ആലപ്പുഴ: നഗരത്തിലെ രാമവർമ ക്ലബിൽ സാമ്പത്തിക തിരിമറി ആരോപണം. 66.87 ലക്ഷം രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയിട്ടുള്ളത്. ഇതു സംബന്ധിച്ച് ക്ലബ് സെക്രട്ടറി ശിവകുമാർ നൽകിയ പരാതിയിൽ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തു. മുൻ സെക്രട്ടറി സീവ്യൂ വാർഡിൽ കുരീക്കാട്ടുവീട്ടിൽ ഫിലിപ്പ് എബ്രഹാമിനെ (60) ഒന്നാം പ്രതിയും അക്കൗണ്ടന്റായിരുന്ന നോർത്ത് ആര്യാട് പറമ്പിൽ ഹൗസിൽ ജീവൻകുമാർ കെ.എസിനെ രണ്ടാം പ്രതിയും ആക്കിയാണ് കേസ്.
ക്ലബിന്റെ എല്ലാ രേഖകളുടെയും ചെക്ക് ബുക്കിന്റെയും കൈവശക്കാരനായ ഫിലിപ്പ് എബ്രഹാം ജീവൻകുമാറിന്റെ കൈവശം കൊടുത്ത് 2019 - 20 കാലയളവിൽ 28,60,683 രൂപയും 2020 - 2021 കാലയളവിൽ 12,77,652 രൂപയും 2021 - 2022 കാലത്ത് 25,49,000 രൂപയും ഉൾപ്പെടെ 66,87,335 രൂപയുടെ നഷ്ടംവരുത്തിയതായി മേയ് 20ന് നടത്തിയ ഓഡിറ്റിൽ കണ്ടെത്തിയെന്നും ചെക്കുബുക്കുകൾ നഷ്ടപ്പെടുത്തിയെന്നും എഫ്.ഐ.ആറിൽ പറയുന്നു.
ഈ വർഷം മാർച്ച് മാസത്തിലാണ് ശിവകുമാറിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അധികാരമേറ്റത്. ഇവർ നടത്തിയ പരിശോധനകളിലും ഓഡിറ്റ് റിപ്പോർട്ടിലുമാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. 2019 - 20 കാലയളവിൽ 28 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നത് സംബന്ധിച്ച് അന്നത്തെ ഭരണസമിതി അക്കൗണ്ടന്റിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നതായി പറയുന്നു. പുതിയ ഭരണ സമിതി വന്നതോടെയാണ് മൊത്തം ക്രമക്കേട് 66,87,335 രൂപയുടേതാണെന്ന് കാട്ടി പുതിയ പരാതി നൽകിയത്.
പുതിയ പരാതിയിൽ ഫിലിപ്പ് എബ്രഹാമിനെയും പ്രതിയാക്കുകയായിരുന്നു. ക്ലബിൽ ആയിരത്തോളം അംഗങ്ങളുണ്ട്. 2,18,000 രൂപയും ടാക്സുമാണ് സാധാരണ അംഗത്വം ലഭിക്കുന്നതിന് അടക്കേണ്ട തുക. ഓഡിറ്റോറിയം വാടക, മുറികളുടെ വാടക, റിക്രിയേഷൻ ഗെയിമുകൾ സംഘടിപ്പിക്കുന്നതിൽനിന്നുള്ള വരുമാനം, ജിം, റസ്റ്റാറന്റ്, ബാർ, ഷട്ടിൽ കോർട്ട് അക്കാദമി എന്നിവയിൽ നിന്നുള്ള വരുമാനവും ക്ലബിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.