കായംകുളം: കെ.പി റോഡിന് സമാന്തരമായ വഴികളും അടയുന്നതോടെ നഗരയാത്ര കൂടുതൽ ദുരിതത്തിലേക്ക്. മേൽപാല നവീകരണത്തിനായി കെ.പി റോഡ് അടച്ചതോടെയാണ് യാത്ര പ്രശ്നങ്ങൾ തുടങ്ങിയത്. പുതിയിടം-ചേരാവള്ളി റോഡിലെ ലെവൽക്രോസും അറ്റകുറ്റപ്പണിക്കായി അടക്കുന്നതോടെ നഗരയാത്ര കൂടുതൽ ദുരിതത്തിലേക്ക് മാറും. 16, 17 തീയതികളിലാണ് അടച്ചിടുക. കെ.പി റോഡ് അടച്ചതോടെ നഗരത്തിലേക്കും തിരിച്ചുമുള്ള സമാന്തര വഴിയായി മാറിയ ഈ റോഡ് യാത്രക്കാർക്ക് ഏറെ സൗകര്യമായിരുന്നു. ഇതുകൂടി അടക്കുന്നതോടെ ഇരുചക്ര വാഹന യാത്രികർ അടക്കമുള്ളവർ നഗരത്തിലേക്ക് പ്രവേശിക്കാൻ കിലോമീറ്ററുകൾ ചുറ്റിത്തിരിയേണ്ട സ്ഥിതിയാകും.
ഒരു മാസത്തിനുള്ളിൽ റോഡ് തുറക്കാമെന്ന വ്യവസ്ഥയിലാണ് മേൽപ്പാല നവീകരണത്തിനായി കെ.പി റോഡ് അടച്ചത്. എന്നാൽ, ഒന്നരമാസമായിട്ടും നിർമാണം ഇഴഞ്ഞുനീങ്ങുകയാണ്. ഇനിയും രണ്ടാഴ്ച കൂടി വേണ്ടിവരുമെന്നാണ് പറയുന്നത്. കൃത്യമായ ആസൂത്രണമില്ലാതെ റോഡ് അടച്ചത് ഗുരുതര പ്രശ്നങ്ങൾക്കാണ് വഴിതെളിച്ചത്. ഈ സാഹചര്യത്തിലാണ് പ്രയാസപ്പെടുന്ന യാത്രികരെ കൂടുതൽ ദുരിതത്തിലാക്കുന്ന സ്ഥിതിയിൽ സമാന്തര വഴികളും അടക്കുന്നത്.
നിലവിൽ രണ്ട് അടിപ്പാതകളാണ് വാഹനങ്ങൾക്ക് ഉപയോഗിക്കാവുന്നത്. വാഹനങ്ങൾ ഒന്നാകെ ഇവിടേക്ക് എത്തുന്നത് ഗതാഗതക്കുരുക്കിനും കാരണമാകുന്നു. മിക്ക റോഡുകളും തകർന്നുകിടക്കുന്നതും പ്രശ്നമാണ്. സമാന്തര വഴികൾ ഒരുക്കുന്നതിൽ നഗരസഭക്ക് വീഴ്ച സംഭവിച്ചതാണ് യാത്രദുരിതത്തിന് കാരണമെന്ന് നഗരസഭ മുൻ വൈസ് ചെയർമാൻ അഡ്വ. യു. മുഹമ്മദ് കുറ്റപ്പെടുത്തി. ഗതാഗത ക്രമീകരണത്തിനായി സൗകര്യം ഒരുക്കുന്നതിൽ പൊതുമരാമത്തും വീഴ്ച വരുത്തിയതായി അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.