സ്വന്തമായി നിർമിച്ച ഇലക്ട്രിക് സൈക്കിളുമായി നാദിം
കായംകുളം: കൃഷ്ണപുരം ടെക്നിക്കൽ സ്കൂളിൽ എത്തിയ ദിവസംതന്നെ നാദിം ചിന്തിച്ചത് സുഗമമായ യാത്രയിലൂടെ എങ്ങനെ ഇവിടെ എത്താമെന്നതായിരുന്നു. സ്കൂളിന്റെ പടിയിറങ്ങുന്ന വർഷം തന്റെ സ്വപ്നം സഫലമാക്കി താരമായിരിക്കുകയാണ് ഈ കൊച്ചുമിടുക്കൻ. ചവിട്ടിക്കുഴയാതെ ഓടിച്ച് എത്താൻ കഴിയുന്ന സൈക്കിൾ സ്വന്തമായി നിർമിച്ചെടുത്താണ് നാദിം തന്റെ മോഹം സഫലമാക്കിയത്.
വേനലവധിക്കാലത്ത് വീട്ടിൽനിന്ന് പുറത്തിറങ്ങാതെയുള്ള കഠിനാധ്വാനത്തിലൂടെയാണ് എരുവ വേലൻപറമ്പിൽ നിസയുടെ മകൻ നാദിം (15) തന്റെ സ്വപ്നം സഫലമാക്കിയത്. സൈക്കിളിന്റെ ചട്ടക്കൂടിൽ ലൂണ സ്കൂട്ടറിന്റെ ടയർ ഘടിപ്പിച്ചാണ് നാദിം ഇലക്ട്രിക് സൈക്കിൾ നിർമിച്ചെടുത്തത്. 30,000 രൂപ ചെലവിൽ 20 ദിവസത്തെ കഠിനധ്വാനത്തിലൂടെയാണ് സൈക്കിൾ പുറത്തിറക്കിയത്. ഇതിനായി ബാറ്ററിയിൽ പ്രവർത്തിക്കുന്ന എൻജിൻ ഓൺലൈനിലൂടെ സ്വന്തമാക്കി. സ്ക്വയർ ട്യൂബ് ഉപയോഗിച്ചാണ് ഓരോ ഭാഗങ്ങളും കൂട്ടിയോജിപ്പിച്ചത്. വെൽഡിങ് മെഷീൻ വാടകക്കെടുത്ത് ഈ പ്രവൃത്തിയും നാദിം തന്നെ ചെയ്തു. ടെക്നിക്കൽ സ്കൂളിലെ പ്രവൃത്തിപരിചയം ഇതിന് സഹായകമായി. രണ്ട് മണിക്കൂർ ചാർജ് ചെയ്താൽ 25 കിലോമീറ്റർ വേഗത്തിൽ 20 കിലോമീറ്റർ സൈക്കിളിൽ സഞ്ചരിക്കാനാകും. നിസയുടെ പിതാവ് അബ്ദുൽ സലാമാണ് കൊച്ചുമകന്റെ സ്വപ്നം പൂവണിയിക്കാൻ പണം ചെലവഴിച്ചത്.
കൂടാതെ ഉപയോഗശൂന്യമായവ ഉപയോഗിച്ച് പുതിയ വസ്തുക്കൾ തയാറാക്കുന്നതിലും മിടുക്കനാണ് നാദിം. ബ്ലൂ ടൂത്ത് സ്പീക്കറും ആംപ്ലിഫയറും അടക്കം വീട്ടിനുള്ളിലെ പലതും നാദിമിന്റെ കരവിരുതിൽ രൂപംകൊണ്ടവയാണ്. ബൾബുകൾ, എമർജെൻസി ലൈറ്റ് എന്നിവ തയാറാക്കുന്നതിലും മിടുക്ക് കാണിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് തയാറാക്കിയ സാനിറ്റൈസർ മെഷീൻ ഏറെ ശ്രദ്ധനേടിയിരുന്നു. ഒറിജിലിനെ വെല്ലുന്ന തരത്തിൽ തയാറാക്കിയ ബസുകളുടെയും ലോറികളുടെയും മിനിയേച്ചറുകളും ശ്രദ്ധകവർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.