ആലപ്പുഴ: ആഗസ്റ്റ് 30ന് പുന്നമടയിൽ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റം. ഇക്കുറിയുള്ളത് 29 ഇന നിയമങ്ങൾ. പതിറ്റാണ്ടുകളായി 22ഇന നിയമങ്ങളാണ് ഉണ്ടായിരുന്നത്. ടെക്നിക്കൽ കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരമാണ് മാറ്റം. കഴിഞ്ഞതവണ ചുണ്ടൻവള്ളങ്ങളുടെ ഫൈനൽ വിധിനിർണയത്തിലടക്കമുണ്ടായ തർക്കം വിവാദങ്ങൾക്ക് തിരിതെളിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ഇക്കുറി പരാതികളില്ലാതെ നെഹ്റുട്രോഫി വള്ളംകളി നടത്താൻ ടെക്നിക്കൽ കമ്മിറ്റി രൂപവത്കരിച്ചത്. ഇവർ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് കൂടുതൽ നിയമങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്. തിങ്കളാഴ്ച വൈകീട്ട് 4.30ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ എൻ.ടി.ബി.ആർ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം ചേരും. ഈ യോഗത്തിൽ പുതിയ നിയമാവലിക്ക് അംഗീകാരം നൽകുമെന്നാണ് വിവരം.
കഴിഞ്ഞതവണ ഫൈനൽ സ്റ്റാർട്ടിങ്ങിലും പ്രശ്നം ഉണ്ടായിരുന്നു. ചുണ്ടൻവള്ളങ്ങളുടെ ഫൈനലിൽ തുഴച്ചിലുകാർ തയാറാകുന്നതിന് മുമ്പ് മത്സരം തുടങ്ങിയെന്നാണ് ആരോപണം. പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ കാരിച്ചാൽ ചുണ്ടൻ 0.5 മില്ലി സെക്കൻഡ് വ്യത്യാസത്തിലാണ് വിജയിച്ചത്. വില്ലേജ് ബോട്ട് ക്ലബ് കൈനകരിയുടെ വീയപുരത്തെയാണ് പരാജയപ്പെടുത്തിയത്. വിധിനിർണയത്തിലെ തർക്കം കോടതിവരെ കയറിയ സാഹചര്യത്തിലാണ് പുതിയ നിയമങ്ങൾ കൂടി നടപ്പാക്കുന്നത്.
അതേസമയം, ജലപരീക്ഷണം പൂർത്തിയായിട്ടും സ്റ്റാർട്ടിങ്-ഫിനിഷിങ് ഡിവൈസ് കാര്യത്തിൽ തീരുമാനം ആയിട്ടില്ല. താൽപര്യപത്രം സമർപ്പിച്ച മയൂരം ക്രൂയിസിന് തന്നെ ചുമതല നൽകാനാണ് സാധ്യത. ഇക്കാര്യവും എൻ.ടി.ബി.ആർ യോഗത്തിൽ തീരുമാനമാകും.
അതേസമയം, ഫിനിഷിങ്ങിലെ ടൈമർ ഒരുക്കുന്നിന് ക്വട്ടേഷൻ ക്ഷണിച്ചെങ്കിലും ആരും താൽപര്യം കാണിച്ചില്ല. അനുവദിച്ച സമയം കഴിഞ്ഞ് രണ്ട് കമ്പനി രംഗത്ത് വന്നിട്ടുണ്ട്. ഈകമ്പനിയുടെ ചുമതലക്കാരുടെ യോഗവും ചേരും. ഫിനിഷിങ് സംവിധാനത്തിന്റെ അവതരണവുമുണ്ടാകും. ഓരോട്രാക്കിലെയും വള്ളം ഫിനിഷ് ചെയ്യുമ്പോൾ ടൈമർ നിശ്ചയലമാകുന്ന രീതിയിലാകും ക്രമീകരണം. എൻ.ടി.ബി.ആർ യോഗത്തിനുശേഷം വള്ളങ്ങളുടെ രജിസ്ട്രേഷനും ആരംഭിക്കും.
ടൈറ്റിൽ സ്പോൺസറെ കണ്ടെത്താൻ നാളെ യോഗം
ആലപ്പുഴ: നെഹ്റുടോഫി ടൈറ്റിൽ സ്പോൺസറെ കണ്ടെത്താൻ സന്നദ്ധയുമായെത്തി മൂന്ന് ഏജൻസികളുടെ യോഗം ചൊവ്വാഴ്ച കലക്ടറേറ്റിൽ ചേരും. ഓണത്തോടനുബന്ധിച്ച് എത്തുന്ന വള്ളംകളിയിൽ വരുമാനം കണ്ടെത്തുന്നതാണ് പ്രധാന വെല്ലുവിളി. സി.ബി.എൽ ഇക്കുറി ഭാഗമല്ലാത്തതും പ്രശ്നമാണ്. ഗ്രാൻഡായി സർക്കാർ നൽകുന്ന ഒരു കോടിയടക്കം 3.78 കോടിയുടെ ബജറ്റാണ് പ്രതീക്ഷിക്കുന്നത്. സ്പോൺസറിങ്ങിലൂടെ ഇത് സമാഹരിക്കാൻ മൂന്ന് ഏജൻസികളെയും നിയോഗിച്ചിരുന്നു. ഒന്നര മുതൽ രണ്ടു കോടിവരെ സ്പോൺസർമാരിൽനിന്ന് കണ്ടെത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷ. പ്രചാരണം കൊഴുപ്പിക്കാൻ പ്രമോ വിഡിയോയും തയാറാക്കും. ഇത് ദൃശ്യമാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലുടെ പ്രചാരണം കൊഴുപ്പിച്ച് പരസ്യവരുമാനം കൂട്ടാമെന്നാണ് കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.