ആലപ്പുഴ നഗരത്തിലൂടെ തുറന്ന വാതിലുമായി സർവിസ് നടത്തുന്ന സ്വകാര്യ ബസ്
ആലപ്പുഴ: നഗരത്തിൽ സ്വകാര്യ ബസിടിച്ച് വിമുക്തഭടൻ മരിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് അന്വേഷണം തുടങ്ങി. വഴിയാത്രക്കാരനായ വിമുക്തഭടൻ ആലപ്പുഴ നഗരസഭ ഇരുവുകാട് വാർഡ് അഭയ ഭവനത്തിൽ രവീന്ദ്രൻ നായരാണ് (87) മരിച്ചത്. ബുധനാഴ്ച വൈകീട്ട് 5.45ന് ആലപ്പുഴ ജില്ല കോടതി പാലത്തിനു സമീപം നടന്നുപോകുമ്പോൾ സ്വകാര്യ ബസ് തട്ടിയായിരുന്നു അപകടം.
ഇത് ഉറപ്പിക്കാൻ സമീപത്തെ സി.സി ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ച് വിശദമായ അന്വേഷണം നടത്താൻ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ രാംജി കെ. കരണിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു. പ്രാഥമിക അന്വേഷണത്തിൽ വിമുക്തഭടൻ തലകറങ്ങി വീണാണ് അപകടമുണ്ടായെന്നാണ് എം.വി.ഡിക്ക് ലഭിച്ച വിവരം.
ഇത് ഉറപ്പുവരുത്താൻ സ്ഥലത്ത് മോട്ടോർ വാഹന വകുപ്പ് ഉദ്യോസ്ഥർ സന്ദർശിച്ചു. അപകടശേഷം സ്വകാര്യ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അപകടം നടന്നത് അറിഞ്ഞിട്ടില്ലെന്നാണ് ബസ് ജീവനക്കാർ പൊലീസിന് നൽകിയ മൊഴി. അതേസമയം, ഒരാഴ്ചക്കുള്ളിൽ രണ്ട് അപകടങ്ങളാണ് നഗരത്തെ പിടിച്ചുകുലുക്കിയത്. സ്റ്റോപ്പിൽ ഇറങ്ങുന്നതിന് മുമ്പ് മുന്നോട്ടെടുത്ത സ്വകാര്യ ബസിൽനിന്ന് വീണ് എൻജിനീയറിങ് വിദ്യാർഥി തിരുവമ്പാടി അശ്വതിയിൽ ദേവീകൃഷ്ണക്ക് (23) പരിക്കേറ്റതാണ് അതിലൊന്ന്.
സംഭവത്തിന് പിന്നാലെ അശ്രദ്ധമായി വാഹനമോടിച്ചതിനും വിദ്യാർഥിയെ ആശുപത്രിയിലെത്തിക്കാതിരുന്ന ബസ് ജീവനക്കാർക്കെതിരെ സൗത്ത് പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈൻസസ് മൂന്നുമാസത്തേക്ക് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കിയിരുന്നു.
ഈമാസം 12ന് വൈകീട്ട് 3.20ന് വലിയ ചുടുകാട് ജങ്ഷനും തിരുവമ്പാടി ജങ്ഷനും ഇടയിലായിരുന്നു അപകടം. സംഭവത്തെത്തുടർന്ന് എം.വി.ഡി പരിശോധന കർശനമാക്കി എട്ട് ബസുകൾ പിടികൂടിയതിന് പിന്നാലെയാണ് നഗരമധ്യത്തിൽ വിമുക്തഭടന്റെ ജീവൻകവർന്ന മറ്റൊരു അപകടം.
റോഡുകളിലെ തിരക്കും അശ്രദ്ധമായ ഡ്രൈവിങ്ങും യാത്രക്കാർക്ക് വിനയാവുന്നു. സ്വകാര്യ ബസുകളടക്കം അമിതവേഗത്തിലാണ് സർവിസ് നടത്തുന്നത്. ഏഴുമാസത്തിനിടെ ജില്ലയിൽ 19 അപകടമരണമാണുണ്ടായത്. നഗരത്തിൽ മാത്രം വാഹനമിടിച്ച് ഈമാസം മൂന്നുപേരാണ് മരിച്ചത്. ആലപ്പുഴ ഇരവുകാട് വാർഡ് അഭയ ഭവനത്തിൽ രവീന്ദ്രൻനായരാണ് ഒടുവിലത്തെ ഇര.
ജില്ല കോടതി പാലത്തിനു സമീപം നടക്കുമ്പോഴാണ് രവീന്ദ്രൻനായരെ സ്വകാര്യ ബസിടിച്ചത്. കോടതിപ്പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ഇവിടെ പഴയ കെട്ടിടങ്ങളടക്കം പൊളിച്ചിട്ടിരിക്കുകയാണ്. ഇതുവഴി നടക്കാൻപോലും സ്ഥലമില്ല. ഇതിനിടെ വാഹനങ്ങളുടെ തിരക്കുമുണ്ട്.
കൊമ്മാടി ബൈപാസിൽ അതിവേഗത്തിലെത്തിയ കാറിടിച്ച് ചൊവ്വാഴ്ചയാണ് കളപ്പുര കിഴക്കേമംഗലം വീട്ടിൽ സുദക്ഷിണ (55) മരിച്ചത്. കൂടെയുണ്ടായിരുന്ന കളപ്പുര സ്വദേശിനി ബിന്ദു ഗുരുതരാവസ്ഥയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഈമാസം എഴിന് ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ അതിവേഗത്തിലെത്തിയ കാറിടിച്ച് ഭർത്താവ് മരിച്ചു.
ജനറൽ ആശുപത്രി ജങ്ഷനുസമീപം രാത്രി നടന്ന അപകടത്തിൽ പവർഹൗസ് വാർഡ് സ്വദേശി വാഹിദാണ് മരിച്ചത്. ആലപ്പുഴ ബൈപാസിലും അപകടങ്ങൾക്ക് കുറവില്ല. രാത്രിയും പുലർച്ചയുമാണ് കൂടുതൽ അപകടങ്ങൾ. നഗരത്തിൽ സ്വകാര്യ ബസുകളുടെ അമിതവേഗവും മത്സരയോട്ടവും നിരവധി അപകടങ്ങളാണുണ്ടാക്കുന്നത്. നഗരറോഡുകൾക്ക് വീതിയില്ലാത്തതും പാർക്കിങ്ങിനു സ്ഥലമില്ലാത്തതും പ്രതിസന്ധിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.