കായംകുളത്തെ ദേശീയപാത നിർമാണം സംബന്ധിച്ച് കലക്ടറേറ്റിൽ ചേർന്ന യോഗം
കായംകുളം: നഗരത്തെ കോട്ടകെട്ടി തിരിക്കുന്നതിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെ പ്രധാന ജങ്ഷനുകളിൽ അടിപ്പാത മാത്രമെന്ന് ഔദ്യോഗിക സ്ഥിരീകരണം. തൂണുകളിൽ തീർത്ത ഉയരപ്പാത ആവശ്യം അധികൃതർ ഏറെക്കുറെ തള്ളി. ദേശീയപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പരാതികളും ആശങ്കകളും പരിശോധിക്കാനും പരിഹരിക്കാനും കൂടിയ യോഗത്തിലാണ് ഇതുസംബന്ധിച്ച വിശദീകരണം നൽകിയത്.
യു. പ്രതിഭ എം.എൽ.എ, എ.എം. ആരിഫ് എം.പി എന്നിവരുടെ നിർദേശാനുസരണം കൂടിയ യോഗത്തിൽ ദേശീയപത അതോറിറ്റി പ്രതിനിധികൾ, കരാറുകാർ, വിവിധ വകുപ്പുകളുടെ പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.
ഒ.എൻ.കെ ജങ്ഷനിൽ 4.5 മീറ്റർ ഉയരത്തിലും 7.5 മീറ്റർ വീതിയിലും അടിപ്പാത നിർമിക്കും. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ എല്ലാവിധ വാഹനങ്ങളും കടന്നുപോകുന്ന തരത്തിലും ജി.ഡി.എം ജങ്ഷനിൽ 4.5 മീറ്റർ ഉയരത്തിലും 7.5 മീറ്റർ വീതിയിലുമാണ് അടിപ്പാതകൾ നിർമിക്കുന്നത്. ഗവ. വനിത പോളി ടെക്നിക് കോളജിലേക്ക് സർവിസ് റോഡും ഉണ്ടാകും. കാനകൾ ഉൾപ്പെടെ 10 മീറ്റർ വീതിയിലാണ് സർവിസ് റോഡ് നിർമിക്കുന്നത്. കായംകുളം മാർക്കറ്റിനെയും ദേശീയപാതയെയും ബന്ധിപ്പിക്കുന്ന ഷെഹീദാർ പള്ളി ഭാഗത്ത് വലിയ വാഹനങ്ങൾ സുഗമമായി കടന്നുവരുന്നതിനുള്ള ക്രമീകരണങ്ങൾ പരിശോധിച്ച് നടപ്പാക്കുമെന്ന് ദേശീയപാത അധികൃതർ വ്യക്തമാക്കി.
യോഗ തീരുമാനങ്ങളും വിശദമായ അലൈൻമെന്റും അനുബന്ധ രേഖകളും തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ കലക്ടർക്ക് സമർപ്പിക്കും. റവന്യൂ സെക്രട്ടറിയും പൊതുമരാമത്ത് സെക്രട്ടറിയും രൂപരേഖ പരിശോധിച്ചാണ് സർക്കാറിന്റെ അംഗീകാരം നേടിയതെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു. രൂപരേഖ തയാറാക്കുന്ന സമയങ്ങളിലും തുടർന്നും ഒരുതവണ പോലും ബന്ധപ്പെട്ട ജനപ്രതിനിധികളുടെ അഭിപ്രായം തേടാതിരുന്നതിലുള്ള ശക്തമായ പ്രതിഷേധം എം.എൽ.എയും എം.പിയും യോഗത്തിൽ അറിയിച്ചു. വരും ദിനങ്ങളിൽ അടിപ്പാതകൾ വരുന്ന ഭാഗത്ത് ജനപ്രതിനിധികളുമായി ചേർന്ന് സംയുക്ത പരിശോധന നടത്തുന്നതിനും പദ്ധതിയിൽ വരുത്തിയിട്ടുള്ള മാറ്റങ്ങൾ രേഖാമൂലം കലക്ടറെ അറിയിക്കാനും യോഗത്തിൽ തീരുമാനിച്ചു.
കായംകുളം: ദേശീയപാത വികസനത്തിൽ നഗരത്തെ കോട്ടകെട്ടി തിരിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ജനകീയ സമരസമിതി യോഗം തീരുമാനിച്ചു. തൂണുകളിൽ ഉയരപ്പാത നിർമിക്കണമെന്ന ആവശ്യം അംഗീകരിക്കാൻ അധികൃതർ തയാറാകണം. ഇതിനായി രണ്ടാംഘട്ട സമരപരിപാടി ആരംഭിക്കാനും തീരുമാനിച്ചു. വിവിധ സബ് കമ്മിറ്റികൾ രൂപവത്കരിച്ചു. നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ പി.എസ്. സുൽഫിക്കർ അധ്യക്ഷതവഹിച്ചു. കൺവീനർ ദിനേശ് ചന്ദന, ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം പാലമറ്റത്ത് വിജയകുമാർ, നഗരസഭ കൗൺസിലർമാരായ എ.പി. ഷാജഹാൻ, നവാസ് മുണ്ടകത്തിൽ, ഷെമിമോൾ, പഞ്ചായത്ത് അംഗം ജയപ്രകാശ്, വിവിധ സംഘടന നേതാക്കളായ ലിയാക്കത്ത് പറമ്പി, ജെ.കെ. നിസാം, ചന്ദ്രമോഹൻ, ഫറൂക്ക് സഖാഫി, സിയാദ് മണ്ണാമുറി, വൈ. ഇർഷാദ്, ജലീൽ എസ്.പെരുമ്പളത്ത്, അനസ് ഇർഫാനി, മുജീബ് റഹ്മാൻ, ഹരികുമാർ അടുകാട്ട്, മുബീർ എസ്.ഓടനാട്, സജു മറിയം, അജീർ യൂനുസ്, സജീർ കുന്നുകണ്ടം, റിയാസ് പുലരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.