കായംകുളം: നഗരവും ആറ് പഞ്ചായത്തുകളും ഉൾപ്പെടുന്ന നിയോജക മണ്ഡലത്തിൽ മത്സരം പ്രവചനാതീതമാണ്. ത്രികോണ മത്സര സാധ്യതയാണ് തെളിയുന്നത്. കഴിഞ്ഞ തദ്ദേശ-നിയമസഭ തെരഞ്ഞെടുപ്പുകളിൽ ശക്തമായ മുന്നേറ്റം കാഴ്ചവെച്ച എൽ.ഡി.എഫ് ലോക്സഭ മത്സരത്തിൽ നേരിട്ട തിരിച്ചടിയിൽ നിന്ന് കരകയറാനുള്ള പരിശ്രമത്തിലാണ്. ലോക്സഭയിൽ ഇടത് ശക്തികേന്ദ്രങ്ങളിൽ മുന്നിലെത്തിയത് നേട്ടമാക്കാനാണ് ബി.ജെ.പി നീക്കം.
പൊതുവിൽ മുന്നിലെത്താൻ കഴിഞ്ഞ ആത്മവിശ്വാസക്കരുത്തിലാണ് യു.ഡി.എഫും തന്ത്രങ്ങൾ ഒരുക്കുന്നത്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് 1400 ഓളം വോട്ടിന്റെ ലീഡാണ് നേടിയത്. നഗരത്തിലും ഭരണിക്കാവ്, കൃഷ്ണപുരം പഞ്ചായത്തുകളിലുമായിരുന്നു ഇവർ മുന്നേറിയത്. ഇടത് ഭരണത്തിലുള്ള നഗരത്തിൽ മാത്രം നാലായിരം വോട്ടിന്റെ മുന്നേറ്റം സൃഷ്ടിച്ചിരുന്നു. ഇടത് ശക്തികേന്ദ്രങ്ങളായ പത്തിയൂർ, ചെട്ടികുളങ്ങര, ദേവികുളങ്ങര എന്നിവിടങ്ങളിയി ആയിരം വീതം വോട്ടിന്റെയും യു.ഡി.എഫ് ഭരിക്കുന്ന കണ്ടല്ലൂരിൽ 500 വോട്ടിന്റെയും മുന്നേറ്റം ബി.ജെ.പി നടത്തിയത് ഇരുമുന്നണികളെയും ഞെട്ടിക്കുന്നതായി.
ശക്തരായ സ്വതന്ത്രരും ചെറു രാഷ്ട്രീയ പ്രസ്ഥാനങ്ങളും പല വാർഡുകളിലും പ്രധാന മുന്നണി സ്ഥാനാർത്ഥികൾക്ക് ഭീഷണിയാണ്. വാർഡ് ഘടനയിലെ മാറ്റം വിജയസാധ്യതകളെ മാറ്റിമറിക്കുന്ന സ്ഥിതിയിലാണ്. നഗരസഭയിലും പഞ്ചായത്തുകളിലും സംഭവിച്ച വാർഡ് വർധനവിന് ആനുപാതികമായ അവകാശവാദം സീറ്റ് ചർച്ചയെ ഇരുപക്ഷത്തെയും ബാധിച്ചു. ഇതാണ് മിക്കയിടത്തും സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നതിന് കാരണമായി. കൃഷ്ണപുരം, കണ്ടല്ലൂർ പഞ്ചായത്തുകളിൽ യു.ഡി.എഫും കായംകുളം നഗരസഭ, ദേവികുളങ്ങര, പത്തിയൂർ, ചെട്ടികുളങ്ങര, ഭരണിക്കാവ് പഞ്ചായത്തുകൾ ഇടതുപക്ഷവുമാണ് ഭരിക്കുന്നത്.
