കായംകുളം: ‘ഞാനൊരു പാവം മോറിസ് മൈനർ, അവളൊരു സെവന്റിവൺ ഇമ്പാലാ, ഫോറിൻ ഫിയറ്റിനെ പ്രേമിച്ചവളെ, മോറിസിനിനി ഉലകമേ മായം...പോനാൽ പോകട്ടും പോടാ എന്ന് തുടങ്ങുന്ന ‘ഭൂഗോളം തിരിയുന്നു’ സിനിമയിലെ ഹിറ്റ് ഗാനം 1970കളിലെ ഹരമായിരുന്നു. അന്നത്തെ യുവാക്കളുടെ വാഹനക്കമ്പമാണ് ശ്രീകുമാരൻ തമ്പിയുടെ വരികളിലൂടെ പുറത്തുവന്നത്. ഗിയറില്ല, ബ്രേക്കില്ല, ക്ലച്ചില്ല തുടങ്ങിയ വാഹന വർണനയുടെ ഈ ഗാനം തരംഗമാകുന്നതിനും 10 വർഷം മുമ്പേ ‘മോറിസ് മൈനറിൽ’ കമ്പംകയറി ഡ്രൈവിങ്ങിനിറങ്ങിയ നാരായണപിള്ളയാണ് നാട്ടിലെ ഇപ്പോഴത്തെ താരം.
അപകടരഹിത ഡ്രൈവിങ്ങിലെ ഏഴു പതിറ്റാണ്ടിന്റെ അനുഭവ മാതൃകകളുള്ള പെരിങ്ങാല കരിമുട്ടം ഹരിമന്ദിരത്തിൽ നാരായണപിള്ള (83) വിശ്രമജീവിതത്തിലാണ്. നിരത്തുകളിൽനിന്ന് അപ്രത്യക്ഷമായ ഫാർഗോ, മോറിസ് മൈനർ, അംബാസിഡർ കാറുകളിലും എസ്.ഇ 10 ലോറിയിലും പിന്നീട് കടന്നുവന്ന ആധുനിക മോഡലുകളിലുമായി വളയംപിടിച്ച് ഓടിയ ദൂരം കണക്കുകൾക്ക് അപ്പുറമാണ്. ഈ ദൂരത്തിനും കാലത്തിനും ഇടക്ക് ഒരു അപകടത്തിനും വഴിതെളിച്ചില്ലായെന്നത് ഡ്രൈവിങ് പ്രാവിണ്യത്തിന്റെ കരുത്ത് തെളിയിക്കുന്നു.
1958 ൽ 18ാം വയസ്സിലാണ് ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കുന്നത്. ഒരുവർഷത്തിന് ശേഷം ജില്ലയിലെ 1600ാം നമ്പറുകാരനായി മെറ്റൽ ബാഡ്ജുകാരനുമായി. 13ാം വയസ്സിലാണ് ഡ്രൈവർ മോഹം ഉദിക്കുന്നത്. അന്ന് വിരലിൽ എണ്ണാവുന്ന വാഹനങ്ങളേ നിരത്തിലുള്ളൂ. പഠിക്കാനും സൗകര്യങ്ങളില്ല. ഇതോടെ വാഹനങ്ങളുണ്ടായിരുന്ന ഒന്നാംകുറ്റി തയ്യിൽ വീട്ടിൽ പരിചാരകനാവുകയായിരുന്നു. ഇവിടെ കാറുകൾ കഴുകാനുള്ള ചുമതല ഡ്രൈവിങ് പഠിക്കാനുള്ള അവസരമാക്കി. ആലപ്പുഴ കൊട്ടാരം മൈതാനത്ത് നടന്ന ടെസ്റ്റിലാണ് ലൈസൻസ് സ്വന്തമാക്കിയത്. റോഡുകൾ കുറവായ കാലത്തെ ഡ്രൈവിങ് അനുഭവമൊന്നും ഇന്നത്തെ തലമുറക്ക് മനസ്സിലാകില്ലെന്നാണ് നാരായണപിള്ള പറയുന്നത്. കൈതക്കാടുകൾക്ക് മധ്യത്തിലെ പൊട്ടിപ്പൊളിഞ്ഞ ചെമ്മൺ പാതകളിലൂടെയുള്ള അന്നത്തെ യാത്രകൾ സാഹസികമായിരുന്നു. താൻ ജോലി ചെയ്ത വീടിന് തിരുവിതാംകൂർ രാജകുടുംബവുമായി ബന്ധമുണ്ടായിരുന്നു. തുടക്കകാലത്ത് രാജകൊട്ടാരത്തിലേക്കുള്ള യാത്ര അനുഭവങ്ങൾ നിറഞ്ഞതായിരുന്നു.
ഇന്ധനം നിറക്കാനും പ്രയാസമായിരുന്നു. വാഹനത്തിൽ ഇന്ധനം കരുതിയാണ് ഇതിനെ മറികടന്നിരുന്നത്. പിന്നീട് ഡ്രൈവിങ് ജോലിയിൽനിന്നുള്ള സമ്പാദ്യത്തിൽ ലോറി സ്വന്തമാക്കി. നീണ്ട മൂക്കും നെറ്റിയിൽ പേരെഴുതുവാനുള്ള സ്ഥലവും പിന്നിൽ ആനയുടെയും ദൈവങ്ങളുടെയും ചിത്രവുമൊക്കെയായി കളം നിറഞ്ഞുനിന്ന ലോറി. കൂടുതലും റെയിൽവേ ഷെഡിലെ ഓട്ടമായിരുന്നു. 10 വർഷം മുമ്പ് ലോറി വിറ്റെങ്കിലും ഡ്രൈവർ ജോലി തുടർന്നു. ആരോഗ്യം ക്ഷയിച്ചതും പുതിയ തലമുറ ലോറികൾ കളംപിടിച്ചതും കാരണമാണ് മൂന്നുവർഷം മുമ്പ് രംഗത്തുനിന്ന് പിന്മാറിയത്. മനസ്സില്ല മനസ്സോടെയാണ് ഡ്രൈവിങ് രംഗത്തുനിന്ന് കളമൊഴിഞ്ഞത്.
ജീവിതവഴിയിൽ എല്ലാത്തിനും കരുത്തുപകർന്ന് ഭാര്യ രുക്മണിയമ്മ ഒപ്പമുണ്ടായിരുന്നു. ഇളയമകൻ ഹരികുമാറിന്റെ കൂടെയാണ് താമസം. മറ്റ് മക്കളായ കൃഷ്ണകുമാറും ശ്രീലതയും തൊട്ടടുത്തുതന്നെ താമസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.