ആലപ്പുഴ: സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഫണ്ട് ലഭിക്കുന്നതിലുണ്ടാകുന്ന കാലതാമസവും നിർമാണ വസ്തുക്കളുടെ ലഭ്യതക്കുറവും വിലക്കയറ്റവും അടക്കം കാരണങ്ങളാൽ ജില്ലയിൽ ലൈഫ് മിഷൻ പദ്ധതിയിലെ വീട് നിർമാണം ഇഴയുന്നു.
പഞ്ചായത്ത് പ്രദേശത്തെ ഗുണഭോക്താക്കളാണ് പദ്ധതിയിൽനിന്ന് പണം ലഭിക്കുന്നതിൽ വരുന്ന കാലതാമസത്തിൽ വലയുന്നത്. നഗരസഭകളിലെ ഗുണഭോക്താക്കൾക്ക് ഒരോ ഘട്ടത്തിലും അനുവദനീയമായ ഗഡുക്കൾ ഏതാണ്ട് കൃത്യമായി നൽകുന്നുണ്ട്.
ഈ സാമ്പത്തികവർഷം ജില്ലയിൽ 6677പേർക്ക് വീട് നിർമിച്ചുനൽകുന്നതിനാണ് തുക അനുവദിച്ചത്. തുക ലഭിച്ചവർക്ക് നിർമാണ സാമഗ്രികളുടെ ലഭ്യതക്കുറവ് തിരിച്ചടിയാണ്. വിലക്കയറ്റം കാരണം പദ്ധതിയിൽനിന്ന് ലഭിക്കുന്ന തുകക്ക് വീട് പൂർത്തിയാക്കാനാകാത്ത സാഹചര്യവുമുണ്ട്.
പദ്ധതിയിലെ ഒന്നും രണ്ടും മൂന്നും ഘട്ടത്തിൽ തയാറാക്കിയ ഗുണഭോക്തൃ പട്ടികയിൽനിന്ന് ജില്ലയിൽ ഇതുവരെ 15,123 പേരുടെ ഭവനനിർമാണം പൂർത്തീകരിച്ചു. 1500 വീടുകളുടെ നിർമാണം പുരോഗമിക്കുന്നു. ഈ വർഷം പൂർത്തിയായത് 37 വീടുകളാണ്. പുതിയ പട്ടികയിൽ 40,983 പേരാണുള്ളത്. ഭൂമിയുള്ള ഭവനരഹിതർ 30,512ഉം ഭൂരഹിതരായ ഭവനരഹിതർ 10,471ഉം ആണ് ജില്ലയിൽ.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ എഗ്രിമെന്റ് വെച്ച ഗുണഭോക്താക്കൾക്ക് നിർമാണത്തിന്റെ ഓരോഘട്ടത്തിലും സർക്കാർ അനുവദിച്ച ഗഡു മുടക്കമില്ലാതെ വിതരണം ചെയ്യുന്നുണ്ട്. ഏറ്റവും പുതിയ ലിസ്റ്റിൽനിന്നുള്ള ഗുണഭോക്താക്കൾ മാർച്ചിലാണ് എഗ്രിമെന്റ് വെച്ചത്.ഒന്നും രണ്ടും ഘട്ടത്തിൽ ഭൂമിവാങ്ങിയശേഷം എഗ്രിമെന്റ് വെച്ച ഗുണഭോക്താക്കൾക്കും നിർമാണത്തിനുള്ള തുക ഗഡുക്കളായി വിതരണം ചെയ്യുന്നുണ്ടെന്നും ലൈഫ് മിഷൻ അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.