കായംകുളം: നഗരത്തിൽ നടപ്പാക്കുന്ന ശൗചാലയ മാലിന്യ സംസ്കരണ പദ്ധതി പ്രായോഗികമല്ലെന്ന് ആക്ഷേപം. പ്രായോഗിക പരിമതികൾ മനസ്സിലാക്കാതെയുള്ള പദ്ധതി ബാധ്യതയായി മാറുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.എം.എഫ്.എസ്.ടി.പി സംവിധാനത്തിന്റെ പരിമിതികളാണ് പ്രധാന പ്രശ്നം. സമാന പദ്ധതി ആലപ്പുഴ നഗരത്തിൽ പ്രായോഗിക പ്രതിസന്ധി നേരിടുകയാണ്.
ദ്രാവക രൂപത്തിലുള്ള മാലിന്യം മാത്രമെ നിലവിലെ സംവിധാനത്തിൽ സംസ്കരിക്കാൻ കഴിയുകയുള്ളൂവെന്നാണ് പറയുന്നത്. ചളിയായി കിടക്കുന്നതും പഴക്കമുള്ളതുമായ മാലിന്യം പമ്പ് ചെയ്തെടുക്കാൻ കഴിയില്ലത്രെ. കൂടാതെ ആധുനിക രീതിയിലുള്ള സെപ്റ്റിക് ടാങ്കുകളിൽ നിന്ന് ശേഖരിക്കാവുന്ന തരത്തിലാണ് വാഹനത്തിന്റെ രൂപകൽപന.
തൊടികളുടെ രൂപത്തിലുള്ള ടാങ്കുകളിൽ നിന്നും മാലിന്യം ശേഖരിക്കാൻ കഴിയില്ല. കായംകുളം ഭാഗത്തെ വീടുകളിൽ കൂടുതലും തൊടികളാണ് താഴ്ത്തിയിരിക്കുന്നത്. കൂടാതെ ഒരു ദിവസം രണ്ട് വീടുകളിൽ കൂടുതൽ മാലിന്യം സംസ്കരിക്കാൻ കഴിയില്ലെന്നത് പദ്ധതി നഷ്ടത്തിനും കാരണമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒരു സമയം ശേഖരിച്ച മാലിന്യം സംസ്കരിക്കുന്നതിന് നാല് മണിക്കൂറിൽ ഏറെ സമയം വേണമെന്നതാണ് കാരണം. നഗരത്തിലെ എല്ലാ വീടുകളിലും വാഹനത്തിന് ഓടിയെത്താൻ കഴിയില്ല എന്നതും പ്രശ്നമാണ്.
ഇടുങ്ങിയ ഇടവഴികളാണ് വാഹന യാത്രക്ക് പ്രതിസന്ധിയാകുന്നത്. ഇത്തരത്തിലുള്ള പ്രായോഗിക പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി ഒരു കൂടിയാലോചനകളും നടക്കാതിരുന്നതാണ് പ്രശ്നമായത്. സാധാരണ ഇത്തരം പദ്ധതികൾ നടപ്പാക്കുന്നതിന് മുമ്പ് കൗൺസിലർമാരുടെ സംഘം സമാനമായ നഗരസഭകൾ സന്ദർശിച്ച് പ്രായോഗികത മനസ്സിലാക്കിയ ശേഷമാണ് അനുമതി നൽകിയിരുന്നത്. തൊട്ടടുത്ത ആലപ്പുഴ നഗരസഭയിലെ സംവിധാനം പോലും നേരിൽ കാണാൻ അവസരം ഒരുക്കിയില്ല.
സ്ഥിരം സമിതി അധ്യക്ഷർ ഉൾപ്പെടുന്ന സ്റ്റിയറിങ് കമ്മിറ്റി, എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി എന്നിവിടങ്ങളിൽ ചർച്ച ഇല്ലാതെ ഏകപക്ഷീയമായി പദ്ധതിയിലേക്ക് കടക്കുകയായിരുന്നു. ഇത്തരം പദ്ധതികൾ നടപ്പാക്കുന്നത് സബന്ധിച്ച് ആറ് മാസം മുമ്പുള്ള നിർദേശം മറയാക്കിയായിരുന്നു നീക്കങ്ങൾ.
ഇക്കാര്യത്തിൽ കൗൺസിലിനെയും വിശ്വാസത്തിലെടുത്തില്ല. 47 ലക്ഷത്തോളം രൂപയുള്ള വാഹനത്തിന് കരാർ ഉറപ്പിച്ച് 27 ലക്ഷം രൂപ മുൻകൂറായി കൈമാറിയ ശേഷമാണ് കൗൺസിൽ അനുമതിക്ക് വെക്കുന്നത്. 1.25 കോടി രൂപക്ക് അഞ്ച് വർഷത്തെ മെയിന്റനൻസും കരാറാക്കിയ പദ്ധതിയിൽ ഭരണകക്ഷി കൗൺസിലർമാർക്കുണ്ടായ സംശയമാണ് അഴിമതി പുറത്തുവരാൻ കാരണമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.