ആലപ്പുഴ: തകർന്നു വീഴാറായ കെട്ടിടത്തിൽ ഭയാശങ്കകളോടെ രോഗികളും ആശുപത്രി ജീവനക്കാരും. ജില്ല ആയുർവേദ ആശുപത്രിയിലാണ് എല്ലാവരും ഭയന്ന് കഴിയുന്നത്. ആശുപത്രി പഴയ നഗരസഭ കെട്ടിടത്തിലേക്ക് മാറ്റിസ്ഥാപിക്കാൻ തീരുമാനമായെങ്കിലും അത് നടപ്പാക്കുന്നത് നീളുന്നു. എത്രയും വേഗം മാറ്റി സ്ഥാപിച്ചില്ലെങ്കിൽ ഇവിടെയും ദുരന്തമുണ്ടാകുമെന്നാണ് ഡോക്ടർമാരും രോഗികളും പറയുന്നത്. പല ഭാഗങ്ങളും അടർന്നു വീണുകൊണ്ടിരിക്കുന്നു. ബീമുകൾക്ക് ബലമുണ്ടെങ്കിലും സ്ലാബുകൾ തകർന്ന നിലയിലാണ്. പലയിടത്തും പ്ലാസ്റ്റർ ഇളകി കമ്പികൾ തുരുമ്പിച്ച നിലയിലാണ്.
പുരുഷന്മാരുടെ ശുചിമുറിയിൽ ആൽമരം വളർന്നു ഭിത്തി തുളച്ച് അകത്തുകയറി. സെപ്റ്റിക് ടാങ്ക് ചോർന്നൊലിക്കുന്നു. പരാധീനതകൾ കാരണം 50 ബെഡ് സൗകര്യമുള്ള ആശുപത്രിയിൽ പരമാവധി 35 രോഗികൾക്കാണ് പ്രവേശനം നൽകുന്നത്. ആശുപത്രി പ്രവർത്തനം ആലപ്പുഴ നഗരസഭയുടെ പഴയ കെട്ടിടത്തിലേക്ക് മാറ്റുന്നതിൽ നഗരസഭ ഭരണസമിതിയിൽ തന്നെ ഭിന്നിപ്പുണ്ട്. കെട്ടിടം വിട്ടുനൽകാൻ കൗൺസിൽ യോഗം ചേർന്ന് അനുമതി നൽകിയതോടെ ഓഫിസുകൾ പ്രവർത്തിച്ചിരുന്ന കെട്ടിടം ആശുപത്രി സംവിധാനത്തിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
നഗരസഭ അനക്സ് കെട്ടിടത്തിന്റെ താഴത്തെ രണ്ട് നിലകളാണ് ആശുപത്രി നടത്തിപ്പിനായി വിട്ടുനൽകുന്നത്. ഇവിടെ വേണം കിടത്തിച്ചികിത്സയും ലാബുകളും 12 ഒ.പികളും പ്രവർത്തിക്കേണ്ടത്. ആയുർവേദ ആശുപത്രി കെട്ടിടത്തിൽ 30 ബെഡുകൾ വരെ പ്രവർത്തിക്കുമ്പോൾ, നഗരസഭ കെട്ടിടത്തിൽ അനുമതി ലഭിച്ചിരിക്കുന്നത് ആറ് ബെഡുകൾക്ക് മാത്രമാണ്.അനക്സ് കെട്ടിടത്തിന്റെ താഴെ നിലയും മുകൾ നിലയുമാണ് ആശുപത്രിക്കായി നൽകിയിട്ടുള്ളത്. ആവശ്യം അനുസരിച്ച് മുറികൾ തിരിക്കുന്ന ജോലികൾ നടന്നുവരുകയാണ്. അതിനുണ്ടാകുന്ന താമസമാണ് മാറ്റത്തിന് തടസ്സം. യോഗ ഹാൾ, ഫിസിയോ തെറപ്പി യൂനിറ്റ് എക്സ്റേ തുടങ്ങിയവക്ക് അനക്സ് കെട്ടിടത്തിൽ സ്ഥലമില്ലാത്ത സ്ഥിതിയുണ്ട്.
ജില്ല ആയർവേദ ആശുപത്രിക്കായി നിർമിക്കുന്നത് അഞ്ചുനില കെട്ടിടം. 15 കോടിയുടെ എസ്റ്റിമേറ്റാണ് കണക്കാക്കിയിരിക്കുന്നത്. 50 കിടക്കൾ, 10 പേവാർഡുകൾ എന്നിവ പുതിയ കെട്ടിടത്തിലുണ്ടാകും. നിലവിലെ കെട്ടിടം സ്ഥിതിചെയ്യുന്ന 27 സെന്റ് സ്ഥലത്താണ് പുതിയ കെട്ടിടം നിർമിക്കുക. നിലവിലെ കെട്ടിടം അപകട നിലയിലായതിനാൽ പൊളിച്ചുമാറ്റിയാണ് പുതിയത് നിർമിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.