ആലപ്പുഴ: ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തിൽ 15ന് ആലപ്പുഴ എസ്.ഡി കോളജിൽ സംഘടിപ്പിക്കുന്ന വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേളയുടെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരിയുടെ അധ്യക്ഷതയിൽ സംഘാടകസമിതി യോഗം ചേർന്നു. ജില്ല പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ തോമസ് കെ. തോമസ് എം.എൽ.എയും പങ്കെടുത്തു. ജില്ലയിലെ തൊഴിൽ അന്വേഷകർക്ക് ലഭിക്കുന്ന സുവർണാവസരമാണ് വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേളയെന്ന് എം.എൽ.എ പറഞ്ഞു. മേളയുടെ പ്രചാരണാർഥം സംഘടിപ്പിച്ച റീൽസ് മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച റീൽ എം.എൽ.എ ചടങ്ങിൽ പ്രകാശിപ്പിച്ചു. ചേർത്തല ശ്രീനാരായണ കോളജിലെ മലയാള വിഭാഗം വിദ്യാർഥിനി ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിനി എൻ. അൻസിലയും സുഹൃത്തുക്കളും ചേർന്ന് തയാറാക്കിയ റീൽസാണ് തിരഞ്ഞെടുക്കപ്പെട്ടത്.
യോഗത്തിൽ സബ് കലക്ടർ സമീർ കിഷൻ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്. ശിവപ്രസാദ്, നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ, ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എം.വി. പ്രിയ, ബിനു ഐസക് രാജു, ടി.എസ്. താഹ, ജില്ല പഞ്ചായത്ത് സെക്രട്ടറി കെ.ആർ. ദേവദാസ്, ജില്ല പഞ്ചായത്തംഗങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികൾ, സബ് കമ്മിറ്റി അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
തൊഴിൽമേളയുടെ ഭാഗമായി സംഘടിപ്പിച്ച ലോഗോ മത്സരത്തിൽ നിന്ന് തിരഞ്ഞെടുത്ത ലോഗോയുടെ പ്രകാശനം മന്ത്രി സജി ചെറിയാൻ ചെങ്ങന്നൂരിൽ നടന്ന ദേശീയ സരസ് മേളയിൽ പി.പി. ചിത്തഞ്ജൻ എം.എൽ.എക്ക് നൽകി പ്രകാശനം ചെയ്തിരുന്നു. ആലപ്പുഴ തിരുവമ്പാടി സ്വദേശി പരുത്തിപ്പള്ളിയിൽ പി.ബി. അമൃത് രാജ് തയ്യാറാക്കിയ ലോഗോയാണ് തെരഞ്ഞെടുക്കപ്പെട്ടത്. 21എന്‍ട്രികളില്‍ നിന്നാണ് തെരഞ്ഞെടുപ്പ് നടത്തിയത്. റീൽസ്, ലോഗോ മത്സര വിജയികൾക്ക് കാഷ് പ്രൈസും മെമന്റോയും സമ്മാനമായി നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.