കായംകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ

കോവിഡിന്‍റെ മറവിൽ കായംകുളം കെ.എസ്.ആർ.ടി.സി ഡിപ്പോ അടച്ചുപൂട്ടുന്നു

കായംകുളം: കെ.എസ്.ആർ.ടി.സിയുടെ തുടക്ക ഡിപ്പോകളിൽ ഒന്നായിരുന്ന കായംകുളം സെൻററിനെ കോവിഡ് മറയാക്കി അടച്ചുപൂട്ടാനുള്ള അണിയറ നീക്കം സജീവമാകുന്നു. സർവിസുകളും ജീവനക്കാരെയും കുറച്ചുകൊണ്ട് ഒാപ്പറേറ്റിങ് സെൻററായി തരംതാഴ്ത്താനുള്ള നീക്കം പ്രതിഷേധത്തിന് വഴിതെളിക്കുകയാണ്.

കോവിഡ് കാലത്തിന് മുമ്പ് സൂപ്പർ ഫാസ്റ്റും ഫാസ്റ്റും അടക്കം 68 സർവീസുകൾ ഒാപ്പറേറ്റ് ചെയ്തിരുന്ന ഡിപ്പോയിൽ നിലവിൽ 30 സർവീസുകൾ മാത്രമാണുള്ളത്. ഗ്രാമീണ സർവീസുകൾ നിർത്തലാക്കിയതോടെയാണ് എണ്ണത്തിൽ കാര്യമായ കുറവ് വന്നത്. കോവിഡ് ഇളവുകളോടെ ഗ്രാമീണ വഴികളിൽ യാത്രക്കാരുടെ എണ്ണം വർധിച്ചെങ്കിലും സർവീസ് പുനരാരംഭിക്കാതിരിക്കുന്നതും അടച്ചുപൂട്ടലിന്‍റെ ഭാഗമാണെന്ന് ചൂണ്ടികാണിക്കുന്നു.

72 ബസുകളിൽ 40 ഒാളം ഇതിനോടകം പിൻവലിച്ച് കഴിഞ്ഞു. ഡ്രൈവർമാരെയും കണ്ടക്ടർമാരെയും വ്യാപകമായ തോതിൽ മറ്റ് ഡിപ്പോകളിലേക്ക് മാറ്റുകയാണ്. ഇത് സർവീസുകളെ ബാധിച്ച പശ്ചാത്തലത്തിൽ ഒറ്റയടിക്ക് 54 കണ്ടക്ടർമാരെ കഴിഞ്ഞ ദിവസം മാറ്റിയതും സ്ഥിതി ഗുരുതരമാക്കുന്നു. രണ്ട് കണ്ട്കർമാരെ വീതം കോഴിക്കോട്, പൊന്നാനി, എന്നിവിടങ്ങളിലേക്കും ഏഴ് പേരെ തലശേരിയിലേക്കും പത്ത് പേരെ വീതം  തിരുവമ്പാടിയിലേക്കും ഹരിപ്പാടിനും 13 പേരെ മാവേലിക്കരക്കും ആറ് പേരെ വടകരക്കും നാല് പേരെ തൊട്ടിൽപ്പാലത്തേക്കുമാണ് മാറ്റിയത്. ഇത്രയധികം ജീവനക്കാരെ ഒറ്റയടിക്ക് മാറ്റിയത് ഡിപ്പോയുടെ നിലനിൽപ്പിന് കടുത്ത ഭീഷണിയാകുകയാണ്.

സമീപ ഡിപ്പോകളിൽ കോവിഡിന് മുമ്പുണ്ടായിരുന്ന സ്ഥിതി അതേ തരത്തിൽ പുനസ്ഥാപിച്ചപ്പോഴാണ് കായംകുളത്തോടുള്ള അവഗണനയെന്നതും ശ്രദ്ധേയമാണ്. ജീവനക്കാരുടെ എണ്ണവും സർവീസുകളും കുറഞ്ഞതോടെ ഗ്രാമീണ റോഡുകളായ മുതുകുളം, അമൃതസേതു, വള്ളിക്കാവ്, പത്തിയൂർ, ഏവൂർ-മുട്ടം, താമരക്കുളം, ചൂനാട്, പാവുമ്പ, അഴീക്കൽ, ആറാട്ടുപുഴ എന്നിവിടങ്ങളിലേക്ക് നടത്തിയിരുന്ന സർവീസുകൾ പൂർണമായും പിൻവലിക്കും. പുതിയ പരിഷ്കരണങ്ങളുടെ ഭാഗമായി ഒാപ്പറേറ്റിംഗ് സെൻററുകളായി ഡിപ്പോകളെ തരംതാഴ്ത്തുന്നതിനുള്ള നടപടികളുടെ ഭാഗമാണിതെന്നാണ് ആക്ഷേപം. ഇതിന്‍റെ ഭാഗമായി നൂറോളം ബസുകൾ ആക്രി സ്വഭാവത്തിൽ കട്ടപ്പുറത്തേക്ക് തന്നെ മാറ്റിയിട്ടുണ്ട്.

സർവീസുകളുടെ എണ്ണം കുറഞ്ഞതോടെ വർക്ഷോപ്പും ഇല്ലാതാകുമെന്നും ചൂണ്ടികാണിക്കുന്നു. 29 മെക്കാനിക്കുകളെ 13 ആയി കുറക്കും. വരുന്ന ബസുകളുടെ അത്യവശ്യ മെയിൻറനൻസ് മാത്രമാണ് ഇവിടെ നടക്കുക. അധികമുള്ള ജീവനക്കാരെ മറ്റ് വകുപ്പുകളിലേക്ക് മാറ്റുമെന്നും പറയുന്നു. എ.ടി.ഒ, വെഹിക്കിൾ സൂപ്പർ സൂപ്പർ വൈസർ, സ്റ്റേഷൻ മാസ്റ്റർ തുടങ്ങിയ തസ്തികകൾ ഇല്ലാതാകും. ഇതിന് മുന്നോടിയായി ഡിപ്പോ എൻജിനിയർ തസ്തിക കഴിഞ്ഞ ദിവസമാണ് ഇല്ലാതാക്കിയത്. ദേശീയപാതയോട് ചേർന്നുകിടക്കുന്ന സ്റ്റേഷൻ എന്ന നിലയിലുള്ള വികസന സാധ്യതകളെ പൂർണമയും ഇല്ലാതാക്കുന്ന നടപടി ചർച്ചയാകുകയാണ്. 

Tags:    
News Summary - kayamkulam bus station to stop operation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.