മാന്നാറിലെ മെ​ട്രോ സി​ല്‍ക്‌​സ് വ​സ്ത്ര​വ്യാ​പാ​ര​ശാ​ല​യി​ലുണ്ടായ തീപിടിത്തം അഗ്​നിശമനസേന അണക്കുന്നു

മാന്നാർ വസ്ത്രവ്യാപാര ശാലയിലെ തീപിടിത്തം: ഒരു കോടിയുടെ നഷ്ടമെന്ന് നിഗമനം

ചെങ്ങന്നൂർ (ആലപ്പുഴ): മാന്നാറിൽ വസ്ത്രവ്യാപാരശാലയിൽ വൻ തീപിടിത്തമുണ്ടായി. ഒരു കോടിയുടെ നഷ്ടമെന്ന് പ്രാഥമിക നിഗമനം. തിരുവല്ല-കായംകുളം സംസ്ഥാന പാതക്കരികിൽ മാന്നാര്‍ കുരട്ടിശ്ശേരി ടൗൺ അഞ്ചാം വാർഡിൽ പുത്തൻപള്ളി ജുമാമസ്ജിദിനു എതിർവശത്തെ 'മെട്രോ സില്‍ക്‌സ്' എന്ന വസ്ത്രാലയത്തിലാണ് തീപിടിത്തമുണ്ടായത്. വ്യാഴാഴ്ച പുലർച്ച 5.45നാണ് സംഭവം.

മൂന്നാം നിലയിൽനിന്ന് തീപടരുന്നത് പള്ളിയിൽനിന്ന് നമസ്കാരം കഴിഞ്ഞിറങ്ങിയവരാണ് കണ്ടത്. വസ്ത്രാലയത്തിന്റെ തൊട്ടടുത്ത പുളിയ്ക്കലാലുംമൂട്ടിൽ മുഹമ്മദ് കുഞ്ഞിന്റെ കെട്ടിടത്തിലെ മുകൾ ഭാഗവും അവിടെയുള്ള ഏതാനും മുറികളും മെട്രോ സിൽക്സിന്റെ ഗോഡൗണായിരുന്നു. ഇവിടെ നിന്നാണ് പാവുക്കര കൊല്ലം താഴ്ചയിൽ വീട്ടിൽ സക്കീർ ഹുസൈന്റെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പ്രധാന തുണിക്കടയുടെ മുകളിലത്തെ നിലയിലേക്ക് തീപടർന്നത്.

തുടർന്ന് മാന്നാർ പൊലീസും മാവേലിക്കര, തിരുവല്ല, കായംകുളം, ചെങ്ങന്നൂർ എന്നിവിടങ്ങിൽനിന്നും എത്തിയ 16 അഗ്നിരക്ഷാ യൂനിറ്റുകളും നാട്ടുകാരും ചേർന്ന് മൂന്നുമണിക്കൂറിലേറെ നടത്തിയ കഠിനപരിശ്രമത്തിന്റെ ഫലമായി തീ നിയന്ത്രണ വിധേയമാക്കി. രാവിലെ 8.45നാണ് അഗ്നിരക്ഷാസേന മടങ്ങിയത്.

അപകടങ്ങൾ പതിയിരിക്കുന്ന കൊടുംവളവിലെ കെട്ടിടത്തിലെ തീപിടിത്തത്തിൽ തിരക്കേറെയുള്ള റോഡിൽ ഗതാഗതവും നിലച്ചു. വടക്കുനിന്നുള്ള വാഹനങ്ങൾ പാവുക്കര മുല്ലശ്ശേരി കടവ് കടപ്ര മഠം വഴി തിരിച്ചുവിട്ടപ്പോൾ ചങ്ങനാശ്ശേരിയിൽനിന്നുള്ള തിരുവനന്തപുരത്തേക്കുപോയ കെ.എസ്.ആർ.ടി.സിയുടെ സൂപ്പർ ഫാസ്റ്റ് ബസിടിച്ച് ഓടാട്ട് ഭാഗത്തെ വൈദ്യുതി ലൈനുകളും കോൺക്രീറ്റ് തൂണും തകർന്നതും ഗതാഗതത്തിനു തടസ്സം സൃഷ്ടിച്ചു.

തൂൺ മാറ്റി വൈദ്യുതി ബന്ധം ഉച്ചക്കുശേഷമാണ് പുനഃസ്ഥാപിച്ചത്. പ്രാഥമികമായി വൈദ്യുതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീപിടിത്തത്തിന് ആധാരമായി കണ്ടെത്താനായില്ലെന്നും ആലപ്പുഴ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽനിന്നുള്ള വിദഗ്ധ സംഘമെത്തി വിശദപരിശോധന നടത്തുമെന്നും സെക്ഷൻ ഓഫിസ് അധികൃതർ അറിയിച്ചു. പമ്പാനദിയുടെ സമീപത്തായതിനാൽ അഗ്നിരക്ഷാസേനക്ക് ആവശ്യമായ ജലം പന്നായി ബോട്ട്ജെട്ടി കടവിൽനിന്ന് ശേഖരിക്കാനായത് സമയനഷ്ടം ഒഴിവാക്കാനായി.

തീപിടിത്തം മാന്നാറിൽ തുടർക്കഥ

മാന്നാർ: തീപിടിത്തം മാന്നാറിൽ തുടർക്കഥയാകുന്നു. ഒന്നരമാസത്തിനിടയിൽ മാന്നാറിൽ കത്തിനശിച്ചത് മൂന്ന് വ്യാപാര സ്ഥാപനങ്ങൾ. ആദ്യം കത്തിനശിച്ച രണ്ടു സ്ഥാപനങ്ങൾ വെറും ഷീറ്റ് ഉപയോഗിച്ച് നിർമിച്ചതായിരുന്നു. കെട്ടിട നിർമാണ ചട്ടങ്ങൾ പാലിക്കാതെ നിരവധി കെട്ടിടങ്ങളാണുള്ളത്.

ഇതൊന്നും ബാധകമാകാതെ സ്വാധീനം ഉപയോഗപ്പെടുത്തി തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽനിന്നും കെട്ടിടനമ്പർ ക്രമീകരിച്ച് വൈദ്യുതി കണക്ഷനെടുത്ത് പ്രവർത്തിക്കുന്നവയുമുണ്ട്. കത്തിനശിക്കുന്ന സമയത്ത് ഈ സ്ഥാപനങ്ങൾ പ്രവർത്തിക്കാനുള്ള ലൈസൻസ് പോലും ഗ്രാമപഞ്ചായത്തിൽനിന്നും ഇല്ലായിരുന്നു. മാന്നാറിൽ അനേകം സ്ഥാപനങ്ങളാണ് പഞ്ചായത്തിന്‍റെ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നത്.

മാന്നാർ സ്റ്റോർ ജങ്ഷനിൽ അനധികൃത കെട്ടിട നിർമാണം പ്രകാരം നിർമിച്ച ഒരു കെട്ടിടത്തിന് നമ്പർ ക്രമീകരിച്ചു നൽകിയിട്ടില്ല. പ്രധാന രാഷ്ട്രീയ പാർട്ടിയുടെ പരിപാടികൾക്ക് ഓഫിസായി മാറ്റാറുണ്ട്. രാഷ്ട്രീയ സമ്മർദങ്ങളുടെ മറവിൽ പല വ്യാപാര സ്ഥാപനങ്ങൾക്കും ലൈസൻസ് നൽകുന്നുണ്ടെന്ന ആരോപണമുണ്ട്.

Tags:    
News Summary - Mannar garment shop fire: Rs 1 crore loss

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.