കായംകുളം: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ പിടിയിലായ ദിവസം തന്നെ പ്രതിയെ കസ്റ്റഡിയിൽ കിട്ടി പൊലീസ്. എസ്.എഫ്.ഐ മുൻ ഏരിയ സെക്രട്ടറിയും ജില്ല കമ്മിറ്റി അംഗവുമായിരുന്ന കായംകുളം മാർക്കറ്റിൽ കിളിലേത്ത് വീട്ടിൽ നിഖിൽ തോമസിൽ (23) നിന്ന് വ്യാജ സർട്ടിഫിക്കറ്റ് മാഫിയയുടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഏഴു ദിവസമാണ് കസ്റ്റഡിയിൽ കിട്ടിയിരിക്കുന്നത്. 27ന് ജാമ്യാപേക്ഷ വെച്ചിട്ടുണ്ടെങ്കിലും കസ്റ്റഡിയിലായതിനാൽ പരിഗണിക്കാൻ സാധ്യതയില്ല.
കഴിഞ്ഞ തിങ്കളാഴ്ച ഒളിവിൽ പോയ നിഖിലിനെ അഞ്ചാമത്തെ ദിവസമാണ് പിടികൂടാനായത്. കോഴിക്കോട് ബസ്സ്റ്റാൻഡിലാണ് ഈ ദിവസങ്ങളിൽ കഴിഞ്ഞതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ഇത് ശരിയാണോയെന്ന് അന്വേഷിക്കാൻ ഹരിപ്പാട് സി.ഐ വി.എസ്. ശ്യാംകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അവിടെ എത്തിയിട്ടുണ്ട്. സി.സി ടി.വി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് ഇതിൽ വ്യക്തത വരുത്തും.
ഇതിനിടെ കേസിൽ നിർണായക വിവരങ്ങൾ ലഭിക്കാൻ സാധ്യതയുള്ള മൊബൈൽ ഫോൺ കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. യാത്രക്കിടെ ഫോൺ നശിപ്പിച്ചെന്നാണ് നിഖിൽ പറയുന്നത്. ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല.
വെള്ളിയാഴ്ച രാത്രി 7.30ന് കിട്ടിയ രഹസ്യവിവരമാണ് പ്രതിയിലേക്ക് എത്താൻ സഹായിച്ചതെന്ന് ഡിവൈ.എസ്.പി ജി. അജയനാഥും സി.ഐ മുഹമ്മദ് ഷാഫിയും പറഞ്ഞു. ഉടൻ തന്നെ മറ്റ് സ്ഥലങ്ങളിലായിരുന്ന അന്വേഷണ സംഘങ്ങളെ എം.സി റോഡിലേക്ക് വിന്യസിക്കുകയായിരുന്നു. ഈ വഴിയുള്ള എല്ലാ കെ.എസ്.ആർ.ടി.സി ബസുകളും കോട്ടയം, തിരുവല്ല, അടൂർ ഭാഗങ്ങളിലായി സംഘം പരിശോധിച്ചു. ഒരു മണിയോടെ കോട്ടയത്തുവെച്ച് പിടിവീണു. തുടർന്ന് ഒരെതിർപ്പുമില്ലാതെ പൊലീസിനോട് സഹകരിക്കുകയായിരുന്നു.
ഒളിവിൽ പോകുമ്പോഴുണ്ടായിരുന്ന 5000 രൂപ തീരാറായതോടെയാണ് ഇയാൾ കൊട്ടാരക്കരക്ക് ബസ് കയറിയതെന്നാണ് പറഞ്ഞത്. രാത്രിയിൽ അടൂരിൽ സ്റ്റോപ് ഇല്ലാത്തതിനാലാണ് കൊട്ടാരക്കരക്ക് ടിക്കറ്റ് എടുത്തതെന്നും മൊഴി നൽകി. മൊബൈൽ ഓഫായതിനാൽ ആരെയും ബന്ധപ്പെടാൻ കഴിയാതിരുന്നതും സഹായങ്ങൾക്ക് തടസ്സമായി. എസ്.എഫ്.ഐയിൽ തന്റെ നേതാവായിരുന്ന അബിൻ സി. രാജാണ് സർട്ടിഫിക്കറ്റ് തയാറാക്കി നൽകിയതെന്നാണ് മൊഴി. നിലവിൽ മാലിയിലുള്ള ഇയാൾ വിപുലമായ ശൃംഖലയുടെ ഭാഗമാണെന്നാണ് പ്രാഥമിക നിഗമനം. പ്രതി ചേർത്തതോടെ ഇയാളെ എംബസി മുഖാന്തരം നാട്ടിലെത്തിക്കാനുള്ള നടപടികൾക്ക് പൊലീസ് തുടക്കം കുറിച്ചിട്ടുണ്ട്. ബി.എ, എം.എ വിഷയങ്ങൾക്ക് തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിൽ പഠിച്ച അബിന്റെ മറ്റ് ബന്ധങ്ങളും പൊലീസ് അന്വേഷണ വിധേയമാക്കും. ഇതിലേക്ക് നയിക്കുന്ന വിവരങ്ങൾ കസ്റ്റഡിയിലുള്ള നിഖിലിൽനിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതിനിടെ ഞായറാഴ്ച ചോദ്യം ചെയ്യലിന് വിധേയനാക്കുന്ന നിഖിലിനെ തിങ്കളാഴ്ച എം.എസ്.എം കോളജിലും തുടർന്ന് കേരള സർവകലാശാല ആസ്ഥാനത്ത് അടക്കവും എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.