കായംകുളം നഗരസഭ
ഇടത്-യു.ഡി.എഫ് മുന്നണികൾ മാറി മാറി ഭരിച്ചിട്ടുള്ള നഗരത്തിൽ യു.ഡി.എഫിന് നേരിയ മുൻതൂക്കമുണ്ടെങ്കിലും പാളയത്തിലെ പട കാരണമാണ് പലപ്പോഴും അധികാരം നഷ്ടമായിട്ടുള്ളത്. ഇത്തവണ ചെയർമാൻ സ്ഥാനം സംവരണമായതിനാൽ മുഖ്യസ്ഥാനം സ്വന്തമാക്കാനായി മറ്റുള്ളവരെ കാലുവാരുന്നത് ഒഴിവാകുമെന്നാണ് പറയുന്നത്. ഇതോടൊപ്പം ലോക്സഭ തെരഞ്ഞെടുപ്പിലെ ശക്തമായ തിരിച്ചുവരവ് യു.ഡി.എഫ് ക്യാമ്പിന് ആത്മവിശ്വാസം പകരുന്നു. എന്നാൽ യു.ഡി.എഫിലെ പതിവ് തർക്കങ്ങളും വാർഡുഘടനയുടെ മാറ്റവും ഇടത് ക്യാമ്പിന് ഭരണ തുടർച്ചയുടെ പ്രതീക്ഷ നൽകുന്നു. ഇതോടൊപ്പം സ്ഥാനാർഥി മികവും അനുകൂലമാകുമെന്നാണ് പ്രതീക്ഷ. ത്രികോണ മത്സര സാധ്യത സൃഷ്ടിക്കുന്ന ബി.ജെ.പി ചില വാർഡുകളിൽ നടത്തുന്ന മുന്നേറ്റം പ്രധാന മുന്നണികളെ ബാധിക്കും.
കൃഷ്ണപുരം
നിലവിൽ കോൺഗ്രസിന്റെ കൈവശമുള്ള പഞ്ചായത്ത് തിരികെ പിടിക്കാനുള്ള നീക്കമാണ് ഇടതുപക്ഷം നടത്തുന്നത്. എന്നാൽ ബി.ജെ.പിയുടെ സാനിധ്യം മുന്നണികളുടെ പ്രതീക്ഷകളെ ബാധിക്കുന്നു.
ഒരു വാർഡിന്റെ വർധനവുണ്ടായ ഇവിടെ പ്രസിഡന്റ് സ്ഥാനം വനിത സംവരണമായി. യു.ഡി.എഫിൽ 18 വാർഡിലും കോൺഗ്രസാണ് മത്സരിക്കുന്നത്. ലീഗിനെ അവഗണിച്ചത് മുന്നണിക്കുള്ളിൽ അസ്വാരസ്യത്തിന് കാരണമാണ്. എൽ.ഡി.എഫിൽ സി.പി.എം 14 ലും സി.പി.ഐ നാലിടത്തും മത്സരിക്കുന്നു.
ദേവികുളങ്ങര
ഇടതുഭരണത്തിലുള്ള ദേവികുളങ്ങരയിൽ പ്രതാപം വീണ്ടെടുക്കാനുള്ള ഇടപെടലാണ് യു.ഡി.എഫ് നടത്തുന്നത്. ഇവിടെയും ബി.ജെ.പി സാന്നിധ്യമാണ് മുന്നണികളുടെ സാധ്യതകൾക്ക് വിലങ്ങുതടിയാകുന്നത്. പ്രസിഡന്റ് സ്ഥാനം വനിത സംവരണമാണ്. ഒരു വാർഡ് വർധിച്ച ഇവിടെ സി.പി.എം 12, സി.പി.ഐ മൂന്ന്, കേരള കോൺഗ്രസ് ഒന്ന് എന്ന തരത്തിലാണ് ഇടതുമുന്നണി മത്സരിക്കുന്നത്. യു.ഡി.എഫിൽ കോൺഗ്രസാണ് 16 വാർഡിലും മത്സരിക്കുന്നത്.
കണ്ടല്ലൂർ
യു.ഡി.എഫിന് മുൻതൂക്കമുള്ള പഞ്ചായത്ത് ഭരണം തിരികെ പിടിക്കാനുള്ള പ്രവർത്തനമാണ് എൽ.ഡി.എഫ് നടത്തുന്നത്. പ്രസിഡന്റ് സ്ഥാനം ജനറലായതോടെ മത്സര വാശി വർധിച്ചിട്ടുണ്ട്. പ്രാദേശിക വിഷയങ്ങൾ നിരവധിയുള്ള ഇവിടെ ബി.ജെ.പി സാന്നിധ്യം മുന്നണികളെ ബാധിക്കും. യു.ഡി.എഫിൽ കോൺഗ്രസാണ് 15 വാർഡിലും മത്സരിക്കുന്നത്. എൽ.ഡി.എഫിൽ സി.പി.എം 13 ലും സി.പി.ഐ രണ്ട് വാർഡിലും മത്സരിക്കുന്നു.
