വ​ള്ളി​കു​ന്ന​ത്തെ കൊ​യ്ത്ത്​ കാ​ഴ്​​ച

ഭൂപ്രകൃതിയുടെ മനോഹാരിതയിൽ വള്ളികുന്നം

കായംകുളം: ഭൂപ്രകൃതിയുടെ മനോഹാരിതയാൽ സമ്പന്നമായ വള്ളികുന്നം ഗ്രാമം കാഴ്ചക്കാരെ മാടിവിളിക്കുന്നു. പശ്ചിമഭാഗം മണൽപരപ്പായ സമതലവും മധ്യഭാഗം കുന്നിൻചരിവുകളും പുഞ്ചപ്പാടങ്ങൾ നിറഞ്ഞ താഴ്വരകളും പൂർവഭാഗം ചെറിയ കുന്നിൻ പ്രദേശങ്ങളുമായ പ്രകൃതി സൗന്ദര്യമാണ് ഗ്രാമത്തിന്‍റെ ആകർഷണീയത. പ്രധാന ജലസ്രോതസ്സായി ഗ്രാമമധ്യത്തിലൂടെ വടക്കുനിന്ന് തെക്കോട്ട് ഒഴുകി വട്ടക്കായലിൽ പതിക്കുന്ന തൊടിയൂർ-ആറാട്ടുപുഴ തോടാണ് നാടിനെ പച്ചപ്പണിയിക്കുന്നതിൽ പങ്കുവഹിക്കുന്നത്. തോടിന്‍റെ ഇരുഭാഗത്തായി കേരവൃക്ഷങ്ങൾ തലയുയർത്തി നിൽക്കുന്ന സമതലപ്രദേശങ്ങളും മാറിമാറി പച്ചയും മഞ്ഞയും ചാരനിറവുമായി ചായമണിഞ്ഞ നെൽപാടങ്ങളും ചേർന്ന നാട് ഏതൊരു വിനോദസഞ്ചാര കേന്ദ്രത്തെക്കാളും സുന്ദരമാണ്. സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്‍റെ ഉറവിടമായ ഗ്രാമത്തിൽ രാജഭരണത്തിന്‍റെ അവശിഷ്ടങ്ങളും ഗതകാലസ്മൃതികളോടെ തലയുയർത്തിനിൽക്കുന്നു. ഓണാട്ടുകരയുടെ ഭാഗമായ പ്രധാന കാർഷിക മേഖല കൂടിയായ വള്ളികുന്നത്ത് 1200 ഏക്കറോളം വയലുകളാണുള്ളത്.

ഇവിടുത്തെ പശിമയാർന്ന മണ്ണിലെ നെല്ലും എള്ളും കൃഷികളാണ് ഗ്രാമത്തെ പച്ചപ്പ് വിരിയിച്ചിരുന്നത്. കടുവിനാൽ, താളീരാടി, കാമ്പിശേരി വാർഡുകൾ ഉൾക്കൊള്ളുന്ന കണ്ണഞ്ചാൽ പുഞ്ചക്ക് 240ലധികം ഏക്കർ വിസ്തൃതിയാണുള്ളത്. ഇതിന്‍റെ ഒരുഭാഗം ചളികുത്തലിലൂടെ കായലായി മാറിയതും കാഴ്ചക്ക് സൗന്ദര്യം നൽകുന്നു. വള്ളികുന്നം പുഞ്ചയും പുഞ്ചവാഴ്ക പുഞ്ചകളും ചെറിയ പാടശേഖരങ്ങളും കാർഷിക സമൃദ്ധിയുടെ അടയാളങ്ങളാണ്. കൂടാതെ കരഭൂമികളിലെ കൃഷികളും പ്രകൃതിസൗന്ദര്യത്തിന്‍റെ മാറ്റ് വർധിപ്പിക്കുന്നു. വെറ്റില കൃഷിയിടങ്ങൾ വള്ളികുന്നത്തിന്‍റെ വേറിട്ട പ്രത്യേകതയാണ്. കൂടാതെ മരച്ചീനി തോട്ടങ്ങളും പച്ചക്കറി കൃഷിയിടങ്ങളാലും സമ്പന്നമാണ്.

രാജഭരണ കാലത്തിന്‍റെയും ബുദ്ധസംസ്കൃതിയുടെയും അവശിഷ്ടങ്ങളായ കളിത്തട്ടുകളും ഒറ്റപ്പെട്ട നിലയിൽ ഗ്രാമത്തിന്‍റെ വിവിധ ഭാഗങ്ങളിലുണ്ട്. ചുമടുതാങ്ങികളും പാട്ടവിളക്കുകളും അടുത്തകാലം വരെ പലയിടത്തുമുണ്ടായിരുന്നു. ആൽത്തറകളും ഗ്രാമത്തിന്‍റെ പ്രത്യേകതയാണ്.

കാഞ്ഞിപ്പുഴ വലിയകുളത്തോട് ചേർന്ന് ആൽമരവും കുളത്തിന്‍റെ കൽപടവുകളും പ്രധാന വിശ്രമകേന്ദ്രമാണ്. ഇവിടെയുള്ള ചുമടുതാങ്ങിയും പാട്ടവിളക്കും റോഡ് വികസനത്തോടെയാണ് നശിപ്പിക്കപ്പെട്ടത്. വിപ്ലവ പ്രവർത്തനത്തിലും സാഹിത്യ-നാടക-സിനിമ മേഖലകളിലും മിന്നിത്തിളങ്ങിയ തോപ്പിൽ ഭാസി, കാമ്പിശേരി കരുണാകരൻ, ഡോ. പുതുശ്ശേരി രാമചന്ദ്രൻ തുടങ്ങിയവരുടെ ജന്മനാട് എന്ന നിലയിലും ഗ്രാമത്തിന് പ്രസക്തിയുണ്ട്. ഇവരുടെ വീടുകളും സന്ദർശക പ്രാധാന്യമുള്ളതാണ്. കൃഷി വിളവെടുപ്പിനുശേഷമുള്ള വള്ളികുന്നത്തെ ഉത്സവക്കാഴ്ചകളും പ്രശസ്തമാണ്. അതിപുരാതന ക്ഷേത്രങ്ങളായ പടയണിവട്ടം, വട്ടക്കാട് ദേവീക്ഷേത്രങ്ങൾ, കാർത്യായനിപുരം, കണ്ണമ്പള്ളി തുടങ്ങിയ ക്ഷേത്രങ്ങൾ ഉത്സവനാളുകളിലൂടെയാണ് കടന്നുപോകുന്നത്. കെട്ടുകാഴ്ചകൾ നിറഞ്ഞുനിൽക്കുന്ന ദിനരാത്രങ്ങളുമായി നാട് ആഘോഷത്തിന്‍റെ ഉത്സവലഹരിയിൽ തിമിർത്താടുകയാണ്.

Tags:    
News Summary - Vallikunnam in the beauty of the landscape

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.