കുടുംബശ്രീ മിഷൻ അലക്ഷ്യമായി തയാറാക്കിയ ദേശീയപതാക

ദേശീയപതാക തയാറാക്കിയതിൽ പാകപ്പിഴ; പുതിയത് വാങ്ങാൻ നെട്ടോട്ടം

കായംകുളം: സ്വാതന്ത്ര്യത്തിന്‍റെ അമൃത മഹോത്സവത്തിനായി ദേശീയപതാക തയാറാക്കിയതിൽ പാകപ്പിഴ. പതാകകൾ ഉപയോഗിക്കാൻ കഴിയാതായതോടെ പുതിയത് വാങ്ങാൻ തദ്ദേശ സ്ഥാപനങ്ങൾ നെട്ടോട്ടത്തിലാണ്. തപാൽ ഓഫിസുകളിലൂടെ കേന്ദ്രം വിതരണം ചെയ്ത പതാകകളും സമാന അവസ്ഥയിലുള്ളതാണെന്ന പരാതി ഉയർന്നിട്ടുണ്ട്. വെള്ളയിൽ മധ്യഭാഗത്ത് വരേണ്ട അശോകചക്രം വശങ്ങളിലേക്ക് മാറിയ നിലയിലാണ് തപാൽ ഓഫിസുകളിൽനിന്ന് നൽകുന്നത്. കുടുംബശ്രീ മിഷൻ തയാറാക്കിയതിലും നിരുത്തരവാദിത്തം നിഴലിച്ച് നിൽക്കുകയാണ്.

അളവും വൃത്തിയും പാലിക്കാതെ തോന്നിയ നിലയിലാണ് പതാകകൾ തുന്നിയിരിക്കുന്നത്. കായംകുളം നഗരസഭയിൽ എത്തിച്ച മൂവായിരത്തോളം പതാകകൾ മാനദണ്ഡം പാലിക്കാത്തതിന്നാൽ വിതരണം ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. ഇതു നഗരത്തിലെ അമൃത് മഹോത്സവ ആഘോഷത്തെ ബാധിച്ചിരിക്കുമെന്നായതോടെ പതാകക്കായി നഗരസഭ അധികൃതർ നെട്ടോട്ടത്തിലാണ്.

അതേസമയം, വെള്ളിയാഴ്ച സ്കൂളുകളിലൂടെ പതാകകൾ വാങ്ങാൻ കാത്തിരുന്ന കുട്ടികൾ നിരാശരായാണ് മടങ്ങിയത്. ശനിയാഴ്ച മുതൽ പതാക ഉയർത്താനാവാത്ത സ്ഥിതിയാണ്. ഇതിനിടെ വിഷയത്തിൽ ക്ഷമ ചോദിച്ചുള്ള നഗരസഭ കുടുംബശ്രീ ഭാരവാഹിയുടെ ശബ്ദ സന്ദേശവും വൈറലായി.

അബദ്ധം പറ്റി, അയൽക്കൂട്ടം ഭാരവാഹികൾ ക്ഷമിക്കണം, ജില്ല മിഷൻ നൽകിയ ഒറ്റ പതാകയും ഉപയോഗിക്കാൻ കഴിയില്ല. കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടും ബദൽ സൗകര്യം ഒരുക്കാനായില്ല. പുറത്ത് മൂന്നിരട്ടി വിലയായതിനാൽ വാങ്ങനാവില്ല. തന്ന പണം ബാങ്കിലാണ്, അടുത്ത പ്രവൃത്തി ദിവസം മടക്കി നൽകാമെന്നാണ് കുടുംബശ്രീ ഭാരവാഹിയുടെ ഉറപ്പ്.

അതേസമയം, ദേശീയപതാക നിർമാണത്തിലുണ്ടായ അനാസ്ഥയും അപാകതയും അന്വേഷിക്കണമെന്ന ആവശ്യവുമായി വിവിധ സംഘടനകളും രംഗത്തുവന്നു. പരിചയമില്ലാത്തവരെക്കൊണ്ട് അലക്ഷ്യമായി തുന്നിച്ചതാണ് പ്രശ്നമായതെന്നാണ് പറയുന്നത്. ഫ്ലാഗ് കോഡിൽ ഗുരുതര പിഴവുകൾ വരുത്തിയത് ഗൗരവമായി കാണണമെന്നാണ് ആവശ്യം.

Tags:    
News Summary - error in preparation of national flag

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.