേഷം തൃക്കുന്നപ്പുഴയിലേത് ഈയിടെ ഓടിത്തുടങ്ങി. ഇത് ഓടിക്കാൻ നേരത്തേ ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് മെയിന്റനൻസ് ഗ്രാന്റിൽ ഉൾപ്പെടുത്തി പണം അനുവദിച്ചിരുന്നു.
ഇതും ധനവകുപ്പ് അംഗീകരിച്ചില്ല. ഇപ്പോൾ ജനറൽ പർപ്പസ് ഗ്രാന്റ് എടുത്താണ് ഓടിക്കുന്നത്. തണ്ണീർമുക്കം ആശുപത്രിക്ക് നൽകിയ ആംബുലൻസ് ഇതുവരെ ഓടിയിട്ടില്ലെന്നല്ല, അനങ്ങിയിട്ടു പോലുമില്ല. ഈ വിഷയത്തിൽ ഇടപെടാൻ താൻ തദ്ദേശഭരണ മന്ത്രിയെ ഒട്ടേറെത്തവണ ബന്ധപ്പെട്ടിരുന്നുവെന്ന് ആരിഫ് എം.പി പറഞ്ഞു. ധനവകുപ്പിൽനിന്നാണ് നടപടിയുണ്ടാകേണ്ടതെന്ന് അറിയിച്ചതോടെ ആ മന്ത്രിയെയും കണ്ടു. ഫലമുണ്ടായിട്ടില്ലെന്ന് എം.പി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.