ആലപ്പുഴ: ജില്ലയിലെ കെ.എസ്.ആർ.ടി.സിയും സ്മാർട്ടായി. യാത്രക്കാർ ഇനി ടിക്കറ്റിനായി കൈയിൽ പണം കരുതേണ്ട. ‘ചലോ’ എന്ന പേരിൽ പ്രത്യേക ട്രാവൽ കാർഡ് പുറത്തിറക്കി. ഈ കാർഡ് വാങ്ങി പണം റീചാർജ് ചെയ്ത് യാത്രക്കാർക്ക് സഞ്ചരിക്കാം.
ആവശ്യമുള്ളവർ ബസിലെ കണ്ടക്ടറോട് ചോദിച്ചാൽ മതി. അല്ലെങ്കിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ സ്റ്റേഷൻ മാസ്റ്റർ ഓഫിസിലും ലഭിക്കും. സ്വൈപ് ചെയ്യുന്ന മെഷീനിൽ എ.ടി.എം കാർഡുകൾ പ്രവർത്തിക്കുന്ന സംവിധാനമാണ് പുതിയ ടിക്കറ്റ് മെഷനുകളിലുമുള്ളത്. അതിനാൽ ടിക്കറ്റിനായുള്ള പണം കൈമാറ്റം എളുപ്പമാണ്. ചില്ലറ തർക്കത്തിനും പരിഹാരമാകും.
തിരുവനന്തപുരത്ത് ആരംഭിച്ച സ്മാർട്ട് കാർഡ് യാത്ര പിന്നീട് കൊല്ലത്തും നടപ്പാക്കി. തുടർന്നാണ് ആലപ്പുഴ, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ കെ.എസ്.ആർ.ടി.സി ബസുകളിലും ഉപയോഗിക്കാവുന്ന സംവിധാനമായത്. ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കാനും യാത്രക്കാർക്ക് ടിക്കറ്റ് വേഗത്തിൽ ലഭിക്കാനും നടപ്പാക്കിയ സ്മാർട്ട് ട്രാവൽ കാർഡ് പദ്ധതിയാണ് ട്രാവൽ കാർഡ്. ആർ.എഫ്.ഐ.ഡി സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ സുരക്ഷസംവിധാനങ്ങളോട് കൂടിയ കാർഡാണിത്.
100 രൂപയാണ് കാർഡിന്റെ വില. നിശ്ചിതപണം നൽകിയാൽ യാത്രക്കാർക്ക് സ്മാർട്ട് കാർഡ് ലഭിക്കും. മിനിമം റീചാർജ് തുക 50 രൂപയാണ്. 3000 രൂപ വരെ റീചാർജ് ചെയ്യാം. കണ്ടക്ടർമാർ, മാർക്കറ്റിങ് എക്സിക്യൂട്ടീവ്, വിവിധ കെ.എസ്.ആർ.ടി.സി യൂനിറ്റ് എന്നിവിടങ്ങളിൽനിന്ന് കാർഡ് ലഭിക്കും.
കാർഡുകൾ യാത്രക്കാർക്ക് അവരുടെ ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവർക്ക് കൈമാറാം. എന്നാൽ, കാർഡ് നഷ്ടമായാൽ പൂർണ ഉത്തരവാദിത്തം കാർഡിന്റെ ഉടമസ്ഥനാണ്. കാർഡ് പ്രവർത്തനക്ഷമമല്ലാത്ത സാഹചര്യമുണ്ടായാൽ യാത്രക്കാർ യൂനിറ്റിൽ അപേക്ഷ നൽകണം. ഐ.ടി വിഭാഗം പരിശോധന നടത്തി അഞ്ച് ദിവസത്തിനുള്ളിൽ പുതിയകാർഡുകൾ യൂനിറ്റ് വഴി തന്നെ വിതരണം ചെയ്യും.
യാത്രക്കാരെ കൂട്ടാൻ നിശ്ചിതകാലത്തേക്ക് കാർഡ് റീചാർജിന് ഓഫറും കെ.എസ്.ആർ.ടി.സി പ്രഖ്യാപിച്ചിട്ടുണ്ട്. 1000 രൂപക്ക് റീചാർജ് ചെയ്താൽ 40രൂപ അധികവും 2000 രൂപക്ക് റീചാർജ് ചെയ്താൽ 100 രൂപ അധികമായും ക്രെഡിറ്റ് ചെയ്യപ്പെടും. കാർഡിലെ തുകക്ക് ഒരു വർഷമാണ് വാലിഡിറ്റി. ഒരു വർഷത്തിലധികം കാർഡ് ഉപയോഗിക്കാതിരുന്നാൽ കാർഡ് റീ ആക്ടിവേറ്റ് ചെയ്യണം.
യാത്ര കാർഡിൽ കൃത്രിമം കാട്ടാൻ ശ്രമിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. കാർഡുകൾ പൊട്ടുകയും ഒടിയുകയോ ചെയ്താൽ മാറ്റിനൽകുന്നത് പ്രായോഗികമല്ല. നിശ്ചിതതുക നൽകിയാൽ പുതിയകാർഡ് നൽകും. പഴയ കാർഡിലെ തുക പുതിയ കാർഡിലേക്ക് മാറ്റി നൽകും. കാർഡുകൾ നഷ്ടമായാലും മാറ്റി നൽകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.