ആലപ്പുഴ: വള്ളംകളി പ്രേമികൾ കാത്തിരിക്കുന്ന നെഹ്റുട്രോഫി ജലമേളയുടെ ആരവത്തിലേക്ക് ആലപ്പുഴക്കാർ. ആഗസ്റ്റ് 10നാണ് ഇക്കുറി വള്ളംകളി. ജലോത്സവത്തിന് തുടക്കമിട്ട് ഈമാസം 22ന് ചമ്പക്കുളം മൂലം വള്ളംകളി നടക്കും. ചമ്പക്കുളത്ത് പമ്പയാറിന് ഇരുകരകളിലുമായി ആവേശംവിതറുന്ന മത്സരത്തിന് നെഹ്റുട്രോഫിക്ക് മാറ്റുരക്കുന്ന പ്രമുഖവള്ളങ്ങൾ പങ്കെടുക്കും. വെള്ളപ്പൊക്കവും കോവിഡും നിമിത്തം ട്രാക്ക് തെറ്റിയ വള്ളംകളി കഴിഞ്ഞവർഷമാണ് ആഗസ്റ്റ് രണ്ടാം ശനിയാഴ്ചയെന്ന പതിവിലേക്ക് തിരിച്ചെത്തിയത്. 2002ൽ കുമരകം ബോട്ടുദുരന്തം ഉണ്ടായപ്പോഴാണ് വള്ളംകളിയുടെ ചരിത്രത്തിൽ ആദ്യമായി തീയതി മാറ്റമുണ്ടായത്.
ചമ്പക്കുളം മൂലം ജലോത്സവ സമിതി സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം സബ് കലക്ടർ സമീർ കിഷൻ നിർവഹിക്കുന്നു
ആവർഷം സെപ്റ്റംബർ 13ന് വള്ളംകളി നടത്തി. പിന്നീട് വർഷങ്ങളോളം മാറ്റമില്ലാതിരുന്ന മത്സരത്തിന്റെ തീയതിയും മാസവും മാറിയത് 2018ലാണ്. കുട്ടനാട്ടിനെ പ്രളയത്തിൽ മുക്കിയ ആ വർഷം മാറ്റം അനിവാര്യമായിരുന്നു. പ്രളയത്തെ അതിജീവിച്ചെത്തിയ ആവർഷം നവംബറിലായിരുന്നു മത്സരം. 2019ലും വെള്ളപ്പൊക്കം മത്സരക്രമം മാറ്റിമറിച്ചു. അന്ന് ആഗസ്റ്റ് 12ന് നിശ്ചയിച്ചിരുന്ന ജലോത്സവം ആഗസ്റ്റ് 31ലാണ് നടത്തിയത്. കോവിഡ് കാരണം 2020, 2021 വർഷങ്ങളിൽ മത്സരം ഉപേക്ഷിച്ചിരുന്നു. കഴിഞ്ഞ വർഷം 2.87 കോടിയുടെ വരുമാനമാണ് സൊസൈറ്റി നേടിയത്. ചെലവുകൾ കഴിഞ്ഞ് 3.28 ലക്ഷം രൂപയാണ് മിച്ചം.
ആലപ്പുഴ: ചമ്പക്കുളം മൂലം ജലോത്സവ സമിതി സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും സബ് കലക്ടർ സമീർ കിഷൻ നിർവഹിച്ചു. മുൻ എം.എൽ.എ. കെ.കെ. ഷാജു അധ്യക്ഷത വഹിച്ചു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജിൻസി ജോളി, ജില്ല പഞ്ചായത്തംഗം ബിനു ഐസക് രാജു, പഞ്ചായത്ത് പ്രസിഡന്റുമാരായ ജലജകുമാരി, മിനി മന്മദൻ, ജലോത്സവ കമ്മറ്റി കൺവീനറും കുട്ടനാട് തഹസിൽദാറുമായ പി.വി. ജയേഷ്, എക്സിക്യൂട്ടീവ് ഭാരവാഹികളായ ജോസ് കാവനാട്, എ.വി. മുരളി, കെ. ഗോപകുമാർ, ജോപ്പൻ ജോയി, വർഗ്ഗീസ് വല്ല്യാക്കൻ, മുട്ടാർ ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
