കാ​യം​കു​ള​ം കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ

കായംകുളം കെ.എസ്.ആർ.ടി.സി ഡിപ്പോ ഓർമയായി; ഇനി ഓപറേറ്റിങ് സെന്‍റർ

കായംകുളം: മധ്യതിരുവിതാംകൂറി‍െൻറ വാണിജ്യനഗരമായ കായംകുളത്തി‍െൻറ പ്രതാപത്തി‍െൻറ അടയാളമായിരുന്ന കെ.എസ്.ആർ.ടി.സി ഡിപ്പോ അടച്ചുപൂട്ടി. സംസ്ഥാനത്തെ തുടക്ക ഡിപ്പോകളിൽ ഒന്നാണ് ഓപറേറ്റിങ് സെൻററായി തരംതാഴ്ത്തിയത്. നൂറുകണക്കിന് സർവിസുകളും ഇതി‍െൻറ അഞ്ചിരട്ടി ജീവനക്കാരും പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിൽ ഇനി മുതൽ മൂന്ന് പേർ മാത്രമാണുണ്ടാകുക. നിലവിലുണ്ടായിരുന്ന ജീവനക്കാരെ ഹരിപ്പാട് സെന്‍ററിലേക്കാണ് അറ്റാച്ച് ചെയ്തത്. കായംകുളം ഓഫിസിലെ മുഴുവൻ ഫയലുകളും ആലപ്പുഴക്കും മാറ്റി.കോവിഡ് കാലത്ത് ഗ്രാമീണവഴികളിൽനിന്ന് ബസുകൾ പിൻവലിച്ചാണ് പരിഷ്കരണത്തിന് തുടക്കം കുറിച്ചത്.

യാത്രക്കാർ കുറവാണെന്ന കാരണത്താലാണ് സർവിസുകൾ റദ്ദാക്കിയത്. പിന്നീട് യാത്രക്കാർ വർധിച്ചെങ്കിലും പുനരാരംഭിച്ചില്ല. ബസുകളിൽ ഭൂരിപക്ഷവും നേരത്തേ തന്നെ പിൻവലിക്കുകയും ഡ്രൈവർമാരെയും കണ്ടക്ടർമാരെയും വ്യാപകമായ തോതിൽ മറ്റ് ഡിപ്പോകളിലേക്ക് മാറ്റുകയും ചെയ്തിരുന്നു. 77 ബസ് സർവിസുകളും നൂറുകണക്കിന് സ്ഥിരം ജീവനക്കാരും താൽക്കാലിക ജീവനക്കാരുമാണ് കോവിഡ് കാലത്തിന് മുമ്പ് ഇവിടെയുണ്ടായിരുന്നത്.

വർക്ക്ഷോപ്പും കാര്യക്ഷമമായിരുന്നു. കോവിഡ് കാലത്തെ പരിഷ്കരണ ഭാഗമായി സ്ഥിരം ജീവനക്കാരുടെ എണ്ണം 283 ആയും താൽക്കാലികക്കാർ പത്തായും ചുരുക്കിയിരുന്നു. ഇവരെയാണ് പല ഭാഗങ്ങളിലേക്ക് വിന്യസിച്ച് മൂന്നുപേരിൽ ചുരുക്കുന്നത്. അന്തർസർവിസുകളും ഗണ്യമായി കുറഞ്ഞു. ജീവനക്കാരുടെ എണ്ണവും സർവിസുകളും കുറഞ്ഞതോടെ ഗ്രാമീണ റോഡുകളായ മുതുകുളം, അമൃതസേതു, വള്ളിക്കാവ്, പത്തിയൂർ, ഏവൂർ-മുട്ടം, താമരക്കുളം, ചൂനാട്, പാവുമ്പ, അഴീക്കൽ, ആറാട്ടുപുഴ എന്നിവിടങ്ങളിലേക്ക് നടത്തിയിരുന്ന സർവിസുകൾ മിക്കതും ഇല്ലാതായി.

1964ലാണ് നിലവിലുള്ള സ്ഥലത്ത് ഡിപ്പോയുടെ പ്രവർത്തനം തുടങ്ങുന്നത്. ബസ് സ്റ്റേഷ‍െൻറ മൂന്ന് ഭാഗത്ത് കൂടിയും പ്രധാന റോഡുകളാണ് കടന്നുപോകുന്നത്. മൾട്ടി ഷോപ്പിങ് കോംപ്ലക്സിനുള്ള സാധ്യത അട്ടിമറിക്കപ്പെടുകയായിരുന്നു. ബസ് സർവിസിനെക്കാൾ കൂടുതൽ വരുമാനം ലഭിക്കുന്ന പദ്ധതിയായിട്ടും നടപ്പാക്കിയില്ല. മാനേജിങ് ഡയറക്ടറുടെ സ്വന്തം നാട്ടിലെ ബസ് സ്റ്റേഷനെ തരംതാഴ്ത്തിയതിനെതിരെ വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധം ഉയരുമെന്നാണ് സൂചന.

Tags:    
News Summary - Kayamkulam KSRTC Depo Now the operating center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.