കായംകുളം: പ്രധാന വാണിജ്യ കേന്ദ്രമായ കായംകുളത്തെ ദേശീയപാത വികസന ഭാഗമായി കോട്ട കെട്ടി തിരിക്കുന്നതിനെതിരെ നഗരസഭയും രംഗത്ത്. തൂണുകളിലെ ഉയരപ്പാത സ്ഥാപിച്ച് പട്ടണത്തെ സംരക്ഷിക്കണമെന്ന് നഗരസഭ കൗൺസിൽ അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. ചരിത്രവും പാരമ്പര്യവുമുള്ള പട്ടണത്തെ രണ്ടായി വിഭജിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.
കിഴക്കും പടിഞ്ഞാറുമായി സ്ഥിതി ചെയ്യുന്ന നഗരത്തിൽ ദേശീയപാതയുടെ കിഴക്കുവശമാണ് പ്രധാന ഓഫീസുകളും സ്ഥാപനങ്ങളും. നഗരസഭ, കോടതി, താലൂക്ക് ആശുപത്രി, കെ.എസ്.ആർ.ടി.സി, സ്വകാര്യ സ്റ്റാൻഡ്, സസ്യ-മത്സ്യ മാർക്കറ്റ്, പൊലീസ് സ്റ്റേഷൻ, കോളജ് അടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഐ.ടി.ഐ, റെയിൽവേ സ്റ്റേഷൻ തുടങ്ങി ജനങ്ങളുടെ നിത്യ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം തടയുന്ന വിധമുള്ള വികസനം ജനദ്രോഹപരമാണ്.
പാതയുടെ പടിഞ്ഞാറ് ഭാഗത്തുള്ളവർക്കും കണ്ടല്ലൂർ, ദേവികുളങ്ങര, ആറാട്ടുപുഴ പഞ്ചായത്ത് പ്രദേശങ്ങളിലെയും ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുന്ന വികസനം അംഗീകരിക്കാനാവില്ല.
തുടർച്ചയായ കടൽക്ഷോഭങ്ങൾ പോലുള്ള വിഷയങ്ങളില്‍ കടലോര നിവാസികൾ ഏറെ ആശ്രയിക്കുന്നത് കായംകുളത്തെ ആശുപത്രികളെയാണെന്നതും ഗൗരവത്തിൽ പരിഗണിക്കപ്പെടേണ്ട വിഷയമാണ്. ജനങ്ങൾ ആശ്രയിക്കുന്ന നിരവധി സ്ഥാപനങ്ങൾ പടിഞ്ഞാറെ കരയിലും പ്രവർത്തിക്കുന്നു.
ഈ സാഹചര്യത്തിൽ അശാസ്ത്രീയ നിർമാണം ഒഴിവാക്കി ഷഹീദാർ മസ്ജിദ് മുതൽ ടെക്സമോ ജംങ്ഷൻ വരെ തൂണുകളിലെ ഉയരപ്പാത നിർമിച്ച് ജനങ്ങളുടെ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.
ചെയർപേഴ്സൻ പി. ശശികല അവതരിപ്പിച്ച പ്രമേയത്തെ വൈസ് ചെയർമാൻ ജെ. ആദർശ് പിന്തുണച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.