ആലപ്പുഴ: കടപ്പുറം വനിത-ശിശു ആശുപത്രിക്ക് സമീപത്തെ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി. എട്ടുദിവസം പ്രായം തോന്നിക്കുന്നമൂന്ന് കിലോ 115ഗ്രാം തൂക്കമുള്ള ആൺകുട്ടിയെയാണ് ലഭിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് 1.30നായിരുന്നു സംഭവം. അമ്മത്തൊട്ടിൽ സ്ഥാപിച്ചശേഷം ആദ്യമായിട്ടാണ് ആൺകുട്ടിയെ ലഭിച്ചത്. അലാറം കേട്ട് എത്തിയ ആരോഗ്യപ്രവർത്തകർ കുഞ്ഞിനെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി.
നിലവിൽ വനിത-ശിശു ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളില്ല. ആശുപത്രി അധികൃതർ വൈദ്യപരിശോധന റിപ്പോർട്ട് നൽകുന്ന മുറക്ക് ശിശുക്ഷേമസമിതി ഏറ്റെടുത്തത് ശിശുപരിചരണകേന്ദ്രത്തിലേക്ക് മാറ്റും. ഈവർഷം ലഭിക്കുന്ന മൂന്നാമത്തെയും അമ്മത്തൊട്ടിൽ സ്ഥാപിച്ചശേഷം കിട്ടുന്ന 19ാമത്തെയും നവജാതശിശുവാണ്. കുഞ്ഞിന് ‘തണൽ’ എന്ന പേര് നൽകിയതായി ശിശുക്ഷേമസമിതി ജന. സെക്രട്ടറി ജി.എൽ. അരുൺഗോപി പറഞ്ഞു.
മേയ് നാലിനാണ് അവസാനമായി കിട്ടിയത്. അന്ന് ലഭിച്ച ഒരാഴ്ച പ്രായമായ പെൺകുട്ടിക്ക് ‘കാശ്മീര’ എന്ന പേരാണിട്ടത്. കശ്മീരിലെ പഹൽഗ്രാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നിഷ്കളങ്കരായ മനുഷ്യരെ സ്മരിച്ചും ഇന്ത്യയുടെ മാനവിക ഐക്യത്തെ ഊട്ടി ഉറപ്പിച്ചുമാണ് ആ പേര് നൽകിയത്.
സ്വകാര്യഹോട്ടലും ഓട്ടോസ്റ്റാൻഡും നിരവധി കച്ചവടക്കാരും വന്നതോടെ അമ്മത്തൊട്ടിലിൽ കുട്ടിയെ കൊണ്ടുവെക്കാനുള്ള സ്വകാര്യത നഷ്ടപ്പെട്ടതായി ആരോപണമുണ്ട്. വി.ആർ. കൃഷ്ണതേജ ജില്ല കലക്ടറായിരുന്ന സമയത്ത് അമ്മത്തൊട്ടിൽ മാറ്റിസ്ഥാപിക്കാനുള്ള സ്ഥലം കണ്ടെത്തിയെങ്കിലും നടപ്പായില്ല.
സമാനരീതിയിൽ വണ്ടാനം മെഡിക്കൽകോളജ് ആശുപത്രി ഗൈനക്കോളജി വാർഡിനോട് ചേർന്ന് അമ്മത്തൊട്ടിൽ നിർമിക്കാനുള്ള പദ്ധതിയും എങ്ങുമെത്തിയില്ല. അതേസമയംഅമ്മത്തൊട്ടിലിൽ കുട്ടികളെ ഉപേക്ഷിക്കുന്നവർക്കുന്നവരെക്കുറിച്ച് അന്വേഷണമുണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.