ആലപ്പുഴ: കായംകുളത്തെ എൽ.ഡി.എഫ് സ്ഥാനാർഥി യു. പ്രതിഭക്കെതിരെ സി.പി.എം ജില്ല സെക്രട്ടറി ആർ. നാസർ. വെള്ളാപ്പള്ളിക്കെതിരെ പ്രതിഭ പറഞ്ഞത് അസംബന്ധമാണ്. തോറ്റാൽ എന്തും വിളിച്ചുപറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
‘കായംകുളത്ത് സഖാക്കൾ നല്ലനിലയിൽ പ്രവർത്തിച്ചിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്ത് പോയി. അന്ന് ഇവരായിരുന്നെല്ലോ എം.എൽ.എ. 10 വർഷമായി അവരല്ലേ തുടരുന്നത്. എന്നിട്ടും അവിടെ മൂന്നാമതായതിന് ആരാണ് ഉത്തരവാദി?. പത്തിയൂരും ചെട്ടികുളങ്ങരയിലും നഗരത്തിലും എഴുതിത്തന്ന വോട്ട് മാറിചെയ്യുന്ന സ്ഥിതിയുണ്ടായി. ഇത് ആരോടുള്ള പ്രതിഷേധമാണ്?. സ്ഥാനാർഥിയോടാണോ, പാർട്ടിയോടാണോ എന്നത് പരിശോധിക്കും.
നേരത്തെ എൽ.ഡി.എഫിന് വോട്ട് ചെയ്ത എസ്.എൻ.ഡി.പിക്കാർ എന്തുകൊണ്ട് ഇത്തവണ ചെയ്തില്ല?. പ്രതിഭയോടുള്ള എതിർപ്പാണോ, അല്ലെങ്കില്‍ മറ്റെന്തെങ്കിലുമാണോയെന്ന് പരിശോധിക്കണം. വെള്ളാപ്പള്ളി എന്തു ചെയ്തെന്നാണ് പ്രതിഭ ഉദ്ദേശിക്കുന്നത്. എസ്.എൻ.ഡി.പി വോട്ടുകൾ നേടിയാണ് രണ്ടുതവണ അവർ ജയിച്ചത്. ഇത്തവണ എസ്.എൻ.ഡി.പി വോട്ടുകൾ നഷ്ടമായത് എന്തുകൊണ്ടാണെന്ന് പ്രതിഭതന്നെ ആലോചിക്കണം’ -നാസർ പറഞ്ഞു.
കായംകുളത്ത് വെള്ളാപ്പള്ളി തനിക്കെതിരെ പ്രവർത്തിച്ചെന്നും എസ്.എന്‍.ഡി.പി വോട്ടുകളിൽ ചോർച്ച ഉണ്ടായെന്നുമാണ് കായംകുളത്തെ തോൽവിക്കു പിന്നാലെ യു. പ്രതിഭ തുറന്നടിച്ചത്. പാർട്ടി കേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞെന്നും പത്തിയൂരും ചെട്ടിക്കുളങ്ങരയും ഭൂരിപക്ഷം കുറഞ്ഞത് അമ്പരപ്പിച്ചെന്നും അവർ മാധ്യമങ്ങളോട് പ്രതികരിച്ചു.
കായംകുളത്ത് കോൺഗ്രസിലെ എം. ലിജു 15,060 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ‘പത്തിയൂരും ചെട്ടിക്കുളങ്ങരയിലും സംഘടനാപരമായി ചില ദൗർബല്യങ്ങളുണ്ടായി. കഴിഞ്ഞ തവണത്തെപോലെ ഊർജസ്വലമായ പ്രവർത്തനം ഇവിടങ്ങളിൽ ഉണ്ടായില്ല. നേരത്തെ തന്നെ പാർട്ടി നേതൃത്വത്തിന്‍റെ ശ്രദ്ധയിൽപെടുത്തിയിരുന്നു. യഥാർഥ ശ്രീനാരായണീയായ തനിക്കെതിരെ മണ്ഡലത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രവർത്തിച്ചു. ന്യൂനപക്ഷ വോട്ടുകളിലും വിള്ളലുണ്ടായി. സ്ഥാനാർഥി എന്ന നിലയിൽ ഇതെല്ലാം തന്‍റെ പ്രാഥമിക വിലയിരുത്തലാണ്. പാർട്ടിയാണ് ഇതിനെല്ലാം ആധികാരികമായി മറുപടി പറയേണ്ടത്’ -പ്രതിഭ പറഞ്ഞു.
സ്ഥിരമായി ഒന്നാമത് എത്തിയിരുന്ന ബൂത്തിൽ പോലും പിന്നിലായി. കയംകുളത്തെ മികച്ച എം.എൽ.എയായിരുന്നു താനെന്ന് വ്യക്തമായ ബോധ്യമുണ്ട്. ജനവിധി അംഗീകരിക്കുന്നതായും അവർ വ്യക്തമാക്കി. യു.ഡി.എഫ് സ്ഥാനാർഥി എം. ലിജു 76651 വോട്ടുകൾ നേടിയാണ് വിജയിച്ചത്. യു. പ്രതിഭക്ക് 61079 വോട്ടുകളും ബി.ഡി.ജെ.എസ് സ്ഥാനാർഥി തമ്പി മേട്ടുതറക്ക് 16973 വോട്ടുകളും ലഭിച്ചു. കഴിഞ്ഞ പത്തു വർഷമായി എൽ.ഡി.എഫിന്റെ കൈയിലുണ്ടായിരുന്ന മണ്ഡലമാണ് ലിജുവിലൂടെ ഇത്തവണ യു.ഡി.എഫ് പിടിച്ചെടുത്തത്.
യു പ്രതിഭ 77,348 വോട്ടുകൾക്കായിരുന്നു 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ജയിച്ചിരുന്നത്. യു.ഡി.എഫിന്റെ അരിത ബാബു 71,050 വോട്ടുകൾ (44.06%) നേടി മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.