പത്തിയൂർ
പഞ്ചായത്ത് രൂപവത്കരണ കാലം മുതൽ ഇടതോരം ചേർന്നുനിന്ന പഞ്ചായത്തിലെ ഇത്തവണത്തെ മത്സരം പ്രവചനാതീതമാണ്. ലോക്സഭ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയും ബി.ജെ.പിയുടെ മുന്നേറ്റവുമാണ് ഇടതുക്യാമ്പിനെ അലോസരപ്പെടുത്തുന്നത്. സംഘടന മികവിൽ വീഴ്ചകൾ പരിഹരിച്ച് ഭരണത്തിൽ തുടരാമെന്നാണ് ഇവരുടെ പ്രതീക്ഷ. എന്നാൽ മതേതര മനസ്സുകളെ കോർത്തിണക്കി ശക്തമായ മുന്നേറ്റം നടത്താനുള്ള ഇടപെടലാണ് കോൺഗ്രസ് നടത്തുന്നത്. ഇതിനായി സ്ഥാനാർഥികളെ നേരത്തെ തന്നെ ഇവർ കളത്തിലിറക്കിയിരുന്നു. അതേസമയം ബി.ജെ.പി പ്രത്യേക ഊന്നൽ നൽകിയ പഞ്ചായത്ത് എന്നത് ശക്തമായ ത്രികോണ മത്സര സാധ്യത സൃഷ്ടിക്കും.
ഭരണിക്കാവ്
കഴിഞ്ഞ കാൽനൂറ്റാണ്ടായി ഇടതുപക്ഷം കുത്തകയാക്കിയ പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം ജനറലായതോടെ മത്സരത്തിന് വീറും വാശിയും ഏറും. ലോക്സഭ തെരഞ്ഞെടുപ്പിലെ മുന്നേറ്റത്തിലാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. എന്നാൽ ഭരണം കൈവിടാതിരിക്കാനുള്ള കരുതലുമായാണ് ഇടതുപക്ഷം കളം നിറയുന്നത്.
ബി.ജെ.പിയുടെ സാനിധ്യം മുന്നണികളുടെ സാധ്യതകളെ ബാധിക്കുമെന്നാണ് ഉറപ്പാണ്. ഇത്തവണ ഒരു വാർഡിന്റെ വർധനവുണ്ടായി. 22 വർഡിൽ സി.പി.എം 20 വാർഡിലും സി.പി.ഐ-എൻ.സി.പി കക്ഷികൾ ഒന്ന് വീതവും യു.ഡി.എഫിൽ കോൺഗ്രസ് 21 ലും കേരള കോൺഗ്രസ് ഒരു വാർഡിലും മത്സരിക്കുന്നു.
ചെട്ടികുളങ്ങര
എക്കാലവും ഇടതുപക്ഷത്തിന് ഒപ്പം നിന്നിട്ടുള്ള പഞ്ചായത്തിന്റെ സി.പി.എം അടിത്തറ തകർക്കാൻ ബി.ജെ.പി നടത്തുന്ന നീക്കങ്ങളാണ് ഇവിടുത്തെ പ്രത്യേകത. ലോക്സഭയിൽ നേടിയ മുൻതൂക്കം അനുകൂലമാക്കാൻ ബി.ജെ.പിയും പ്രതിരോധിക്കാൻ സകല സംഘടന ശേഷിയുമായി ഇടതും കളത്തിലിറങ്ങിയതോടെ മത്സര വാശിയും വർധിച്ചിട്ടുണ്ട്. ദുർബ്ബലമായ സംഘടന സംവിധാനമുള്ള കോൺഗ്രസ് നില മെച്ചപ്പെടുത്താനുള്ള പരിശ്രമത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.