ആലപ്പുഴ: ആഗസ്റ്റ് രണ്ടാം ശനിയാഴ്ച പുന്നമടക്കായലിൽ നടക്കുന്ന 70ാമത് നെഹ്റുട്രോഫി വള്ളംകളിക്ക് 2,45,82,000 രൂപ ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റ്. കലക്ടറേറ്റിൽ ചേർന്ന നെഹ്റുട്രോഫി ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം. ക്ലബ്ബുകൾക്കുള്ള ബോണസ്, വള്ളം ഉടമകൾക്കുള്ള മെയിന്റനൻസ് ഗ്രാന്റ് എന്നിവ 10 ശതമാനം വർധിപ്പിച്ചു. കഴിഞ്ഞ വർഷവും 10 ശതമാനം കൂട്ടിയിരുന്നു. ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി 50 ലക്ഷം രൂപ, പബ്ലിസിറ്റി കമ്മിറ്റി 6.82 ലക്ഷം, ഫുഡ് ആൻഡ് അക്കൊമഡേഷൻ നാല് ലക്ഷം, കൾച്ചറൽ കമ്മിറ്റി ഏഴ് ലക്ഷം (കൂടുതൽ തുക ആവശ്യമെങ്കിൽ വർധിപ്പിക്കും), ബോണസ് 85 ലക്ഷം, മെയിന്റനൻസ് ഗ്രാന്റ് 18 ലക്ഷം, സോഷ്യൽ മീഡിയ ഏഴ് ലക്ഷം, യൂനിഫോം ആറ് ലക്ഷം, ക്യാഷ് പ്രൈസ് ആൻഡ് മെമെന്റോ ഏഴ് ലക്ഷം എന്നിവ ഉൾപെടുത്തിയാണ് 2.45 കോടി രൂപയുടെ ബജറ്റ്
ആലപ്പുഴ കലക്ടറേറ്റിൽ ചേർന്ന നെഹ്റുട്രോഫി ജലമേളയുടെ ജനറൽ ബോഡി യോഗം
80 ലക്ഷം ടിക്കറ്റ് വരുമാനവും സംസ്ഥാന ടൂറിസം വിഹിതമായ ഒരുകോടിയും സ്പോൺസർഷിപ്പിലൂടെ സമാഹരിക്കുന്ന 60 ലക്ഷവും പ്രതീക്ഷിക്കുന്നുണ്ട്. പി.പി. ചിത്തരഞ്ജൻ എം.എൽ.എ, സൊസൈറ്റി ചെയർമാൻ കൂടിയായ ജില്ല കലക്ടർ അലക്സ് വർഗീസ് അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ, എൻ.ടി.ബി.ആർ. സൊസൈറ്റി സെക്രട്ടറി കൂടിയായ സബ് കലക്ടർ സമീർ കിഷൻ, ഇൻഫ്രാസ്ട്രക്ചർ സബ് കമ്മിറ്റി കൺവീനർ എം.സി. സജീവ് കുമാർ, മുൻ എം.എൽ.എ.മാരായ സി.കെ. സദാശിവൻ, കെ.കെ. ഷാജു, എ.എ. ഷുക്കൂർ, പബ്ലിസിറ്റി സബ് കമ്മിറ്റി കൺവീനർ കെ.എസ്. സുമേഷ് തുടങ്ങിയവർ സംസാരിച്ചു.
ആലപ്പുഴ: എൻ.ടി.ബി.ആർ. സൊസൈറ്റിയുടെ ടിക്കറ്റ് വരുമാനം വർധിപ്പിക്കാൻ ഉയർന്ന നിരക്ക് വാങ്ങിയുള്ള ലക്ഷ്വറി ബോക്സ് ഇത്തവണ തയാറാക്കും. ഇവിടെ മികച്ച സൗകര്യങ്ങളോടെ ഇരുന്ന് വള്ളംകളികാണുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കും. ഇവിടെ ഒരാൾക്ക് 10,000 രൂപയും കുടുംബങ്ങൾക്ക് (മൂന്ന് പേർക്ക്) 25,000 രൂപയുമാണ് നിരക്ക് നിശ്ചയിട്ടുള്ളത്.
ടൂറിസ്റ്റ് ഗോൾഡ് നെഹ്റുപവലിയൻ-3000, ടൂറിസ്റ്റ് സിൽവർ നെഹ്റുപവലിയൻ-2500, റോസ് കോർണർ-1500, വിക്ടറി ലെയിൻ വുഡൻ ഗാലറി-500, ആൾ വ്യൂ വുഡൻ ഗാലറി-300, ലേക്ക് വ്യൂ ഗോൾഡ് വുഡൻ ഗാലറി-200, ലോൺ-100 എന്നിങ്ങനെയാണ് നിരക്ക്. റോസ് കോർണറിൽ മാത്രം ടിക്കറ്റ് നിരക്ക് ആയരത്തിൽനിന്ന് 1500 രൂപയാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.