സി.പി.എം നേതൃത്വത്തിനെതിരെ പ്രചരിക്കുന്ന സമൂഹ മാധ്യമ കുറിപ്പ്
കായംകുളം: മണ്ഡലത്തിലെ ഇടത് സ്ഥാനാർഥി യു. പ്രതിഭയുടെ തോൽവിയിൽ പാർട്ടി നേതൃത്വത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വിമർശനം ശക്തം. വർഷങ്ങളായി സി.പി.എമ്മിലെ ചിലർ കരുതിവെച്ച പ്രതികാരമാണ് കായംകുളത്ത് നടപ്പാക്കിയതെന്ന തരത്തിലാണ് ചർച്ച. ഏരിയയിലെ മുതിർന്ന നേതാവിനെതിരെയാണ് പ്രധാന വിമർശം.
ഏരിയ കമ്മിറ്റിയിലെ രണ്ടോ മൂന്നോ പേർ ഒഴികെയുള്ളവർ ചേർന്നൊരുക്കിയ തോൽവി. പ്രതിഭ ജയിച്ചാൽ ഇനിയും സീറ്റ് കിട്ടില്ലന്നറിഞ്ഞുള്ള കാലുവാരലുണ്ടായി എന്നാണ് ആക്ഷേപം.
സംഘടനാപരമായി നടപ്പാക്കേണ്ട പലതിലും വീഴ്ച വരുത്തി. പകുതിയോളം ബൂത്തുകളിൽ കൺവെൻഷൻ നടത്തിയിട്ടില്ല. 10 വീടുകളുടെ ചുമതല ഒരു പാർട്ടി അംഗത്തിന് നൽകണമെന്ന നിർദ്ദേശം മിക്കയിടത്തും പാലിച്ചില്ല. അനൗൺസ്‌മെന്‍റ് വാഹനങ്ങൾ പലയിടത്തും എത്തിയിട്ടില്ല. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു പകുതി പോലും ബോർഡുകൾ വെച്ചിട്ടില്ല. വോട്ടെടുപ്പ് ദിവസം പല ബൂത്തിലും ഇരിക്കാൻ ആളുണ്ടായില്ല. ബൂത്തുകളിൽ വോട്ടർമാരെ എത്തിക്കുന്നതിലും വീഴ്ച വരുത്തി. ഇതിന് ഏകോപന ചുമതലയുള്ളവർ ഉറക്കം നടിക്കുകയായിരുന്നു.
വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതും സ്ലിപ്പ് നൽകുന്നതും ബി.എൽ.ഒമാരുടെ ചുമതലയെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു. സ്ഥാനാർഥിയെ തീരുമാനിച്ച സംസ്ഥാന നേതൃത്വത്തെ ഏരിയ കമ്മിറ്റിയിൽ ചോദ്യം ചെയ്ത സംഘടന വീഴ്ച ഗൗരവമുള്ളതാണ്. സ്ഥാനാർഥിയെ നിശ്ചയിച്ചതിന് ശേഷം സീറ്റ് ആവശ്യപ്പെട്ട് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്തിന്‍റെ വീട്ടിൽ ഏരിയ കമ്മിറ്റി അംഗങ്ങൾ പോയതും തെറ്റായ സന്ദേശമാണ് നൽകിയത് തുടങ്ങിയ വിമർശനമാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ വെളിപ്പെടുത്തലുകളുണ്ടാകുമെന്നും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.