കായംകുളം നഗരസഭയിൽ നടന്ന വിജിലൻസ് പരിശോധന

കായംകുളം സസ്യമാർക്കറ്റ് കെട്ടിട നിർമാണം: വിജിലൻസ് പരിശോധനയിൽ ക്രമക്കേട് കണ്ടെത്തി

കായംകുളം: വിജിലൻസ് പരിശോധനയിൽ നഗരത്തിലെ വിവാദമായ സസ്യമാർക്കറ്റിലെ നഗരസഭ ഷോപ്പിങ് കോംപ്ലക്സ് നിർമാണത്തിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. നിർമാണത്തിൽ അപാകതയുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് പരിശോധന നടത്തിയത്.

ശനിയാഴ്ച രാവിലെ തുടങ്ങിയ അന്വേഷണം രാത്രി വൈകിയാണ് അവസാനിച്ചത്. കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ച സംഘം സസ്യമാർക്കറ്റിൽ എത്തി കെട്ടിട നിർമാണ രീതികളും വിലയിരുത്തി. പ്രാഥമിക പരിശോധനയിൽ തന്നെ കെട്ടിട നിർമാണത്തിൽ വ്യാപക അപാകതകൾ കണ്ടെത്തിയതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു.

ഗുണനിലവാരമില്ലാത്ത സാമഗ്രികളാണ് ഉപയോഗിച്ചത്. ഇതാണ് മുകൾ നിലയിലെ ചോർച്ചക്ക് കാരണം. ബീമിന്‍റെ ഭാഗത്താണ് ചോർച്ചയുള്ളത്. സാധനങ്ങളുടെ ഗുണനിലാവരം വിദഗ്ധ സംഘത്തിന്‍റെ പരിശോധനക്ക് വിധേയമാക്കണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ശുപാർശ. പതിറ്റാണ്ടുകാലത്തെ കാത്തിരിപ്പിന് അറുതിയായി രണ്ട് വർഷം മുമ്പാണ് ഷോപ്പിങ് കോംപ്ലക്സ് പൂർത്തീകരിച്ചത്.

വൈദ്യുതീകരണവും ജലസേചന സൗകര്യവും ഒരുക്കുന്നത് ഇതുവരെ പൂർത്തിയായിട്ടില്ല. കടമുറികളുടെ കൈമാറ്റം സംബന്ധിച്ച നിരവധി കേസുകൾ ഹൈകോടതിയിലുണ്ട്. കാലപ്പഴക്കത്തിലുള്ള പഴയ കെട്ടിടം 2009ലാണ് പൊളിച്ചത്. കെ.യു.ആര്‍.ഡി.എഫ്.സിയില്‍ നിന്നു ഏഴ് കോടി രൂപ വായ്പ എടുത്ത് 2016ലാണ് നിർമാണം ആരംഭിച്ചത്.

നിർമാണ രീതികളുടെ ഗുണനിലവാരം സംബന്ധിച്ച് തുടക്കം മുതലെ ആരോപണവും സജീവമായിരുന്നു. വിവാദത്തിലായ കെട്ടിടത്തിലെ കടമുറി കൈമാറ്റം സംബന്ധിച്ച് കഴിഞ്ഞ ദിവസം കൂടിയ കൗൺസിലും കൈയ്യാങ്കളിയിലാണ് കലാശിച്ചത്. ഇതിനിടയിലെ വിജിലൻസ് പരിശോധന ഭരണപക്ഷത്തെ വെട്ടിലാക്കിയിരിക്കുകയാണ്. 

Tags:    
News Summary - Kayamkulam Market Building Construction: Vigilance inspection found irregularities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.