ആംബുലൻസുകളുടെ മറവിൽ ദുരൂഹ ഇടപാടുകളെന്ന് സംശയം

കായംകുളം: നഗരത്തിൽ അർധ രാത്രിയിലെ തെരുവ് യുദ്ധത്തിന് കാരണം ആംബുലൻസിന് മറവിലെ ലഹരി ഇടപാടുകളെന്ന് സംശയം. ഗവ. ആശുപത്രി പരിസരത്ത് ദിനേന ആംബുലൻസുകളുടെ എണ്ണം വർധിക്കുന്നതിന് പിന്നിലെ താൽപര്യങ്ങളും സംശയങ്ങൾക്കിടെ വരുത്തുകയാണ്. വെള്ളിയാഴ്ച പുലർച്ചെ ആശുപത്രി പരിസരം സംഘർഷ വേദിയാകുന്നതിന് കാരണമായതും ആംബുലൻസ് ഡ്രൈവർമാരുടെ അനാശാസ്യ ഇടപാടുകളെന്നാണ് പൊലിസിന് വിവരം ലഭിച്ചിട്ടുള്ളത്.

കരുനാഗപ്പള്ളിയിൽ നിന്നും രണ്ട് യുവാക്കളെ തട്ടികൊണ്ടുവന്നതാണ് സംഘർഷത്തിന് കാരണമായത്. അനാശാസ്യത്തിന് ആളിനെ തേടിയാണ് മൂന്നംഗ സംഘം അസമയത്ത് കരുനാഗപള്ളിയിലെത്തിയത്. ലഹരിക്കടിമകളായിരുന്ന സംഘം വിവാഹത്തിന്റെ അനുബന്ധ ചടങ്ങുകൾക്ക് എത്തിയവരുമായി തർക്കമുണ്ടായതാണ് തട്ടി കൊണ്ടുപോകലിന് കാരണമായത്. രാത്രി കാലത്ത് നഗരത്തിൽ തമ്പടിച്ചിരിക്കുന്ന ആംബുലൻസുകളുടെ മറവിൽ നടക്കുന്ന ഇടപാടുകളിൽ ദുരൂഹതയുണ്ടെന്ന രഹസ്യന്വേഷണ റിപ്പോർട്ട് നേരത്തെ തന്നെ പൊലിസിന്‍റെ മുന്നിലുണ്ട്.

30 ഓളം ആംബുലൻസുകളാണ് നഗരം കേന്ദ്രീകരിച്ച് മാത്രം പ്രവർത്തിക്കുന്നത്. ഇതിൽ 10 ൽ താഴെ മാത്രമാണ് വ്യവസ്ഥാപിത സംവിധാനത്തിലുള്ളത്. ഇതിലെ ഡ്രൈവർമാരുടെ ക്രിമിനൽ പശ്ചാത്തലമടക്കം അന്വേഷിക്കണമെന്ന നിർദേശം നടപ്പാക്കതിരുന്നതും പ്രശ്നമാണ്. ലഹരി കടത്തിന് ആംബുലൻസുകൾ മറയാക്കുന്നുണ്ടോയെന്ന സംശയവും ഉയരുന്നുണ്ട്. ഓരോ ആംബുലൻസുകളും കേന്ദ്രീകരിച്ച് ആവശ്യത്തിൽ കൂടുതൽ ജീവനക്കാരുള്ളതും സംശയങ്ങൾക്കിട നൽകുന്നു. കൊല്ലം ജില്ലയിൽ തർക്കത്തിനിടെ ആംബുലൻസ് ഡ്രൈവർ കഴിഞ്ഞ ദിവസം കുത്തേറ്റ് മരിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ ആംബുലൻസുകൾ, നടത്തിപ്പുകാർ , ജീവനക്കാർ തുടങ്ങിയവരെ കുറിച്ച് വിശദാംശങ്ങൾ ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്. കായംകുളത്തെ ആംബുലൻസ് ഡ്രൈവർമാരെ കുറിച്ചും അന്വേഷണം നടക്കുന്നതായി സി.ഐ മുഹമ്മദ് ഷാഫി അറിയിച്ചു.

Tags:    
News Summary - Suspicion of mysterious transactions under the guise of ambulances

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.