ആലപ്പുഴ: 71ാമത് നെഹ്റു ട്രോഫി വള്ളംകളിയെ വരവേൽക്കാൻ പുന്നമട ഒരുങ്ങി. വിവിധ വിഭാഗത്തിലായി മാറ്റുരക്കുന്നത് 71 വള്ളങ്ങളാണ്. 21 ചുണ്ടൻ വള്ളങ്ങളാണ് പോരിനിറങ്ങുന്നത്. ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെഹ്റു പവിലിയന്റെയും താൽക്കാലിക ഗാലറികളുടെയും നിർമാണം അവസാനഘട്ടത്തിലാണ്. ഇക്കുറി യന്ത്രവത്കൃത സ്റ്റാർട്ടിങ്-ഫിനിഷിങ് സംവിധാനത്തിനൊപ്പം ഫിനിഷിങ് പോയന്റിൽ വെർച്വൽ ലൈനും ക്രമീകരിച്ചിട്ടുണ്ട്. തർക്കമുണ്ടായാൽ വീണ്ടും വിഡിയോ പ്രദർശിപ്പിച്ച് തീരുമാനമെടുക്കും.
വള്ളങ്ങളുടെ സമയക്രമം ഇനിമുതൽ മിനിറ്റിനും സെക്കൻഡിനും ശേഷമുള്ള മില്ലിസെക്കൻഡ് (മൂന്ന് ഡിജിറ്റ്) നിജപ്പെടുത്തും. അപ്രകാരം വള്ളങ്ങൾ ഒരേപോലെ വന്നാൽ നറുക്കെടുപ്പിലൂടെ വിജയിയെ പ്രഖ്യാപിക്കും. ആദ്യആറുമാസം ആർക്കെന്നതും നറുക്കെടുപ്പിലൂടെ തീരുമാനിക്കും.
പാസുള്ളവർക്ക് മാത്രം പ്രവേശനം
പാസുള്ളവര്‍ക്ക് മാത്രമാണ് വള്ളംകളി കാണാൻ ഗാലറികളിലേക്ക് പ്രവേശനം അനുവദിക്കുക. ഇതിനായി ഫിനിഷിങ് പോയന്റിലേക്കുള്ള റോഡില്‍ പ്രത്യേക ബാരിക്കേഡ് ഉണ്ടാകും. സി-ഡിറ്റ് തയാറാക്കിയ ഹോളോഗ്രാം പതിച്ച ടിക്കറ്റുകളാണ് നൽകുക. പാസില്ലാതെ കയറുന്നവര്‍ക്കും വ്യാജ പാസുകളുമായി എത്തുന്നവര്ക്കുമെതിരെ നടപടിയുണ്ടാകും. വള്ളംകളി കഴിഞ്ഞ് നെഹ്റു പവിലിയനില്‍നിന്ന് തിരികെ പോകാൻ ജലഗതാഗത വകുപ്പിന്റെ യാത്രബോട്ടുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നിയമം ലംഘിക്കുന്നവരെ പിടികൂടും
വള്ളംകളിയുടെ നിയമാവലി പാലിക്കാത്ത വള്ളങ്ങളെയും തുഴച്ചിലുകാരെയും കണ്ടെത്താനും മറ്റു നിയമലംഘനങ്ങള്‍ നിരീക്ഷിക്കാനും വിഡിയോ കാമറകളുണ്ട്. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടിയെടുക്കും. മത്സരസമയത്ത് കായലില്‍ ഇറങ്ങിയും മറ്റും മത്സരം തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നവരെ അറസ്റ്റ് ചെയ്യും. വള്ളംകളി കാണാൻ പുന്നമടക്കായലില്‍ നെഹ്റു പവിലിയന്റെ വടക്കുഭാഗം മുതല്‍ ഡോക്ക് ചിറവരെ നിശ്ചിത ഫീസ് അടക്കാതെ നിര്‍ത്തിയിടുന്ന മോട്ടോര്‍ ബോട്ടുകള്‍, ഹൗസ് ബോട്ടുകള്‍, മറ്റു യാനങ്ങള്‍ എന്നിവക്കെതിരെ നടപടി സ്വീകരിക്കും.
ഈ മേഖലയില്‍ ബോട്ടുകളും മറ്റും നിര്‍ത്തിയിട്ട് വള്ളംകളി കാണുന്നതിന് ആലപ്പുഴ റവന്യൂ ഡിവിഷന് ഓഫിസില്‍ നിശ്ചിത ഫീസ് അടച്ച് മുന്‍കൂര്‍ അനുമതി വാങ്ങണം. രാവിലെ എട്ടിനുശേഷം അനധികൃതമായി ട്രാക്കിൽ പ്രവേശിക്കുന്ന ബോട്ടുകളും ജലയാനങ്ങളും പിടിച്ചെടുത്ത് ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. ശനിയാഴ്ച രാവിലെ ആറു മുതൽ ജില്ലകോടതി പാലം മുതൽ ഫിനിഷിങ് പോയന്റുവരെ കനാലിന്റെ ഇരുവശങ്ങളുടെ പാർക്കിങ് നിരോധിച്ചു.
പാസെടുത്തവർ രാവിലെ 10ന് എത്തണം
ടൂറിസ്റ്റ് ഗോള്‍ഡ്, സില്‍വര്‍ പാസുകള്‍ എടുത്തവര്‍ ബോട്ടില്‍ നെഹ്റു പവലിയനിലേക്ക് പോകുന്നതിന് രാവിലെ പത്തിന് ഡി.ടി.പി.സി ജെട്ടിയില്‍ എത്തണം. വള്ളംകളി കാണുന്നതിന് ബോട്ട് ഉൾപ്പെടെ പാസ് എടുത്തവരും ഈസമയത്ത് വരണം. അതിനുശേഷം ഡി.ടി.പി.സി ജെട്ടി മുതൽ പുന്നമട കായലിലേക്കും തിരിച്ചും ബോട്ട് സർവിസ് അനുവദിക്കില്ല.
അഞ്ച് ജെട്ടികളിൽനിന്ന് ബോട്ട് സർവിസ്
വള്ളംകളി കാണാനെത്തുന്നവർക്കായി അഞ്ച് ജെട്ടികളിൽനിന്ന് ബോട്ട് സർവിസ്. പ്ലാറ്റിനം കോർണർ-മാളികയിൽ പേ ആൻഡ് പാർക്ക് ജെട്ടി, ഇൻവിറ്റേഷൻ പാസ്-രാജീവ് ജെട്ടി, വി.വി.ഐ.പി ആൻഡ് പ്രസ്-ലേക് പാലസ് ജെട്ടി, ടൂറിസ്റ്റ് ഗോൾഡ്-ഡി.ടി.പി.സി ജെട്ടി, ടൂറിസ്റ്റ് സിൽവർ-എസ്.ഡബ്ല്യു.ടി.സി ജെട്ടി, റോസ് കോർണർ, വിക്ടറി ലൈൻ, ലേക്വ്യൂ, ലോൺ-ടൂറിസം ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിന് സമീപം, ഓൾ വ്യൂ-പോഞ്ഞിക്കര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.